ടിപ്പര്‍ കാറിലും ബൈക്കിലും ഇടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്

Tuesday 16 February 2016 9:15 pm IST

ചാരുംമൂട്: മണ്ണ് കയറ്റി അമിത വേഗതയില്‍ എത്തിയ ടിപ്പര്‍ കാറിലും ബൈക്കിലും ഇടിച്ച് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്. കാര്‍ യാത്രക്കാരായ കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് സ്വദേശികളായ കിഴക്കേ ചരുവില്‍ കമലാസനന്‍ (62), മംഗലത്ത് കാര്‍ത്തികേയന്‍ (72), പാലത്തും പാട്ട് പ്രശാന്ത് (49), ബൈക്ക് യാത്രക്കാരനായ ചുനക്കര നാരായണ വിലാസം ശ്രീകാന്ത് (25), ടിപ്പര്‍ ഡ്രൈവര്‍ രാജീവ് (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30 ന് വെട്ടിക്കോടിനും തുരുത്തി മുക്കിനുമിടയിലായിരുന്നു അപകടം. കായംകുളം ഭാഗത്തു നിന്നും അമിതവേഗതയില്‍ മണ്ണ് കയറ്റി എത്തിയ ടിപ്പര്‍ നിയന്ത്രണം വിട്ട് ചാരുംമൂട് ഭാഗത്തേക്ക് വന്ന കാറില്‍ ഇടിക്കുകയായിരുന്നു. കാര്‍ റോഡില്‍ നിര്‍ത്തി ഫോണില്‍ സംസാരിച്ചുകൊണ്ടു നിന്നിരുന്ന ബൈക്ക് യാത്രക്കാരനായ യുവാവിനെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ടിപ്പര്‍ തല കീഴായി റോഡിന് കുറുകെ മറിഞ്ഞു. കെപി റോഡില്‍ ഒരു മണിക്കുറോളം ഗതാഗതം സ്തംഭിച്ചു. നൂറനാട് പോലീസ് സംഭവസ്ഥലത്തെത്തി ജെസിബി ഉപയോഗിച്ച് ടിപ്പര്‍ മാറ്റിയതിനു ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തില്‍ പെട്ടവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.