കേരളത്തിലെ ഏറ്റവും വലിയ 'ദേശവിളക്ക്' ഇന്ന് വള്ളിച്ചിറയില്‍ തെളിയും

Sunday 14 February 2016 11:10 pm IST

പാലാ: കേരളത്തിലെ ക്ഷേത്രങ്ങളില്‍ അപൂര്‍വ്വമായി നടക്കാറുള്ള ദേശവിളക്ക് ഇന്ന് വള്ളിച്ചിറ പിഷാരുകോവില്‍ ദേവീക്ഷേത്രത്തില്‍ നടക്കും. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനു കീഴിലുള്ള ക്ഷേത്രമായ പിഷാരുകോവിലിലെ നാലാം ഉത്സവദിവസമായ ഇന്ന് വൈകിട്ടാണ് ദേശവിളക്ക്. 400 അടി ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 42 അടി ഉയരത്തിലാണ് ദേശവിളക്ക് സ്തംഭം ക്ഷേത്രമൈതാനത്ത് പണിതീര്‍ത്തിരിക്കുന്നത്. ഇതില്‍ 5001 മണ്‍ചിരാതുകളാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ദേശവിളക്ക് സ്തംഭം ഒരുക്കുന്നതെന്ന് ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികള്‍ പറഞ്ഞു. 20 പേരുടെ ഒരുമാസത്തോളമുള്ള കഠിനാധ്വാനഫലമായാണ് ഒന്നരയേക്കറോളം വരുന്ന ക്ഷേത്രമൈതാനത്തിന്റെ നടുവിലായി സ്തംഭം പണിതീര്‍ത്തത്. സാധാരണ ദേശവിളക്ക് നടക്കുന്ന ക്ഷേത്രങ്ങളില്‍ മണ്‍ചിരാതുകളുടെ എണ്ണം ഇത്രത്തോളം വരാറില്ല. പകരം വൈദ്യുത ദീപങ്ങളാണ് ഒരുക്കാറുള്ളത്. കൂടാതെ ക്ഷേത്രമൈതാനം മുഴുവന്‍ ഭക്തര്‍ അവരവരുടെ വീടുകളില്‍നിന്നായി കൊണ്ടുവരുന്ന നിലവിളക്കുകളും കൊളുത്തിവയ്ക്കും. പന്ത്രണ്ടുവര്‍ഷം മുമ്പ് പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടത്തിയ ക്ഷേത്രത്തില്‍ ഏതാനും വര്‍ഷങ്ങളായി അഞ്ചുദിവസത്തെ ഉത്സവമാണ് നടത്തിവരുന്നത്. ദുര്‍ക്ഷയ്ക്കും ഭദ്രയ്ക്കും തുല്യപ്രാധാന്യം നല്കി രണ്ടു ശ്രീകോവിലുകളിലായി പ്രതിഷ്ഠയുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് പിഷാരുകോവില്‍. 108 കരിങ്കല്‍ പടികളും ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. പ്രധാന ആഘോഷങ്ങള്‍ എന്തുനടന്നാലും കൃഷ്ണപ്പരുന്തിന്റെ സാന്നിധ്യം ഭക്തര്‍ക്ക് നേരിട്ടു അനുഭവമുള്ളതാണ്. കഴിഞ്ഞവര്‍ഷം മുതല്‍ പൂമൂടല്‍ ചടങ്ങും ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ ആരംഭിച്ചിട്ടുണ്ട്. വിളിച്ചാല്‍ വിളിപ്പുറത്തുള്ള ദൈവികസാന്നിധ്യം എന്ന് ഭക്തജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന ക്ഷേത്രത്തില്‍ ഈ വര്‍ഷം മുതലാണ് ദേശവിളക്ക് ആരംഭിക്കുന്നത്. എല്ലാ ദേശത്തേയും ഭക്തജനങ്ങള്‍ അവരവരുടെ വീട്ടില്‍നിന്നും ഒരു നിലവിളക്ക് ക്ഷേത്രത്തില്‍ എത്തിച്ച് അതു ഭഗവതിക്കുമുമ്പില്‍ തെളിയിച്ചുകൊണ്ടാണ് ദേശവിളക്ക് നടത്തുന്നത്. പൊങ്കാല പോലെ പ്രധാനമാണ് ദേശവിളക്ക്. കാര്‍ത്തിക നാളായ ഇന്ന് വൈകിട്ട് മൂന്നുമണി മുതല്‍ ദേശവിളക്കിന്റെ ചടങ്ങുകള്‍ ആരംഭിക്കും. രാത്രി 7ന് ശബരിമല തന്ത്രി താഴമണ്‍ മഠം ബ്രഹ്മശ്രീ കണ്ഠര് രാജീവര് ദേശവിളക്ക് തെളിക്കും. തുടര്‍ന്ന് ഭഗവതി ക്ഷേത്രമൈതാനത്തേക്ക് എഴുന്നള്ളും. പല്ലാട്ട് ബ്രഹ്മദത്തന്‍ ദേവിയുടെ തിടമ്പേറ്റും. മേളസമ്രാട്ട് ചൊവ്വല്ലൂര്‍ (ഗുരുവായൂര്‍) മോഹനവാര്യരുടെ പ്രമാണത്തില്‍ 45-ല്‍പരം കലാകാരന്മാര്‍ അണിനിരക്കുന്ന പാണ്ടിമേളവും തുടര്‍ന്ന് അരങ്ങേറുമെന്ന് ഉത്സവകമ്മിറ്റി ഭാരവാഹികളായ ഐ.ഡി. സോമന്‍ ഇഞ്ചാനാല്‍, എസ്. ഉണ്ണികൃഷ്ണന്‍ ശിവവിലാസ്, എന്‍.ബി. അജിത്കുമാര്‍, ബൈജു കാനാട്ട്, എന്‍.കെ. ശശികുമാര്‍, പബ്ലിസിറ്റി ചെയര്‍മാന്‍ കൃഷ്ണപ്രസാദ് ഇഞ്ചാനാല്‍ എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.