പാക്‌ പ്രധാനമന്ത്രിക്ക്‌ സൈന്യത്തിന്റെ അന്ത്യശാസനം

Wednesday 11 January 2012 10:55 pm IST

ഇസ്ലാമാബാദ്‌: കരസേനാ മേധാവിയെ വിമര്‍ശിച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ്‌ റാസാ ഗീലാനിക്ക്‌ പാക്പട്ടാളത്തിന്റെ അന്ത്യശാസനം. കരസേനാ മേധാവിയും ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവനും ഭരണഘടനാലംഘനം നടത്തിയതായി ആരോപിച്ച ഗീലാനി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന്‌ പാക്‌ പട്ടാളനേതൃത്വം മുന്നറിയിപ്പ്‌ നല്‍കി. പട്ടാളത്തിന്റെ ഭീഷണിക്ക്‌ തൊട്ടുപിന്നാലെ പ്രതിരോധ സെക്രട്ടറി ലഫ്‌.ജന. (റിട്ട.) ഖാലിദ്‌ നയീം ലോധിയെ ഗീലാനി പുറത്താക്കുകയും ചെയ്തു.
പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരി നയിക്കുന്ന പാക്‌ ഭരണകൂടവും സൈന്യവും തമ്മിലുള്ള പോരാട്ടം കൂടുതല്‍ ഗുരുതരമായ സ്ഥിതിവിശേഷങ്ങളിലേക്ക്‌ നീങ്ങുന്നതിന്റെ സൂചനയായി ഇത്‌ കണക്കാക്കപ്പെടുന്നു. രാജ്യത്ത്‌ വന്‍ വിവാദമായി മാറിയിരിക്കുന്ന ഒരു സംഭവത്തെപ്പറ്റി സുപ്രീംകോടതിയില്‍ മൊഴി നല്‍കിയ കരസേനാ മേധാവി പര്‍വേസ്‌ അഷ്ഫഖ്‌ കയാനി ഭരണഘടനാലംഘനം നടത്തിയതായി ചൈനീസ്‌ പത്രത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ ഗീലാനി പറഞ്ഞതാണ്‌ സൈന്യത്തെ രോഷാകുലരാക്കിയിരിക്കുന്നത്‌. ഇത്‌ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ്‌ കൂടുതല്‍ വിശദീകരിക്കാതെ സൈനിക നേതൃത്വം മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌.
ഇതേസമയം, പാക്കിസ്ഥാന്‍ പീപ്പിള്‍സ്പാര്‍ട്ടിയും സഖ്യകക്ഷികളും നിര്‍ദ്ദേശിക്കുന്ന പക്ഷം അധികാരം ഒഴിയാന്‍ തയ്യാറാണെന്ന്‌ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരി പറഞ്ഞു. ഗീലാനിയുടെ സാന്നിധ്യത്തില്‍ സഖ്യകക്ഷികളുമായി നടത്തിയ ചര്‍ച്ചയിലാണ്‌ സര്‍ദാരി രാജിസന്നദ്ധത പ്രകടിപ്പിച്ചതെന്ന്‌ പാക്കിസ്ഥാനിലെ ഡോണ്‍ പത്രം റിപ്പോര്‍ട്ടുചെയ്തു. രാജ്യത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനായിരുന്നു യോഗം. അവാമി നാഷണല്‍ പാര്‍ട്ടി, പിഎംഎല്‍ (ക്യൂ), മുത്താഹിദ ഖൗമി മൂവ്മെന്റ്‌ (എംക്യുഎം) നേതാക്കളും പിപിപിയുടെ മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
ഇന്ന്‌ ദേശീയ അസംബ്ലിയുടെ പ്രത്യേക സമ്മേളനവും ഗീലാനി വിളിച്ചുചേര്‍ത്തിട്ടുണ്ട്‌. പാര്‍ലമെന്റ്‌ സമ്മേളനത്തിന്‌ മുന്നോടിയായി എംപിമാരുടെ മറ്റൊരു സമ്മേളനവും വിളിക്കുമെന്ന്‌ പ്രസിഡന്റിന്റെ വക്താവ്‌ അറിയിച്ചു.
സര്‍ദാരിക്കെതിരെയുള്ള അഴിമതിക്കേസുകള്‍ പുനരുജ്ജീവിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ സ്വിറ്റ്സര്‍ലന്റ്‌ സര്‍ക്കാരിന്‌ കത്തെഴുണമെന്ന നിര്‍ദ്ദേശം അനുസരിക്കാത്തതിന്‌ ഗീലാനിയെ സുപ്രീംകോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഭരണകക്ഷി അംഗങ്ങളും സഖ്യകക്ഷികളും നേതാക്കളും യോഗം വിളിച്ചുചേര്‍ത്തത്‌.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.