അക്കാദമിയുടെ പ്രണാമം

Saturday 13 February 2016 11:48 pm IST

തൃശൂര്‍ : കാളിദാസഹൃദയസൗന്ദര്യം അനശ്വരമായി ആവിഷ്‌കരിച്ച മഹാകവി ഒ.എന്‍.വി. മലയാളകവിതയെ വിശ്വമാനവികതയിലേയ്ക്ക് നയിച്ചുവെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഭൂമിയുടെ പച്ചപ്പിനെ വാഴ്ത്തിപ്പാടിയ ഋതുഭേദങ്ങളുടെ ഗന്ധര്‍വ്വഗായകനാണ് ഒ.എന്‍.വി. ഭാരതീയേതിഹാസങ്ങളുടെ ആത്മസത്ത പിഴിഞ്ഞൂറ്റിയെടുത്ത ഒ.എന്‍.വി. ഭാവസൗന്ദര്യത്തിന്റെ രാജശില്പയാണ്. ലോകത്തെങ്ങും പീഡിതരാവുന്ന മനുഷ്യരുടെ ദീനസ്വരങ്ങള്‍ കവിതയില്‍ അദ്ദേഹം കേള്‍പ്പിച്ചു. മലയാളഭാവനയെ പ്രപഞ്ചത്തിന്റെ അതിരുകളോളം വികസിപ്പിച്ച ഒ.എന്‍.വി. അനുഭവയാഥാര്‍ത്ഥ്യങ്ങള്‍ ആവിഷ്‌കരിച്ചതിലൂടെ കാല്പനികഭാവുകത്വത്തെ മാറ്റിയെഴുതി. മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാപദവി ലഭിക്കുന്നതിന് ഒരു പോരാളിയെപ്പോലെ നിലയുറപ്പിച്ച ഒ.എന്‍.വി. അക്കാദമി വിശിഷ്ടാംഗം എന്ന നിലയില്‍ കേരള സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് അനുശോചനസന്ദേശത്തില്‍ സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.