സമ്പത്ത്‌ ശ്രീപത്മനാഭന്‌ സ്വന്തം

Sunday 3 July 2011 9:12 pm IST

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകള്‍ തുറന്നപ്പോള്‍ കണ്ടെത്തിയ നിധിശേഖരം ഇന്ന്‌ ലോകമാകെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്‌. ആറ്‌ നിലവറകളില്‍ നാലെണ്ണം മാത്രമാണ്‌ തുറന്ന്‌ ഏകദേശ മൂല്യനിര്‍ണയം നടത്തിയിട്ടുള്ളത്‌. തുറക്കാനിരിക്കുന്ന രണ്ടെണ്ണത്തില്‍ ഒന്ന്‌ ഉത്സവാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സാധനസാമഗ്രികള്‍ എടുക്കാന്‍ തുറക്കാറുള്ളതാണ്‌. മറ്റൊന്ന്‌ വളരെ ഭദ്രമായി ഉരുക്കുപാളികള്‍കൊണ്ടുള്ള വാതിലോടുകൂടി അടച്ചുവച്ചിരിക്കുന്നതാണ്‌. അത്‌ നൂറ്റാണ്ടുകളായി അടഞ്ഞുകിടക്കുന്ന അറയാണ്‌. ഈ നിലവറ തത്ക്കാലം തുറക്കാന്‍പറ്റില്ലെന്ന നിലപാടാണ്‌ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സംഘം സ്വീകരിച്ചിട്ടുള്ളത്‌. നാലുനിലവറകളിലെ കണക്കാക്കിയിട്ടുള്ള ആസ്തി ഒരുലക്ഷം കോടി കവിയും. അത്രതന്നെ ശേഖരം ഒരുപക്ഷേ തുറക്കാനിരിക്കുന്ന നിലവറയിലും കാണുമായിരിക്കും. ഇതിനെല്ലാം പുറമെയാണ്‌ ക്ഷേത്രത്തിന്റെ പൊതുവായ മൂല്യം. മൂന്നര ഹെക്ടര്‍ സ്ഥലത്ത്‌ പടര്‍ന്ന്‌ പന്തലിച്ചുനില്‍ക്കുന്ന ക്ഷേത്രത്തിന്‌ സഹസ്രാബ്ദങ്ങളുടെ ചരിത്രമാണ്‌ പറയാനുള്ളത്‌. അളവറ്റ സമ്പത്തിന്റെ വിവരങ്ങള്‍ വെളിപ്പെട്ടതോടെ എല്ലാവരിലും അത്ഭുതമാണ്‌ ഉളവായിട്ടുള്ളത്‌. അതോടൊപ്പം ആശങ്കയും. സുരക്ഷതന്നെയാണ്‌ മുഖ്യം.
ശ്രീപത്മനാഭന്റെ ആസ്തി എന്തുചെയ്യണമെന്നുവരെ ഇപ്പോള്‍ ചിലര്‍ നിര്‍ദ്ദേശിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കണമെന്ന്‌ വാദിക്കുന്നവരും അക്കൂട്ടത്തിലുണ്ട്‌. അസംബന്ധവാദമാണിതെന്നതില്‍ സംശയമില്ല. അതോടൊപ്പം രത്നങ്ങളും സ്വര്‍ണവും തങ്കവും വിഗ്രഹങ്ങളും കിരീടങ്ങളുമെല്ലാം മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന അഭിപ്രായവും ഉയരാന്‍ തുടങ്ങിയിട്ടുണ്ട്‌. ശ്രീപത്മനാഭനെന്നാല്‍ തിരുവിതാംകൂറിന്റെ ഐശ്വര്യമാണ്‌. രാജ്യത്തെ പ്രധാനപ്പെട്ട ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രവുമാണ്‌. ഈ മഹാക്ഷേത്രം പ്രശ്നങ്ങളും പ്രതിസന്ധികളും നേരിട്ടപ്പോള്‍ അതില്‍നിന്നെല്ലാം സംരക്ഷിച്ച്‌ നിര്‍ത്തിയത്‌ ഭഗവാന്റെ അനുഗ്രഹം ലഭിച്ച ആരാധകരാണ്‌. അവരുടെ വിശ്വാസവും ശ്രേയസ്സും അഭിപ്രായവും അവഗണിച്ചുകൊണ്ടുള്ള ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൂട.
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ നിലവറ എത്രയുണ്ടെന്നും അവയിലെല്ലാം എന്തൊക്കെ ഉണ്ടായിരുന്നുവെന്നും പുതുതലമുറ ഇപ്പോള്‍ കേള്‍ക്കുകയാണ്‌. എന്നാല്‍ എല്ലാം അറിയുന്നവരാണ്‌ തിരുവിതാംകൂര്‍ രാജപരമ്പര. എണ്ണിയാലൊടുങ്ങാത്ത സമ്പത്തിന്റെ ഉറവിടമാണ്‌ ശ്രീപത്മനാഭസ്വാമിക്ഷേത്രമെന്നറിഞ്ഞിട്ടും കൊട്ടാരത്തിന്‌ വെള്ളപൂശാന്‍ ചുണ്ണാമ്പിനുള്ള കാശുപോലും കൊണ്ടുപോകാത്തവരാണ്‌ രാജകുടുംബത്തിലെ മുന്‍തലമുറ. കരുതിയിരിപ്പായ ഈ കനകമല അന്യാധീനപ്പെടാതെ കാത്തുസൂക്ഷിക്കുകമാത്രമല്ല ക്ഷേത്രാചാരങ്ങള്‍ക്കും വിശ്വാസികളുടെ അഭിവൃദ്ധിക്കുംവേണ്ടി മാത്രമായി വിനിയോഗിക്കുന്നതെങ്ങനെയെന്ന്‌ വിശദവും വിദഗ്ധവുമായ പഠനവും പരിശോധനയും ആവശ്യമായിരിക്കുന്നു.
നിലവറകളില്‍ നിന്നും കണ്ടെടുത്ത അമൂല്യ വസ്തുക്കള്‍ ക്ഷേത്രത്തിന്റെ സ്വത്താകയാല്‍ സുരക്ഷിതമായി അതേസ്ഥാനത്ത്‌ സൂക്ഷിക്കുകയും ഹിന്ദുക്കളുടെ പൊതുക്ഷേമത്തിനുവേണ്ടി ഉപയോഗപ്പെടുത്തുകയും വേണമെന്ന ഹിന്ദുഐക്യവേദിയുടെ നിര്‍ദ്ദേശം പരിഗണിക്കപ്പെടാവുന്നതാണ്‌. ക്ഷേത്രത്തില്‍ പൂജയ്ക്കും നിത്യാനുഷ്ഠാനങ്ങള്‍ക്കും വേണ്ടി മഹാരാജാക്കന്മാര്‍ സ്വരൂപിച്ചവയും ഭക്തജനങ്ങള്‍ വഴിപാടായി സമര്‍പ്പിച്ചവയുമാണ്‌ ഇത്രകാലവും നിലവറകളില്‍ സൂക്ഷിച്ചിട്ടുള്ള വസ്തുവകകളെല്ലാം. അവ അമൂല്യങ്ങളെന്നുമാത്രമല്ല ചരിത്രപ്രാധാന്യമുള്ള പൈതൃകസമ്പത്തുമാണ്‌. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഭാവിതലമുറയ്ക്ക്‌ പ്രയോജനപ്പെടുന്ന വിധത്തില്‍ വളരെ സുരക്ഷിതമായി അറകളില്‍ സൂക്ഷിച്ചിട്ടുള്ള ഈ സ്വത്തുവകകള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടും ഗൗരവത്തോടും കൂടി തുടര്‍ന്നും പരിരക്ഷിക്കേണ്ടത്‌ ക്ഷേത്രത്തിന്റെയും ഭക്തജനങ്ങളുടെയും താത്പര്യസംരക്ഷണത്തിന്‌ അനിവാര്യംതന്നെയാണ്‌.
ലക്ഷംകോടികള്‍ വിലമതിക്കുന്ന നിധിയും മറ്റും കിട്ടിയെന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ച്‌ അനാവശ്യമായ സംഭീതിയും ആശയക്കുഴപ്പങ്ങളും ഉണ്ടാക്കുന്നത്‌ ശരിയല്ല. ക്ഷേത്രത്തിലെ ആവശ്യത്തിനുവേണ്ടി ഉപയോഗിച്ചു വന്ന പൂജാസാധനങ്ങളും തിരുവാഭരണങ്ങളും വസ്തുവകകളും മാത്രമാണ്‌ ഇപ്പോള്‍ പുറത്തെടുത്ത്‌ തിട്ടപ്പെടുത്തിയിട്ടുള്ളത്‌. നിധിയാണെന്ന്‌ പ്രചരിപ്പിച്ച്‌ അവ സര്‍ക്കാരിനെക്കൊണ്ട്‌ ഏറ്റെടുപ്പിക്കുന്നതിന്‌ ചില ബാഹ്യശക്തികള്‍ ശ്രമം ആരംഭിച്ചത്‌ ആശങ്ക ഉളവാക്കുന്നതും ആപല്‍ക്കരവുമാണ്‌. അറയില്‍ സൂക്ഷിച്ചിട്ടുള്ള എല്ലാ വസ്തുവകകളും ക്ഷേത്രത്തിനും ക്ഷേത്രഭരണാധികാരികള്‍ക്കും ഭക്തജനങ്ങള്‍ക്കും മാത്രം അവകാശപ്പെട്ടതാണ്‌. തുടര്‍ന്നും സുപ്രീംകോടതിയുടെ നിരീക്ഷണവും പരിരക്ഷയും അവയ്ക്ക്‌ ഉണ്ടാകണമെന്നുതന്നെയാണ്‌ ഭക്തജനങ്ങളെല്ലാം ആഗ്രഹിക്കുന്നത്‌. ഇത്ര വിപുലമായ വസ്തുശേഖരം ഹിന്ദുസമൂഹത്തിന്‌ പ്രയോജനപ്പെടുന്ന വിധത്തില്‍ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച്‌ വളരെ ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ട സന്ദര്‍ഭമാണിത്‌. ഹിന്ദു ജനതയുടെ സാമൂഹ്യവും സാംസ്കാരികവും ആധ്യാത്മികവുമായ ഉന്നമനത്തിനുതകുന്നതായിരിക്കണം ഈ പദ്ധതികള്‍. നമ്മുടെ മഹത്തായ പാരമ്പര്യവും പൈതൃകവും സംസ്കാരവും സംബന്ധിച്ച അറിവുപകരാനും പഠനങ്ങള്‍ നടത്തുവാനും ഉപകരിക്കുന്ന രാജ്യാന്തരതലത്തിലുള്ള ശ്രീപത്മനാഭ ഹിന്ദുയൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കണമെന്ന നിര്‍ദ്ദേശം ഭാവിയെക്കുറിച്ച്‌ ചിന്തിക്കുന്നവരെല്ലാം സ്വാഗതംചെയ്യപ്പെടുമെന്നുറപ്പാണ്‌.
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ അറകളില്‍ സൂക്ഷിച്ച സ്വര്‍ണ്ണവും തങ്കവും തിരുവാഭരണങ്ങളും രത്നങ്ങളും മാത്രമല്ല ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റ്‌ വസ്തുവഹകളും സംരക്ഷിക്കപ്പെടേണ്ടതാണ്‌. പലതും അന്യാധീനപ്പെട്ടുപോയി. ക്ഷേത്രാചാരങ്ങളില്‍ മതിപ്പില്ലാത്തവരും വിഗ്രഹാരാധനയില്‍ വിശ്വാസമില്ലാത്തവര്‍പോലും അവയില്‍ പലതും കൈവശപ്പെടുത്തിയിട്ടുണ്ട്‌. നിധിശേഖരം ശ്രീപത്മനാഭസ്വാമിക്ക്‌ സമര്‍പ്പിക്കപ്പെട്ടതാണെന്നും അത്‌ അവിടെതന്നെ സൂക്ഷിക്കുമെന്നും സുരക്ഷാ ചെലവ്‌ സര്‍ക്കാര്‍ വഹിക്കുമെന്നുമുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്‌.