സഹ്യസാനുയാത്രക്ക് നാളെ കൊട്ടാരക്കരയില്‍ സ്വീകരണം

Sunday 14 February 2016 10:11 am IST

കൊട്ടാരക്കര: തപസ്യകലാസാഹിത്യവേദിയുടെ ഭാര്‍ഗവക്ഷേത്രപ്രദക്ഷിണ സാംസ്‌കാരിക തീര്‍ത്ഥയാത്രയുടെ ഭാഗമായുള്ള സഹ്യസാനുയാത്രക്ക് നാളെ കൊട്ടാരക്കരയില്‍ സ്വീകരണം നല്‍കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കൊട്ടാരക്കര ഗണപതിക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്വീകരണസമ്മേളനം കൊട്ടാരക്കര ശ്രീധരന്‍നായരുടെ ഭാര്യ വിജയലക്ഷ്മിഅമ്മ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍പ്രമുഖ് ജെ.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. നാദസ്വരവിദ്വാന്‍ വെട്ടിക്കവല.കെ.എന്‍.ശശികുമാര്‍ അധ്യക്ഷനായിരിക്കും. സാഹിത്യസാംസ്‌കാരിക നായകരെ കവി എസ്.രമേശന്‍നായര്‍ ആദരിക്കും. കൊട്ടാരക്കരയിലെ സാംസ്‌കാരിക പൈതൃകത്തെകുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും നടക്കും. എന്റെ ഭൂമി, എന്റെ ഭാഷ, എന്റെ സംസ്‌ക്കാരം എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തികൊണ്ടാണ് യാത്ര കടന്നുവരുന്നത്.'ഭൂമിയും ഭാഷയും നേരിടുന്ന അപകടകരമായ പ്രതിസന്ധികളെ തിരിച്ചറിയുവാനും അവയെ തരണം ചെയ്യാനുമുള്ള ശക്തിയാര്‍ജ്ജിക്കേണ്ട സന്ദേശം പകര്‍ന്ന് സാഹിത്യകാരന്‍മാര്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു യാത്ര സംഘടിപ്പിക്കുന്നത്. സഹ്യസാനുവിന്റേയും സാഗരഭൂമിയുടേയും സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് പരിസ്ഥിതി പ്രധാന്യമുള്ള സ്ഥലങ്ങള്‍, മണ്‍മറഞ്ഞ സാഹിത്യകാരന്‍മാര്‍, വീരപുരുഷന്‍മാര്‍, പുണ്യപുരാണസ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് മഹാകവി അക്കിത്തവും, എസ്.രമേശന്‍നായരും, പി.നാരായണകുറുപ്പും ഉള്‍പ്പടെയുള്ളവര്‍ നേതൃത്വം നല്‍കുന്ന യാത്ര കടന്നുവരുന്നത്. വൈകിട്ട് നാലിന് മണ്ണടിയിലെ വേലുത്തമ്പിയുടെ സ്മൃതികുടീരത്തില്‍ നിന്നും ഏനാത്ത് എത്തുന്ന യാത്രയെ കഥകളിയുടെ നാട്ടിലേക്ക് സ്വീകരിക്കും. സമ്മേളനത്തിനുശേഷം 16ന് രാവിലെ ഗാന്ധിജി എല്ലാവിഭാഗക്കാര്‍ക്കും ആരാധനക്കായി തുറന്ന് കൊടുത്ത തൃക്കണ്ണമംഗല്‍ ക്ഷേത്രം, കടലായ്മന, കഥകളി മ്യൂസിയം, തയ്യാര്‍കുന്ന്, കൊട്ടാരക്കര ശ്രീധരന്‍നായര്‍, ബോബികൊട്ടാരക്കര എന്നിവരുടെ ഭവനങ്ങള്‍, ചരിത്ര-പുരാണ സ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിക്കും. തുടര്‍ന്ന് ലളിതാംബികാ അന്തര്‍ജനത്തിന്റെ കോട്ടവട്ടത്തുള്ള ജന്മഗൃഹവും സംഘം സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായി സ്മരണകള്‍ പങ്കുവയ്ക്കും. തുടര്‍ന്ന് പുനലൂര്‍, കോട്ടുക്കല്‍ ഗുഹാക്ഷേത്രം, ജഡായുപാറ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. പത്രസമ്മേളനത്തില്‍ തപസ്യ ഭാരവാഹികളായ അഡ്വ.ആര്‍.കൃഷ്ണകുമാര്‍, കെ.ജി.അനില്‍കുമാര്‍, അഡ്വ.പി.കെ.ശ്രീകുമാര്‍, രമേശ്ബാബു, ശിവന്‍പിള്ള,കെ.വി.സന്തോഷ്ബാബു എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.