അസാധ്യമായ ഭാവന, അര്‍ഥസമ്പുഷ്ടമായ വാക്കുകള്‍

Saturday 13 February 2016 11:36 pm IST

പലരും വായില്‍ തോന്നുന്നത് കോതയ്ക്കു പാട്ടെന്ന രീതിയില്‍ പാട്ടെഴുതുമ്പോള്‍ ഗാനരചനയില്‍ അസാധ്യമായ അച്ചടക്കവും അസാമാന്യമായ ഭാവനയും അത്യപൂര്‍വ്വമായ കവിത്വവും നിറഞ്ഞുനിന്നു ഒഎന്‍വിയുടെ ചലച്ചിത്ര ഗാനങ്ങളില്‍. ആയിരത്തോളം ഗാനങ്ങളില്‍ ഓരോന്നും അതുകൊണ്ടുതന്നെ വ്യത്യസ്ഥങ്ങളായിരുന്നു. അഭൗമമായ അനുഭൂതിയാണ് അവ നമുക്ക് പകര്‍ന്നു തന്നിരുന്നത്. അവയെല്ലാം കവിതകള്‍ തന്നെയായിരുന്നു. മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കിയെന്ന ഗാനം അലൗകികമായ സൗന്ദര്യമാണ്. മലയാളത്തിന്റെ തേന്‍തുള്ളികള്‍ ചാലിച്ചെഴുതിയ അര്‍ഥസമ്പുഷ്ടമായ വരികളാണ് അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും നാടക ഗാനങ്ങളും എല്ലാം. കവിതയിലെ വിത ആ ഗാനങ്ങളിലുമുണ്ടായിരുന്നു. വാക്കും അര്‍ഥവും പാര്‍വ്വതീപരമേശ്വരന്മാരെപ്പോലെയാകണം. ആ സമന്വയം ഒഎന്‍വിയുടെ വരികളിലെല്ലാമുണ്ട്. മോരും മുതിരയും പോലെ ചേരാത്ത ഒന്നിനെയും അദ്ദേഹം ചേര്‍ത്തില്ല. ഗാനങ്ങളില്‍ ഉപയോഗിച്ച പദങ്ങളില്‍ മാത്രമല്ല ഉപമകള്‍ പോലും പരസ്പര പൂരകങ്ങളായിരുന്നു. കെഎസ് ജോര്‍ജും കെപിഎസി സുലോചനയും മുതല്‍ പി ലീല, കമുകറ പുരുഷോത്തമന്‍, ഗോമതി, യേശുദാസ്, ജയചന്ദ്രന്‍, എസ് ജാനകി, പി. സുശീല, മാധുരി, എല്‍ ആര്‍ ഈശ്വരി, ബി വസന്ത, രേണുക, അമ്പിളി, ബ്രഹ്മാനന്ദന്‍, വാണീജയറാം, ജോളി ഏബ്രഹം, ജിന്‍സി, ചന്ദ്രഭാനു, സുജാത, സെല്‍മാ ജോര്‍ജ്ജ്, കൊച്ചിന്‍ ഇബ്രാഹിം, സിഒ ആന്റോ, പട്ടണക്കാട് പുരുഷോമന്‍, സബിത ചൗധരി, കൃഷ്ണചന്ദ്രന്‍, ഷെറിന്‍ പീറ്റേഴ്‌സ്, ഉണ്ണിമേനോന്‍, ലതിക, കെജി മര്‍ക്കോസ്, വിടി മുരളി, ചിത്ര, എംജി ശ്രീകുമാര്‍, വേണുഗോപാല്‍, സേതു പാര്‍വ്വതി, അരുന്ധതി, എസ്പി ബാലസുബ്രഹ്മണ്യം, സതീഷ് ബാബു, പിബി ശ്രീനിവാസ്, മിന്‍മിനി, മലേഷ്യാ വാസുദേവന്‍, ഗോപന്‍, ബാലഗോപാലന്‍ തമ്പി, ഉഷാ ഉതുപ്പ്, പന്തളം ബാലന്‍,ബിജു നാരായണന്‍, മായ, രാധിക തിലക്, പി. ഉണ്ണികൃഷ്ണന്‍,മധു ബാലകൃഷ്ണന്‍, സ്വര്‍ണ്ണലത, അലീന, വിധുപ്രതാപ്,‘രമേഷ് നാരായണ്‍, രഞ്ജിനി ജോസ്, ശ്വേത, വിജയ് യേശുദാസ്, മഞ്ജരി, ഹരിഹരന്‍, ശ്രേയാ ഘോഷാല്‍, സുദീപ് കുമാര്‍,മൃദുല വാര്യര്‍ എന്നിവര്‍ വരെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിച്ചു. സിനിമയില്‍ ഒരേഒരു പാട്ടു മാത്രം പാടി എവിടെയോ പോയ്മറഞ്ഞവര്‍ പോലും അദ്ദേഹത്തിന്റെ വരികള്‍ പാടിയിട്ടുണ്ട്. ഇത്രയേറെപ്പേര്‍ ഏതെങ്കിലും ഒരു ഗാനരചയിതാവിന്റെ ഗാനങ്ങള്‍ പാടിയിട്ടുണ്ടാവില്ല. തലമുറകളുടെ ഗാനരചയിതാവിനു മാത്രമേ ഇത് കഴിയൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.