ബജറ്റ് വെറും പ്രകടന പത്രിക

Friday 12 February 2016 10:56 pm IST

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് പ്രഖ്യാപനങ്ങള്‍ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയായി മാറി. യാഥാര്‍ത്ഥ്യബോധമില്ലാത്ത, ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന തട്ടിപ്പ് പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ ബജറ്റ് പ്രസംഗത്തില്‍ അവതരിപ്പിച്ചത്. റവന്യൂ വരവ് 84092.61 കോടി രൂപയും റവന്യൂ ചെലവ് 93990.06 കോടി രൂപയും. റവന്യൂ കമ്മി 9897.45 കോടി രൂപയും അധിക വിഭവ സമാഹരണം 1.12 കോടിരൂപയും നികുതി ഇളവുകള്‍ 330.45 കോടി രൂപയും പ്രഖ്യാപിക്കുന്ന ബജറ്റാണ്. രണ്ടുമണിക്കൂര്‍ 54 മിനിട്ടെടുത്ത് ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചത്. എല്ലാ ബിപിഎല്‍, എഎവൈ കുടുംബങ്ങള്‍ക്കും സൗജന്യ അരി, 30 ലക്ഷം പേര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ, വിദ്യാഭ്യാസ വായ്പാ തിരിച്ചടവിന് ബൃഹത്തായ പദ്ധതി, പെന്‍ഷന്‍ വര്‍ദ്ധനവുകള്‍, 100 കോടി രൂപയുടെ കനിവ് പദ്ധതി, 17 സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതികള്‍ എന്നിങ്ങനെ ഒറ്റ നോട്ടത്തില്‍ സാധാരണക്കാരന്റെ കൈയ്യില്‍ പൊടിയിടുന്ന പ്രഖ്യാപനങ്ങള്‍ മാത്രം. പക്ഷെ ഒരു മാസത്തിനകം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കേ ഇതിലൊന്നുപോലും യാഥാര്‍ത്ഥ്യമാവില്ല എന്നതാണ് വസ്തുത. കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലെ പദ്ധതി വിഹിതത്തില്‍ വെറും 43 ശതമാനവും പദ്ധതിയേതര വിഹിതത്തില്‍ വെറും 55 ശതമാനവും ചെലവഴിച്ച ഒരു സര്‍ക്കാരിന് എങ്ങനെ പൊള്ളയായ അവകാശവാദങ്ങള്‍ നടപ്പാക്കാനാവുമെന്നാണ് ചോദ്യം. എല്ലാ ബിപിഎല്‍ എഎവൈ കുടുംബങ്ങള്‍ക്കും നിലവില്‍ ഒരു രൂപയ്ക്ക് റേഷന്‍കടകള്‍ വഴി നല്‍കുന്ന അരി സൗജന്യമാക്കുമെന്നാണ് സൗജന്യ അരി പ്രഖ്യാപനത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനായി വകയിരുത്തിയിരിക്കുന്നതാകട്ടെ വെറും 55 കോടി രൂപയും. പ്രഖ്യാപനം നടപ്പിലാവില്ലെന്ന് വ്യക്തം. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ വെറും പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ബജറ്റിലെ പദ്ധതി, പദ്ധതിയേതര ചെലവുകളുടെ വിശദാശംങ്ങള്‍. കഴിഞ്ഞവര്‍ഷത്തെ ഉപ ധനാഭ്യര്‍ത്ഥന ഉള്‍പ്പെടെയുള്ള ബജറ്റ് വിഹിതത്തില്‍ പദ്ധതിയിനത്തില്‍ വകയിരുത്തിയത് 22276.08 കോടി രൂപയാണ് ചെലവഴിച്ചത്9652.46 കോടി രൂപയും. പദ്ധതിയേതര വിഹിതത്തില്‍ വകയിരുത്തിയ 63755.30 കോടി രൂപയില്‍ ചെലവഴിച്ചത് വെറും34838.92 കോടി രൂപയും. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള ബജറ്റ് വിഹിതത്തില്‍ ലഭ്യമായ 2121.85 കോടി രൂപയില്‍ 1273.95 കോടി മാത്രമാണ് ചെലവഴിച്ചത്. ബ്ലോക്ക് പഞ്ചായത്തില്‍ 6224.84 കോടിയില്‍ ചെലവഴിച്ചത്299.45 കോടി രൂപയാണ്. ജില്ലാ പഞ്ചായത്തുകള്‍ക്കുള്ള വിഹിതമായ 622.98 കോടിയില്‍ ചെലവഴിച്ചത് 266.06 കോടി മാത്രമാണ്. മുനിസിപ്പാലിറ്റികള്‍ക്കുള്ള 400.89 കോടിയില്‍ ചെലവഴിച്ചത്206.50 കോടി രൂപ മാത്രമാണ്. കോര്‍പ്പറേഷനുകള്‍ക്കുള്ള 344.29 കോടിയില്‍ 132.27 കോടി മാത്രവുമാണ് ചെലവഴിച്ചത്. ബജറ്റില്‍ പെരുപ്പിച്ചുകാട്ടുന്ന പ്രഖ്യാപനങ്ങളും കോടികളും മാത്രമാണ് അവശേഷിക്കുകയെന്നതിന്റെ ഉദാഹരണമാണ് 2015-16 വര്‍ഷത്തെ പദ്ധതികള്‍ക്കുള്ള തുക ചെലവഴിക്കലിന്റെ വിശദാംശങ്ങള്‍. വസ്തുത ഇതായിരിക്കെയാണ് തെരഞ്ഞെടുപ്പിന് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ തൊട്ടുമുമ്പുള്ള മോഹന വാഗ്ദാനങ്ങള്‍. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതില്‍ ആ സര്‍ക്കാരിന്റെ നയപ്രഖ്യാപനമനുസരിച്ചായിരിക്കും ബജറ്റ് നിര്‍ദ്ദേശങ്ങള്‍ എന്നതിനാല്‍ ഉമ്മന്‍ചാണ്ടിയുടെ ബജറ്റ് പ്രഖ്യാപനം വെറും പ്രഖ്യാപനം മാത്രമാവുമെന്നുറപ്പ്. എങ്കിലും മുഖ്യമന്ത്രിക്ക് ഒന്നാശ്വസിക്കാം. നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം സ്വന്തം പേരില്‍ കുറിച്ചുവെന്ന റെക്കോര്‍ഡിന്റെ പേരില്‍ മാണിയുടെ 2013-14 വര്‍ഷത്തെ 2.50 മിനിറ്റ് നീണ്ട ബജറ്റ് പ്രസംഗമാണ് ഉമ്മന്‍ചാണ്ടി തിരുത്തിക്കുറിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.