ഡെ വധം: മുഖ്യപ്രതി അറസ്റ്റില്‍

Sunday 3 July 2011 8:41 pm IST

മുംബൈ: മുംബൈയിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ ജ്യോതിര്‍മയി ഡെ വധക്കേസിലെ മുഖ്യപ്രതിയെന്ന്‌ സംശയിക്കപ്പെടുന്നയാള്‍ പോലീസിന്റെ പിടിയിലായതായി സൂചന. ജ്യോതിര്‍മയി ഡെയെ വധിക്കാനായി പണം മുടക്കിയതും ഇദ്ദേഹത്തെ ഷൂട്ടര്‍മാര്‍ക്ക്‌ കാട്ടിക്കൊടുത്തതുമായ വിനോദ്‌ ചെമ്പൂര്‍ എന്നയാളെയായാണ്‌ പോലീസ്‌ അറസ്റ്റുചെയ്തതെന്ന്‌ ടൈംസ്‌ നൗ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
അധോലോക നേതാവായ ഛോട്ടാരാജന്റെ അടുത്ത അനുയായിയായ ഡി.കെ. റാവുവിനെ ശനിയാഴ്ച മുംബൈ ക്രൈംബ്രാഞ്ച്‌ ചോദ്യംചെയ്തിരുന്നു. വിനോദ്‌ ചെമ്പൂരിനെ സംബന്ധിച്ച വിവരങ്ങള്‍ ഇയാള്‍ മുഖാന്തിരമാണ്‌ പോലീസിന്‌ ലഭ്യമായതെന്നാണ്‌ സൂചന. ഡേ വധക്കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ റാവുവില്‍നിന്നും ശേഖരിക്കാന്‍ കഴിയുമെന്നാണ്‌ ക്രൈംബ്രാഞ്ച്‌ പ്രതീക്ഷിക്കുന്നത്‌. ഛോട്ടാ രാജന്റെ ശക്തനായ എതിരാളി ഛോട്ടാ ഷക്കീലുമായി ഡേക്കുണ്ടായിരുന്ന ബന്ധമാണ്‌ കൊലപാതകത്തിന്‌ കാരണമായതെന്നാണ്‌ പോലീസ്‌ അനുമാനിക്കുന്നത്‌. കഴിഞ്ഞ മെയില്‍ നടത്തിയ പത്ത്‌ ദിവസത്തെ യൂറോപ്യന്‍ പര്യടനത്തിനിടയില്‍ ഡെ ഛോട്ടാ ഷക്കീല്‍ സംഘവുമായി കൂടുതല്‍ അടുത്തതായും റിപ്പോര്‍ട്ടുണ്ട്‌.
ഇതോടൊപ്പം ഛോട്ടാ രാജനെന്ന പേരില്‍ ഒരാള്‍ ഒരു പ്രമുഖ ന്യൂസ്‌ ചാനലിലേക്ക്‌ വിളിച്ച്‌ ഡെ പരിധികള്‍ ലംഘിച്ചതുകൊണ്ടാണ്‌ തനിക്കയാളെ കൊല്ലേണ്ടിവന്നതെന്ന്‌ അവകാശപ്പെട്ടിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ്‌ 2003 ല്‍ നാസിക്‌ ജയിലില്‍ നടന്ന കൊലപാതകമുള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയായ റാവുവിനെ ക്രൈംബ്രാഞ്ച്‌ കസ്റ്റഡിയിലെടുത്ത്‌ ചോദ്യംചെയ്തത്‌.
മലയാളിയായ ഷൂട്ടര്‍ രോഹിത്‌ തങ്കപ്പന്‍, രോഹിത്‌ ജോസഫെന്ന സതീഷ്‌ കാലിയ ഉള്‍പ്പെടെ ഏഴ്‌ പ്രതികളെ ഇതേ കേസില്‍ തിങ്കളാഴ്ച ക്രൈം ബ്രാഞ്ച്‌ അറസ്റ്റ്ചെയ്തിരുന്നു. ഡെയെ വധിക്കാനായി ഛോട്ടാ രാജന്‍ എനിക്ക്‌ അഞ്ച്‌ ലക്ഷം രൂപ തന്നിരുന്നുവെന്ന്‌ പോലീസിനോട്‌ വെളിപ്പെടുത്തിയിരുന്നു.