രാപ്പകല്‍ സത്യഗ്രഹ സമരം നടത്തും

Friday 12 February 2016 11:19 pm IST

കണ്ണൂര്‍: ജില്ലയിലെ വിവിധ ചൈനാക്ലേ ഉല്‍പാദന യൂണിറ്റുകള്‍ അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് തൊഴിലാളികളെ സംരക്ഷിക്കുവാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കാത്തതിനെതിരെ 15 മുതല്‍ വിവിധ തൊഴിലാളി സംഘടനയിലുള്ളവര്‍ സംയുക്തമായി കലക്ട്രേറ്റിന് മുന്നില്‍ രാപ്പകല്‍ സത്യഗ്രഹ സമരം നടത്തുമെന്ന് സമരസമിതിയംഗങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ലോകോത്തര നിലവാരമുള്ളതും വന്‍ ഡിമാന്റുള്ളതുമായ ക്ലേ ഉല്‍പാദിപ്പിക്കുന്ന യൂണിറ്റാണ് പഴയങ്ങാടി മാടായിയില്‍ പ്രവര്‍ത്തിച്ച സ്ഥാപനം. കഴിഞ്ഞവര്‍ഷം ജൂലായില്‍ ഒരു മുന്നറിയിപ്പും കൂടാതെ അടച്ചു പൂട്ടിയിരിക്കുകയാണ്. ഇവിടെയുണ്ടായിരുന്ന 113 തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും സ്ത്രീ തൊഴിലാളികളാണ്. ഇവിടെയുള്ള ക്ലേയും മണലും ഉപയോഗിച്ച് പ്രവര്‍ത്തിച്ച വരുന്ന 20 തൊഴിലാളികള്‍ ജോലി ചെയ്യുന്ന മാങ്ങാട് സിറാമിക്ക് യൂണിറ്റും ്അടച്ചു പൂട്ടിയിട്ടുണ്ട്. മാസങ്ങളായി തൊഴിലാളികള്‍ പട്ടിണിയിലാണ്. ഇതിനെ തുടര്‍ന്ന് വിവിധ സമരങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ തൊഴിലാളികളെ സംരക്ഷിക്കുവാനുള്ള നടപടി സ്വീകരിക്കുമെന്നും വേതനം നല്‍കുമെന്നും മന്ത്രി പലതവണ യൂണിയന്‍ നേതാക്കള്‍ക്ക് വാക്ക് നല്‍കിയിരുന്നു. ഇതൊക്കെ പാഴ് വാക്കായതിനെ തുടര്‍ന്നാണ് സമര രംഗത്തേക്ക് കടക്കുന്നതെന്ന് സമരസമിതിയംഗങ്ങള്‍ പറഞ്ഞു. വി.വി.ശശീന്ദ്രന്‍, ഐ.വി.ശിവരാമന്‍, വി.കെ.രാജീവന്‍, യു.കൃഷ്ണന്‍, കെ.രമേശന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.