കോണ്‍ഗ്രസ് ആസ്ഥാനത്ത് രാഹുല്‍ ഭീകരരുടെ പ്രതിമ സ്ഥാപിക്കട്ടെ: നഖ്‌വി

Sunday 14 February 2016 9:17 pm IST

ന്യൂദല്‍ഹി: രാജ്യദ്രോഹികളെയും ഭീകരരേയും ആദരിക്കണമെങ്കില്‍ രാഹുല്‍ ഗാന്ധി അവരുടെ പ്രതിമകള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനത്ത് സ്ഥാപിക്കട്ടെയെന്ന് മുഖ്താര്‍ അബ്ബാസ് നഖ്‌വി. പാര്‍ട്ടി ഓഫീസില്‍ അവരുടെ പ്രതിമകള്‍ സ്ഥാപിച്ച് അവിടെ പുഷ്പാര്‍ച്ചന നടത്തട്ടെ, കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി നഖ്‌വി പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ പാക് ഭീകരര്‍ക്ക് അനുകൂല മുദ്രാവാക്യം വിളിച്ച വിഷയത്തില്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ രാഹുലിന്റെ നടപടിയോടു പ്രതികരിക്കുകയായിരുന്നു നഖ്‌വി. 'രാഹുല്‍ അത്രമാത്രം വിഘടന മനോഭാവം ഉള്ളയാളാണെങ്കില്‍ അദ്ദേഹത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനത്ത് ഈ ഭീകരരുടെയും രാജ്യദ്രോഹികളുടെയും പ്രതിമ സ്ഥാപിക്കാം, ദിവസവും പുഷ്പാര്‍ച്ചനയും നടത്താം. പക്ഷേ ഈ വിഘടനമനസ്ഥിതി രാജ്യവും ജനതയും അംഗീകരിക്കില്ല,'' നഖ്‌വി പറഞ്ഞു. 'ഈ വാസ്തവം അറിയാതെ കോണ്‍ഗ്രസ് പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയും വെറും രാഷ്ട്രീയ നേട്ടത്തിനിതു സഹായിക്കുമെന്നു കരുതുന്നെങ്കില്‍, അതു ഗുണകരമാകില്ല. ലോകത്ത് ഒരു രാജ്യവും വിഘടനാമനസ്ഥിതിയെ മൗലികാവകാശമായി അംഗീകരിക്കില്ല,' നഖ്‌വി പറഞ്ഞു. ഭീകരരെ അനുകൂലിച്ചു മുദ്രാവാക്യം മുഴക്കി പരിപാടി സംഘടിപ്പിച്ചതിനു ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതെത്തുടര്‍ന്ന് കാമ്പസ് സന്ദര്‍ശിച്ച രാഹുല്‍ പറഞ്ഞത് സ്ഥാപനത്തിന്റെ ശബ്ദം അടിച്ചമര്‍ത്തുന്നവരാണ് യഥാര്‍ത്ഥ ദേശവിരുദ്ധര്‍ എന്നായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.