കലാഹൃദയങ്ങള്‍ക്ക് പ്രണാമം അര്‍പ്പിച്ച് സാംസ്‌കാരിപഥങ്ങള്‍ തേടി തപസ്യയുടെ സഹ്യസാനുയാത്ര

Tuesday 16 February 2016 8:55 pm IST

തപസ്യ സഹ്യസാനു യാത്രയുെട ഇന്നലത്തെ പര്യടനത്തിന്റെ സമാപന സമ്മേളനത്തില്‍ നെടുമങ്ങാട്ട്
നല്‍കിയ സ്വീകരണത്തില്‍ ഡോ. ബി. അശോക് സംസാരിക്കുന്നു. പ്രൊഫ. പി. ജി. ഹരിദാസ്,
പി. നാരായണക്കുറുപ്പ്, ഇ.വി. രാജപ്പന്‍ നായര്‍, പ്രൊഫ. സി.ജി. രാജഗോപാല്‍, ജെ. നന്ദകുമാര്‍,
എസ്. രമേശന്‍ നായര്‍, ആര്‍. സഞ്ജയന്‍ എന്നിവര്‍ മുന്‍ നിരയില്‍.

കൊട്ടാരക്കര: മണ്‍മറഞ്ഞ മഹാരഥന്‍മാര്‍ക്ക് പ്രണാമം അര്‍പ്പിച്ച് തപസ്യയുടെ സഹ്യസാനുയാത്ര പ്രയാണം തുടരുന്നു. ഇന്നലെ രാവിലെ പന്തിരുകുലജാതന്‍ പെരുന്തച്ചന്റെ പ്രതിഷ്ഠയാല്‍ കീര്‍ത്തികേട്ട കൊട്ടാരക്കരമഹാഗണപതിയെ വണങ്ങി കഥകളിയുടെ തമ്പുരാനെ അനുസ്മരിച്ച് ചരിത്രസ്മാരകങ്ങളും, സാംസ്‌കാരികപഥങ്ങളും, ലോകംവാഴ്ത്തപെടുന്ന കലാകാരന്‍മാരുടെ സ്മൃതികുടീരങ്ങളും തേടിയുള്ള യാത്ര ആരംഭിച്ചു.

വേലുത്തമ്പിയെ അഭ്രപാളികളിലും,നാടകവേദികളിലും അനശ്വരനാക്കി, അരനാഴികനേരത്തിലെ കുഞ്ഞേനച്ചനിലൂടെ ദേശീയപുരസ്‌കാരം നേടിയ കൊട്ടാരക്കര ശ്രീധരന്‍നായരുടെ ഭവനത്തിലേക്കാണ് സംഘം ആദ്യം എത്തിയത്.എന്റെ ഭൂമി, എന്റെ ‘ഭാഷ, എന്റെ സംസ്‌ക്കാരം എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തികൊണ്ട് കടന്നുവന്ന സാഹിത്യനായകന്‍മാരെ കലാകുടുംബം ഹൃദ്യമായി സ്വീകരിച്ചു. കൊട്ടാരക്കരയുടെ വിധവ വിജയലക്ഷ്മി അമ്മയെ കവി എസ്.രമേശന്‍നായര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

ലോകം കണ്ട ഏറ്റവും മികച്ച അഭിനേതാവ് ആയിരുന്നു കൊട്ടാരക്കരയെന്നും അതുപോലെയുള്ള മഹാനടന്‍മാര്‍ ഇന്നും മലയാളസിനിമക്ക് അന്യമാണന്നും പ്രൊഫ: തുറവൂര്‍ വിശ്വഭംരന്‍ അനുസ്മരിച്ചു. വേലുത്തമ്പി നാടകമാക്കാന്‍ തീരുമാനിച്ചപ്പോള്‍ ആ കഥാപാത്രം ചെയ്യാന്‍ ശക്തനായ കഥാപാത്രത്തെ തേടിയുള്ള അന്വേഷണം ചെന്നവസാനിച്ചത് ശിവാജിഗണേശനിലാണ്.

എന്നാല്‍ ശിവാജി പറഞ്ഞത് ഇതിന് യോഗ്യന്‍ കൊട്ടാരക്കരയാണന്നും അദ്ദേഹത്തിന് മാത്രമെ ഈ വേഷത്തോടെ നീതിപുലര്‍ത്താന്‍ കഴിയൂ എന്നാണെന്നും വിശ്വംഭരന്‍ പറഞ്ഞു. മാത്രമല്ല കൊട്ടാരക്കരയുടെ വേലുത്തമ്പിയെ കാണാന്‍ ശിവജി നേരിട്ട് എത്തുകയും ചെയ്തു.അരനാഴികനേരത്തിലെ കുഞ്ഞേനച്ചനായും സത്യനെ ആയിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കഥ കേട്ടപ്പോള്‍ ഈ വേഷം ചെയ്യാന്‍ കൊട്ടാരക്കരക്ക് മാത്രമെ കഴിയു എന്ന് സത്യനും പറഞ്ഞത് ഈ പ്രതിഭയുടെ കരുത്താണ ് കാണിക്കുന്നത്.

കഥാപാത്രമായി ജീവിക്കുകയായിരുന്നു ശ്രീധരന്‍നായര്‍.അതാണ് ചെമ്പന്‍ കുഞ്ഞിനെ അനുകരിക്കാന്‍ ശ്രമിച്ച അമരത്തിലെ മമ്മൂട്ടിക്ക് പൂര്‍ണ്ണമായും വിജയിക്കാന്‍ കഴിയാഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെള്ളിത്തിരയില്‍ മിന്നിതിളങ്ങുന്നതിനിടയില്‍ പൊലിഞ്ഞുപോയ ബോബി കൊട്ടാരക്കരയുടെ വീട്ടില്‍ വൈകാരികമായ സ്വീകരണമാണ് ലഭിച്ചത്. ബോബിയുടെ ഓര്‍മ്മയില്‍ വിങ്ങിപ്പൊട്ടിയ മാതാവിനെ കവി രമേശന്‍നായര്‍ ആശ്വസിപ്പിച്ച് തപസ്യയുടെ ആദരം കൈമാറി.
മലയാളസിനിമയിലെ സാധാരണക്കാരുടെ പ്രതിനിധി ആയിരുന്നു ബോബിയെന്ന് കഥാപാത്രങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്ന് പ്രൊഫ: തുറവൂര്‍ വിശ്വഭംരന്‍ അനുസ്മരിച്ചു.

വില്ലന്റേയും നായകന്റേയും ഇടയില്‍ സാധാരണക്കാരന്റെ വികാരങ്ങള്‍ പങ്ക് വച്ച നടന്‍ ഉദിച്ചുയരുന്ന സമയത്താണ് ചമയങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് മണികെട്ടിയവീട്, ലളിതാംബികാഅന്തര്‍ജ്ജനത്തിന്റെ വസതി, പുനലൂര്‍ തൂക്കുപാലം, കോട്ടവട്ടം ഗുഹാക്ഷേത്രം, ചടയമംഗലം ജഡായുപാറ എന്നിവ സംഘം സന്ദര്‍ശിച്ചു.പ്രൊഫ: പി.ജി,ഹരിദാസ്,ഡോ:

എ.പി.അനില്‍കുമാര്‍,ഡോ:ബാലകൃഷ്ണന്‍,പി.ഉണ്ണികൃഷ്ണന്‍, സി.രജിത്കുമാര്‍, എം.സതീശന്‍, പി,രമടീച്ചര്‍, ഡോ:അശ്വതി,അനൂപ് കുന്നത്ത്, കെ.പി.വേണുഗോപാല്‍,പി.കെ.വിജയകുമാര്‍, തൃക്കണ്ണംമംഗല്‍ ഗോപകുമാര്‍, അഡ്വ: കൃഷ്ണകുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്.

അഗ്നിസാക്ഷി പിറന്ന തറവാട്ടില്‍ 

തപസ്യയുടെ സാഹിത്യസദസ്സ്
കൊട്ടാരക്കര: അഗ്നിസാക്ഷി എന്ന ഏക നോവലിലൂടെ മലയാളസാഹിത്യ തറവാട്ടില്‍ കാരണവന്‍മാര്‍ക്കൊപ്പം കസേര ഇട്ടിരുന്ന ലളിതാംബിക അന്തര്‍ജ്ജനം പിറന്ന തറവാട്ടില്‍ തപസ്യയുടെ സാഹിത്യസദസ്.കവി എസ്.രമേശന്‍നായരും,പ്രൊഫ: തുറവൂര്‍ വിശ്വഭംരനും നേതൃത്വം നല്‍കിയ സദസില്‍ കേരളത്തിലെയും ഭാരതത്തിലേയും സാഹിത്യവിഭവങ്ങളും, ലളിതാംബികാ അന്തര്‍ജ്ജനത്തിന്റെ അഗ്നിസാക്ഷിയും ചര്‍ച്ചയായി.

തപസ്യയുടെ സഹ്യസാനുയാത്രയുടെ ഭാഗമായാണ് സംഘം ലളിതാംബികാഅന്തര്‍ജ്ജനത്തിന്റെ കൊട്ടാരക്കര കോട്ടവട്ടത്തുള്ള വസതിയില്‍ എത്തിയത്. ലളിതാംബികയുടെ സഹോദരന്‍മാരായ ശ്രീധരന്‍പോറ്റി,സുകുമാരന്‍പോറ്റി എന്നിവരെ എസ്.രമേശന്‍നായര്‍ പൊന്നാടയണിച്ച് ആദരിച്ചു

.പ്രൊഫ: പി.ജി,ഹരിദാസ്,ഡോ: എ.പി.അനില്‍കുമാര്‍,ഡോ:ബാലകൃഷ്ണന്‍,പി.ഉണ്ണികൃഷ്ണന്‍, സി.രജിത്കുമാര്‍, എം.സതീശന്‍, പി,രമ ടീച്ചര്‍, ഡോ:അശ്വതി,അനൂപ് കുന്നത്ത്, കെ.പി.വേണുഗോപാല്‍,പി.കെ.വിജയകുമാര്‍, തൃക്കണ്ണംമംഗല്‍ ഗോപകുമാര്‍, അഡ്വ: കൃഷ്ണകുമാര്‍,കോട്ടവട്ടം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സദസില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.