സോണിയ നിയന്ത്രിക്കുന്ന കേന്ദ്രഭരണം അഴിമതിയില്‍ മുങ്ങിക്കുളിച്ചു: അഡ്വ. വിക്ടോറിയ ഗൌരി

Sunday 3 July 2011 8:47 pm IST

തലശ്ശേരി: യുപിഎ അധ്യക്ഷയും കോണ്‍ഗ്രസ്‌ പ്രസിഡണ്ടുമായ സോണിയാഗാന്ധി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന്‌ മഹിളാമോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി അഡ്വ.വിക്ടോറിയ ഗൌരി പ്രസ്താവിച്ചു. ഭാരതീയ മഹിളാമോര്‍ച്ച ജില്ലാ പ്രതിനിധി സമ്മേളനം തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സാക്ഷര കേരളത്തിലെ വനിതകള്‍ സ്വതന്ത്രരും സുരക്ഷിതരുമാണെന്നായിരുന്നു വിശ്വാസം. എന്നാല്‍ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ പിഞ്ചുകുട്ടികളടക്കമുള്ള സ്ത്രീസമൂഹം കേരളത്തില്‍ പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തയാണ്‌ ദിനംപ്രതി കേള്‍ക്കുന്നത്‌. ഇതിന്‌ പ്രധാനപ്പെട്ട ഒരുകാരണം കേരളീയസമൂഹത്തിലെ അമിതമദ്യപാനമാണ്‌. അട്ടപ്പാടിയിലും മറ്റു ആദിവാസി മേഖലകളിലും അച്ഛന്‍മാരില്ലാത്ത കുഞ്ഞുങ്ങള്‍ക്ക്‌ യുവതികള്‍ ജന്‍മം നല്‍കുന്നതിനും മുഖ്യകാരണം അമിത മദ്യപാനം തന്നെയാണ്‌. ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടത്‌ മഹിളകളാണ്‌. അതിന്‌ മഹിളാമോര്‍ച്ച നേതൃത്വം നല്‍കണം. ൧൦ഉം ൨൦ഉം അംഗങ്ങളുള്ള മഹിളാമോര്‍ച്ചയുടെ യൂണിറ്റുകള്‍ രൂപീകരിക്കുകയും അതുവഴി നമ്മുടെ മക്കള്‍ക്ക്‌ ഭാരതീയ സംസ്കാരത്തെപ്പറ്റി ചെറുപ്പത്തില്‍ തന്നെ അവബോധമുണ്ടാക്കുകയും ചെയ്യണമെന്നും വിക്ടോറിയ ഗൌരി പറഞ്ഞു. സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട്‌ സി.പി.സംഗീത അധ്യക്ഷത വഹിച്ചു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട്‌ പി.കെ.കൃഷ്ണദാസ്‌, ദേശീയസമിതി അംഗം എം.ടി.രമേശ്‌, സംസ്ഥാന ഉപാധ്യക്ഷ എ.പി.പത്മിനി ടീച്ചര്‍, സെക്രട്ടറി പി.രാഘവന്‍, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി ചന്ദ്രിക ടീച്ചര്‍, ബിജെപി ജില്ലാ പ്രസിഡണ്ട്‌ കെ.രഞ്ചിത്ത്‌, ജനറല്‍ സെക്രട്ടറിമാരായ എ.അശോകന്‍, യു.ടി.ജയന്തന്‍ സംസ്ഥാന സമിതി അംഗം എം.കെ.ശശീന്ദ്രന്‍മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡണ്ട്‌ എന്‍.ഹരിദാസ്‌ സ്വാഗതവും മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീജശിവന്‍ നന്ദിയും പറഞ്ഞു. വിലക്കയറ്റത്തിനെതിരെ ജില്ലാ ജനറല്‍ സെക്രട്ടറി ഷൈനാ പ്രശാന്തും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സെക്രട്ടറി രേഖാ ശിവദാസും അവതരിപ്പിച്ച പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.