പിഞ്ചുകുഞ്ഞിനെ വിറ്റ സംഭവം: മാതാവിനെയും കാമുകനെയും അറസ്റ്റ്‌ ചെയ്തു

Sunday 3 July 2011 8:45 pm IST

കാഞ്ഞങ്ങാട്‌: 5000 രൂപയ്ക്ക്‌ ഒന്നരമാസം പ്രായമായ പിഞ്ചുകുഞ്ഞിനെ വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസില്‍ കുട്ടിയുടെ അമ്മ പൂര്‍ണ്ണിമ (21)യെ അമ്പലത്തറ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. കുട്ടിയെ വില്‍ക്കാന്‍ പ്രേരിപ്പിച്ച യുവതിയുടെ കാമുകന്‍ നിധിന്‍ പോലീസ്‌ കസ്റ്റഡിയിലാണ്‌. കഴിഞ്ഞ വെള്ളിയാഴ്ചയാണ്‌ പുല്ലൂറ്‍ വെള്ളിമാടത്തെ സി.പി.കാര്‍ത്ത്യായനിയുടെ വീട്ടില്‍ നിന്നും കുട്ടിയെ പോലീസ്‌ കസ്റ്റഡിയിലെടുത്തത്‌. കുട്ടിയെ ഇവിടെയെത്തിച്ച പങ്കജാക്ഷിയെ ചോദ്യം ചെയ്തപ്പോഴാണ്‌ കുട്ടിയുടെ അമ്മയെ കുറിച്ചുള്ള വിവരം ലഭിച്ചത്‌. പെര്‍ളാബജകുഡ്ലുവിലെ പൂര്‍ണ്ണിമയെന്ന ബിന്ദുവാണ്‌ വിവാഹം കഴിഞ്ഞ്‌ 28-ാം ദിവസം കുട്ടിയെ പ്രസവിച്ചത്‌. ചീമേനിയിലെ ഒരു യുവാവാണ്‌ പൂര്‍ണ്ണിമയെ വിവാഹം ചെയ്തിരുന്നത്‌. നവവധുവായ തണ്റ്റെ ഭാര്യ കാമുകനില്‍ നിന്നും ഗര്‍ഭം ധരിച്ച്‌ പ്രസവിച്ചുവെന്നറിഞ്ഞ ഇയാള്‍ നഷ്ടപരിഹാരത്തിന്‌ ഹൊസ്ദുര്‍ഗ്ഗ്‌ കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്തിട്ടുണ്ട്‌. കുട്ടിയെ വില്‍പ്പന നടത്തിയ സംഘത്തിനെതിരെ നിസ്സാര വകുപ്പുകള്‍ മാത്രമാണ്‌ പോലീസ്‌ ചാര്‍ജ്ജ്‌ ചെയ്തിട്ടുള്ളത്‌. അതുകൊണ്ട്‌ തന്നെ അറസ്റ്റിലായ പൂര്‍ണ്ണിമയ്ക്ക്‌ സ്റ്റേഷനില്‍ നിന്നും തന്നെ ജാമ്യവും നല്‍കി. വില്‍പനയുടെ സൂത്രധാരനായ യുവതിയുടെ കാമുകന്‍ കുംബളയിലെ നിധിണ്റ്റെ അറസ്റ്റ്‌ ഇതുവരെ പോലീസ്‌ രേഖപ്പെടുത്തിയിട്ടില്ല. കുട്ടിയെ വില്‍ക്കാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ച രണ്ട്‌ സ്ത്രീകളെയും പോലീസ്‌ അറസ്റ്റ്‌ ചെയ്തിട്ടില്ല.