തലശ്ശേരി: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍പ്രമുഖ് എളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് കോടതിയില്‍ കീഴടങ്ങി. ഇന്നലെ രാവിലെ 11 മണിയോടെ തലശ്ശേരി സെഷന്‍സ് കോടതി മുമ്പാകെ കീഴടങ്ങിയ ജയരാജനെ ജഡ്ജ് വി.ജി.അനില്‍കുമാര്‍ 30 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് ജയരാജന് ഇന്നലെ കോടതിയില്‍ ഹാജരായത്. പരിയാരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായിരുന്ന ജയരാജന് ഡിസ്ചാര്‍ജ്വാങ്ങി കണ്ണൂര്‍ എകെജി ഹോസ്പിറ്റലിന്റെ ആംബുലന്‍സിലാണ് കോടതിയിലെത്തിയത്. ഇന്നലെ കോടതി കൂടിയ ശേഷം ആദ്യം പരിഗണിച്ചത് ജയരാജന്റെ കേസായിരുന്നു. തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ജയരാജന് കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും ജയില്‍ സൂപ്രണ്ടിന് ഈ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാമെന്നായിരുന്നു കോടതിയുടെ പ്രതികരണം. റിമാന്റ് ചെയ്ത ജയരാജനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മെഡിക്കല്‍ പരിശോധനക്ക് ശേഷം മൂന്ന് മണിയോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. തുടര്‍ന്ന് ചികിത്സാ ആവശ്യത്തിന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ജയരാജനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് സിബിഐ സംഘം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ.കെ.വിശ്വന് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: