ശിശുക്ഷേമ സമിതി തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍

Monday 15 February 2016 11:44 pm IST

കൊച്ചി: ശിശുക്ഷേമ സമിതിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടികള്‍ക്കായി ഹൈക്കോടതി അഡ്വക്കേറ്റ് കമ്മീഷണറെ നിയമിച്ചു. തിരുവനന്തപുരം സ്വദേശി രഞ്ജിത്ത് രാജേന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് എ മുഹമ്മദ് മുഷ്താഖിന്റെതാണ് ഉത്തരവ്. ഹൈക്കോടതി അഭിഭാഷകനായ വിജി അരുണ്‍കുമാറിനെയാണ് ഹൈക്കോടതി അഡ്വക്കേറ്റ് കമ്മീഷണറായി നിയോഗിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഏത് രീതിയില്‍ നടത്തണം, സംസ്ഥാന കൗണ്‍സിലില്‍ വോട്ടവകാശമുള്ളവരുടെ ലിസ്റ്റ് എതെല്ലാം, തര്‍ക്കത്തിലുള്ളവരുടെ ലിസ്റ്റ് ഏതെല്ലാം തുടങ്ങിയ വിവരങ്ങള്‍ സംബന്ധിച്ച് കമ്മീഷണര്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവ് പറയുന്നു. ശിശുക്ഷേമ സമിതിയുടെ പ്രസിഡണ്ട് മുഖ്യമന്ത്രിയാണ്. കോടതി ഹര്‍ജി പരിഗണിക്കവെ മുഖ്യമന്ത്രിക്കുവേണ്ടി അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ശിശുക്ഷേമ സമതിയിലെ അഡ്മിനിസ്‌ട്രേറ്റര്‍ ബിജു പ്രഭാകര്‍ സത്യവാങ്മൂലം നല്‍കിയത് വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ താന്‍ മുമ്പുനല്‍കിയ സത്യവാങ്മൂലം ശിശുക്ഷേമ സമിതിയിലെ അഡ്മിനിസ്‌ട്രേറ്റര്‍ എന്ന നിലയില്‍ മാത്രം പരിഗണിക്കണമെന്നാവശ്യപ്പെട്ടു അദ്ദേഹം കോടതിയില്‍ വീണ്ടും പത്രിക നല്‍കി. പ്രത്യേക താല്‍പര്യത്താലല്ല സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നും കോടതിക്കുണ്ടായ അസൗകര്യങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നതായും പത്രിക വ്യക്തമാക്കുന്നു. ശിശുക്ഷേമ സമതിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം അവസാനിപ്പിക്കണമെന്നും നിയമപ്രകാരം തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.