തിരുവനന്തപുരം: കോടതിയലക്ഷ്യക്കേസില്‍ നിരുപാധികം മാപ്പ് പറഞ്ഞ് മന്ത്രി കെ.സി. ജോസഫ്. ഇതു സംബന്ധിച്ച കേസില്‍ മന്ത്രി സത്യവാങ്മൂലം നല്കി. ഫേസ്ബുക്ക് പോസ്റ്റിട്ടത് മനഃപൂര്‍വമല്ല. അറിയാതെ സംഭവിച്ച പിഴവാണ്. സംഭവിച്ച തെറ്റ് ബോധ്യമായപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചെന്നും മന്ത്രി പറഞ്ഞു.
നിയമസഭയുള്ളതിനാല്‍ നേരിട്ട് ഹാജരാകാന്‍ കഴിയില്ലെന്നും മന്ത്രി കോടതിയില്‍ ബോധിപ്പിച്ചു. മന്ത്രിയോട് നേരിട്ട് ഹാജരായി കുറ്റാരോപണങ്ങള്‍ക്കു മറുപടി നല്‍കണമെന്നു ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിരുന്നു. ജസ്റ്റീസ് അലക്സാണ്ടര്‍ തോമസിനെ സംബന്ധിച്ചു മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പരാമര്‍ശങ്ങളെ മുന്‍നിര്‍ത്തി വി. ശിവന്‍കുട്ടി എംഎല്‍എ നല്കിയ പരാതിയാണു ഹൈക്കോടതി പരിഗണിച്ചത്.
2015 ജൂണ്‍ 23ന് ഒരു ഹര്‍ജി പരിഗണിക്കവെ അഡ്വക്കറ്റ് ജനറല്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്, എജിയുടെ ഓഫീസ് അടച്ചുപൂട്ടണമെന്നും ബാര്‍ കേസില്‍ ബാറുടമകള്‍ക്കു വേണ്ടി സുപ്രീംകോടതിയില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി ഹാജരാകുന്നതിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് അര്‍ഹതയില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഫേസ്ബുക്കില്‍ മന്ത്രിയുടെ പ്രതികരണം പോസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: