പി. പ്രഭാകരന്‍ ചീഫ്‌ സെക്രട്ടറിയായി തുടരും

Wednesday 11 January 2012 10:38 pm IST

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രോജക്ടുകളുടെ അഡ്വൈസര്‍ തസ്തികയിലേക്ക്‌ നിയമിച്ച പി പ്രഭാകരന്‍ ചീഫ്‌ സെക്രട്ടറിയായി തുടരും. കേന്ദ്ര തുറമുഖ വകുപ്പ്‌ സെക്രട്ടറി കെ മോഹന്‍ദാസ്‌ ചീഫ്‌ സെക്രട്ടറി സ്ഥാനമേറ്റെടുക്കാന്‍ വിമുഖത അറിയിച്ച സാഹചര്യത്തില്‍ പി പ്രഭാകരനെ സ്ഥാനത്ത്‌ തുടരാന്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.
കെ മോഹന്‍ദാസിനെ ചീഫ്‌ സെക്രട്ടറിയാക്കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗമാണ്‌ തീരുമാനിച്ചത്‌. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിരമിക്കാന്‍ രണ്ടുമാസം മാത്രം അവശേഷിക്കേ ചീഫ്‌ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന്‌ കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ വച്ച്‌ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച കെ മോഹന്‍ദാസ്‌ അറിയിക്കുകയായിരുന്നു. കേന്ദ്ര തുറമുഖ വകുപ്പ്‌ സെക്രട്ടറി സ്ഥാനത്തേക്ക്‌ പകരം ഉദ്യോഗസ്ഥന്‍ വരാത്ത സാഹചര്യത്തില്‍ മോഹന്‍ദാസ്‌ തല്‍സ്ഥാനത്ത്‌ തുടരുകയും ചെയ്യുകയാണ്‌. അതിനാല്‍ കാലാവധി പൂര്‍ത്തിയാക്കുന്നതുവരെ പി പ്രഭാകരന്‍ ചീഫ്‌ സെക്രട്ടറി സ്ഥാനത്തു തുടരുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ചിലാണ്‌ പി പ്രഭാകരന്റെ സര്‍വീസ്‌ കാലാവധി അവസാനിക്കുന്നത്‌. അതിനു ശേഷം പുതിയ ചുമതല ഏറ്റെടുത്താല്‍ മതിയെന്നാണ്‌ അദ്ദേഹത്തിനുള്ള നിര്‍ദ്ദേശം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.