മഹാകവിക്ക് മലയാളത്തിന്റെ ആദരാഞ്ജലി

Monday 15 February 2016 11:04 am IST

തിരുവനന്തപുരം: കാവ്യലോകത്തോട് വിടപറഞ്ഞ ഒ.എന്‍.വി. കുറുപ്പിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ജനപ്രവാഹം. ഇന്നലെ രാവിലെ 11 മണിയോടെ കവിയുടെ വഴുതയ്ക്കാട്ടെ വസതിയില്‍ നിന്ന് മൃതദേഹം വിജെടി ഹാളിലെത്തിച്ചു. വൈകിട്ട് മൂന്നുമണിവരെ അവിടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ജനങ്ങള്‍ അവിടേക്ക് ഒഴുകിക്കൊണ്ടിരുന്നതിനാല്‍ പൊതുദര്‍ശനം വൈകിട്ട് ആറുമണിവരെ നീട്ടി. സംസ്ഥാനസര്‍ക്കാരിനെ പ്രതിനിധീകരിച്ച് സ്പീക്കര്‍ എന്‍. ശക്തന്‍ ഒഎന്‍വിയുടെ ഭൗതികശരീരത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലുള്ള പ്രമുഖരെല്ലാവരും ഒന്നൊന്നായി എത്തിക്കൊണ്ടിരുന്നു. വന്‍ജനാവലിയാണ് വിജെടി ഹാളില്‍ രാവിലെ മുതല്‍ കവിയെ അവസാനമായി ഒരുനോക്കു കാണാന്‍ കാത്തുനിന്നത്. ജന്മഭൂമിക്കു വേണ്ടി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍, സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് പി. ശ്രീകുമാര്‍ എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള എന്നിവരും കേന്ദ്ര സാഹിത്യ അക്കാദമിക്കുവേണ്ടി ഡോ. കായംകുളം യൂനുസും ആദരാഞ്ജലി അര്‍പ്പിച്ചു. വിദേശത്ത് സംഗീതപരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്ന ഒഎന്‍വിയുടെ മകന്റെ മകള്‍ അപര്‍ണ രാജീവ് ഇന്നലെ രാവിലെയോടെ തിരുവനന്തപുരത്തെത്തി. കവിയുടെ മറ്റ് കുടുംബാംഗങ്ങളോടൊപ്പം അപര്‍ണയും മൃതദേഹത്തെ അനുഗമിച്ച് വിജെടി ഹാളിലെത്തിയിരുന്നു. സുഗതകുമാരി മകളുമൊത്താണ് എത്തിയത്. സാഹിത്യകാരന്മാരായ ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍തമ്പി, മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. ജയകുമാര്‍, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, മുന്‍ സെക്രട്ടറി ഡോ. എസ്. കൃഷ്ണന്‍നായര്‍, പ്രൊഫ. പന്മന രാമചന്ദ്രന്‍നായര്‍, ഡോ എം.ജി. ശശിഭൂഷണ്‍, വയലാര്‍ രാമവര്‍മ സ്മാരക ട്രസ്റ്റ് സെക്രട്ടറി ത്രിവിക്രമന്‍ തമ്പി, സംഗീതജ്ഞ ഡോ. ഓമനക്കുട്ടി, ജസ്റ്റിസ് ഡി. ശ്രീദേവി, കഥകളി ആചാര്യന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, സംവിധായകന്മാരായ അടൂര്‍ ഗോപാലകൃഷ്ണന്‍, ലെനിന്‍രാജേന്ദ്രന്‍, ബി. ഉണ്ണികൃഷ്ണന്‍, ചലച്ചിത്രതാരങ്ങളായ മഞ്ജുവാര്യര്‍, മണിയന്‍പിള്ള രാജു, മധുപാല്‍, ഗായകരായ എം.ജി. ശ്രീകുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയസ് മെത്രൊപ്പൊലീത്ത, ബിഷപ്പ് ഡോ.ധര്‍മരാജ് റസാലം, കവികളായ വി. മധുസൂദനന്‍നായര്‍, പ്രഭാവര്‍മ, മുരുകന്‍ കാട്ടാക്കട എന്നിവരും ഒഎന്‍വിക്ക് ആദരാഞ്ജലികളര്‍പ്പിച്ചു. ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍, എംപിമാരായ പി. കരുണാകരന്‍, സി.പി. നാരായണന്‍, എംഎല്‍എമാരായ സി. ദിവാകരന്‍, തോമസ് ഐസക്, എം.എ. ബേബി, എ.കെ. ബാലന്‍, ജമീലപ്രകാശം, തിരുവനന്തപുരം നഗരസഭയിലെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ വി.ജി. ഗിരികുമാര്‍, കൗണ്‍സിലര്‍മാരായ എം.ആര്‍. ഗോപന്‍, തിരുമല അനില്‍, ഹരിശങ്കര്‍, സിമി ജ്യോതിഷ്, സുരേഷ്, ഹിമ സിജി, ചിഞ്ചു, പങ്കജകസ്തൂരി എംഡി ഡോ. ജെ. ഹരീന്ദ്രന്‍നായര്‍, വ്യവസായി ഇ.എം. നജീബ്, ആര്‍ക്കിടെക്ട് ആര്‍. ശങ്കര്‍, ഡിസി രവി, ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഢന്‍, കോണ്‍ഗ്രസ് നേതാക്കളായ തലേക്കുന്നില്‍ ബഷീര്‍, കരകുളം കൃഷ്ണപിള്ള, സിപിഎം നേതാക്കളായ വൈക്കം വിശ്വന്‍, എ. വിജയരാഘവന്‍, എം.എം. മണി, വി.വി. ദക്ഷിണാമൂര്‍ത്തി, കടകംപള്ളി സുരേന്ദ്രന്‍, പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍, നീലലോഹിതദാസന്‍ നാടാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എഡിജിപി ഹേമചന്ദ്രന്‍ എന്നിവരും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.