വടകര: ബൈക്കിലെത്തി മാല പിടിച്ചുപറിക്കുന്ന സംഘത്തില്‍ പെട്ടവരെ വടകര പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. സംഘത്തില്‍പ്പെട്ട കോഴിക്കോട് നടുവട്ടം ആദില്‍ (21), വെള്ളയില്‍ ജബീര്‍ അദ്നാന് (20) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്.
കഴിഞ്ഞ ദിവസമാണ് ഇവര്‍ കോഴിക്കോട് ടൗണ്‍ പോലീസിന്റെ പിടിയിലായത്. വടകര മേഖലയില്‍ മാല തട്ടിപ്പറിക്കുന്നതിന് പിന്നില്‍ ഇവരാണെന്ന് തെളിഞ്ഞതോടെയാണ് വടകര സി ഐ ഇവരെ കസ്റ്റഡിയില്‍ വാങ്ങിയത്. വടകര, ചോമ്പാല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട മുട്ടുങ്ങല്‍ നാദാപുരം റോഡ് എന്നീ പ്രദേശങ്ങളില്‍ നിന്ന് സ്ത്രീകളുടെ കഴുത്തില്‍ നിന്ന് 8 പവന്റെ രണ്ടു മാലകളാണ് പിടിച്ചുപറിച്ചത്. ചോമ്പാല്‍, വടകര പോലീസ് സ്റ്റേഷനുകളില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരുടെ പേരില്‍ വിവിധ സ്റ്റേഷനുകിലളായി 18 കേസുകള്‍ ഉണ്ട്. കോഴിക്കോട് പോലീസ് വിശദമായ ചോദ്യം ചെയ്തപ്പോഴാണ് വടകര മേഖലയിലെ കളവ് സംബന്ധിച്ച് വിവരം ലഭിക്കുന്നത്. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: