മനോജ് വധവും സമനിലതെറ്റിയ സിപിഎമ്മും

Tuesday 16 February 2016 9:49 pm IST

ആര്‍എസ്എസ് ജില്ലാതല കാര്യകര്‍ത്താവായിരുന്ന മനോജിനെ ആസൂത്രിതമായി ബോംബെറിഞ്ഞും വെട്ടിനുറുക്കിയും കൊന്ന കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജയരാജനെ സിബിഐ പ്രതിയാക്കിയതോടെ സിപിഎം സംസ്ഥാന നേതൃത്വത്തിന് സമനില തെറ്റിയിരിക്കുന്നു. സിപിഎം നേതാക്കളുടെ ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകളും പോര്‍വിളികളും തെളിയിച്ചുകൊണ്ടിരിക്കുന്നതതാണ്. കേരള രാഷ്ട്രീയത്തില്‍ ഉന്നതരായ നേതാക്കന്മാര്‍ കൊലക്കേസ് പ്രതികളാകുന്നത് ഇതാദ്യമല്ല. പി.ജയരാജനെ മനോജ് വധക്കേസില്‍ സിബിഐ പ്രതിയാക്കിയത് വിശദമായ അന്വേഷണത്തിനുശേഷമാണ്. സമാഹരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയില്‍നിന്ന് കൂടതുല്‍ വിവരങ്ങള്‍ ആരാഞ്ഞറിയാന്‍ സിബിഐ നിയമപരമായ എല്ലാശ്രമങ്ങളും നടത്തിയിരുന്നു. പക്ഷേ അതൊക്കെ സിപിഎം പരാജയപ്പെടുത്തി. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളയാളാണ് ജയരാജന്‍. ഇയാളെ കുറ്റക്കാരനാണെന്ന് കണ്ട് കോടതി തടവിന് ശിക്ഷിക്കുകയും ശിക്ഷ അപ്പീല്‍ കോടതി ശരിവെയ്ക്കുകയും ചെയ്ത കേസുമുണ്ട്. മനോജ് കേസിന്റെ അന്വേഷണത്തെ അട്ടിമറിക്കാന്‍ അദ്ദേഹവും പാര്‍ട്ടിയും കഴിയുംവിധം ശ്രമിച്ചിട്ടുമുണ്ട്. ഈ കേസില്‍ ജയരാജന്‍ എന്ന പ്രതിയെ സംബന്ധിച്ചിടത്തോളം അസാധാരണമാംവിധം സിബിഐ ഉദാരത കാട്ടുന്നുവെന്ന് നിഷ്പക്ഷമതികളായ എല്ലാവര്‍ക്കും ബോദ്ധ്യമായിട്ടുണ്ട്. ക്രിമിനല്‍ നടപടിക്രമപ്രകാരം സിബിഐ ഹാജരാകാനായി ഈ സംശയിക്കപ്പെട്ട കുറ്റവാളിക്ക് അയച്ച നോട്ടീസിന് അതെഴുതിയ കടലാസിന്റെ വിലപോലും നല്‍കാന്‍ ജയരാജനും കൂട്ടരും തയ്യാറാവുകയുണ്ടായില്ല. അതിനെയൊക്കെ അവഗണിച്ചും അട്ടിമറിച്ചും മുന്നോട്ടുപോകാന്‍ സിപിഎമ്മിനു കഴിഞ്ഞു. സിബിഐ സാധാരണ ചെയ്യേണ്ട നടപടിക്രമങ്ങള്‍ മരവിപ്പിച്ചു. എന്തുകൊണ്ട്? നീതിപീഠങ്ങള്‍ ജയരാജന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഒന്നിലധികം തവണ തള്ളുകയുണ്ടായി. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം കുറ്റാന്വേഷണ സംവിധാനം സ്വീകരിക്കേണ്ട നിയമ നടപടികള്‍ എന്തേ ജയരാജന്റെ കാര്യത്തിലുണ്ടായില്ല എന്ന ചോദ്യത്തോട് സിബിഐ പുലര്‍ത്തുന്ന കുറ്റകരമായ മൗനം ആപത്കരം തന്നെയാണ്. ഇക്കാര്യത്തില്‍ നിയമം നിസ്സഹായമാകുന്ന നിമിഷങ്ങള്‍ സിബിഐ സ്വയം സൃഷ്ടിച്ചു എന്നാരോപിക്കുന്നവരെ ആര്‍ക്കും കുറ്റപ്പെടുത്താനാവില്ല. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കതിരൂര്‍ മനോജ് വധക്കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടും അതിന് തയ്യാറാവാതിരുന്ന സിബിഐയെ അതിനിശിതമായി വിമര്‍ശിക്കുകയും തുടര്‍ന്ന് ഗത്യന്തരമില്ലാതെ കേസ് ഡയറി അവര്‍ കോടതിയില്‍ ഹാജരാക്കുകയുമാണുണ്ടായത്.'നിയമത്തിന് മുന്നില്‍ ധനികനും ദരിദ്രനും പഠിപ്പുള്ളവനും ഇല്ലാത്തവനും ഉന്നതനും കീഴാളരുമെല്ലാം ഒരു പോലെയാണെന്ന് ഡിവിഷന്‍ ബെഞ്ചിന് ബന്ധപ്പെട്ടവരെ ഓര്‍മ്മിപ്പിക്കേണ്ടതായും വന്നു. എന്തുകൊണ്ട്? ഇക്കാര്യത്തില്‍ കോടതി പരാമര്‍ശം നടത്തിയത് സിപിഎം നിഷേധാത്മക നിലപാടിന്റെയും അതിന് വഴിപ്പെട്ട് അന്ധാളിച്ചുപോയ സിബിഐയുടെ നിഷ്‌ക്രിയത്വവുംകൊണ്ടാണെന്ന് ആരും ന്യായമായും സംശയിച്ചുപോകും. ജയരാജന്‍ അറസ്റ്റുചെയ്യപ്പെട്ട സംഭവത്തിന്റെപേരില്‍ ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാനായി സിപിഎം ഇപ്പോള്‍ ഗീബല്‍സിയന്‍ നുണകളുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കയാണ്. നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന ഒരു ദേശീയ പാര്‍ട്ടി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നുണപ്രചാരണങ്ങളാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. കതിരൂര്‍ കേസില്‍ സിബിഐയുടെ ദുരുപയോഗം ആരോപിക്കുന്ന സിപിഎം സംഭവത്തിന്റെപേരില്‍ ആര്‍എസ്എസ്സിനെ പ്രതിക്കൂട്ടിലാക്കി ന്യൂനപക്ഷവോട്ട് തട്ടിയെടുക്കാനുള്ള ഗൂഢശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജയരാജന്‍ ഗൂഢാലോചന നടത്തി പ്ലാനും പദ്ധതിയും ആവിഷ്‌കരിച്ച് നടത്തിയ ക്രിമിനല്‍ കുറ്റമാണ് മനോജിന്റെ വധമെന്ന് സിബിഐ തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയിട്ടുള്ളതാണ്. പ്രഥമദൃഷ്ട്യായുള്ള തെളിവായി സെഷന്‍സ് കോടതിയും ഹൈക്കോടതിയും ഈ വസ്തുത അംഗീകരിച്ചിരിക്കുന്നു. കേസിന്റെ വിചാരണയിലൂടെ മാത്രമേ പ്രതിയായ സിപിഎം നേതാവ് കുറ്റക്കാരനാണോ അല്ലയോ എന്നകാര്യം ആന്ത്യന്തികമായി നിര്‍ണ്ണിയിക്കപ്പെടാനാവുകയുള്ളൂ. അതിനുള്ള അവസരം ജയരാജന് ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. പ്രാഥമിക ഘട്ടത്തില്‍ ജയരാജനെതിരെയുള്ള തെളിവുകള്‍ എന്താണെന്ന് അറിയാനുള്ള അവസരം പൊതുവില്‍ നിയമപ്രകാരം ആര്‍ക്കും ലഭ്യമല്ല എന്നതാണ് നമ്മുടെ നിയമവ്യവസ്ഥയുടെ നിബന്ധന. ഇത്തരമൊരവസരം സിപിഎം ഉള്‍പ്പെട്ട പൊതുസമൂഹത്തിന് ലഭ്യമല്ല. കേസ് ഡയറിയിലെ ഉള്ളടക്കം കോടതിക്ക് ഒഴികെ മറ്റാര്‍ക്കെങ്കിലും പരിശോധിച്ചു നോക്കാന്‍ നിയമപ്രകാരം അനുമതിയുമില്ല. ഈ സാഹര്യത്തില്‍ കേസ് ഡയറിയിലെ ഉള്ളടക്കങ്ങളില്‍ ജയരാജനെതിരെ യാതൊരുവിധ തെളിവുമില്ല എന്ന പരസ്യപ്രസ്താവന എങ്ങനെ സിപിഎമ്മിനു നടത്താനാവും? സിപിഎമ്മും അവരുടെ സഹയാത്രികരായ മാധ്യമങ്ങളും ജയരാജന്‍ കേസിനോട് ബന്ധപ്പെട്ട് നടത്തുന്ന കുപ്രചാരണങ്ങള്‍ ഒരുനിലക്കും ന്യായീകരിക്കത്തക്കതല്ല. തലശ്ശേരി ജില്ലാ കോടതിയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും കേസ് ഡയറി പരിശോധിച്ച് ജയരാജനെതിരെ ശക്തമായ തെളുവുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ക്രിമിനല്‍ നടപടിക്രമം 438-ാം വകുപ്പുപ്രകാരം ഫയലാക്കിയ ജാമ്യഹരജികള്‍ തള്ളിയിട്ടുള്ളത്. പ്രസ്തുത വിധികള്‍ക്കെതിരെ സുപ്രീം കോടതിയില്‍ പോകാന്‍ ധൈര്യമില്ലാത്ത സിപിഎം പാര്‍ട്ടി തീരുമാനമനുസരിച്ച് ജയരാജനെ കോടതിയില്‍ കീഴടക്കുകയാണുണ്ടായത്. ചുരുക്കത്തില്‍ നീതിപീഠങ്ങള്‍ പ്രഥമദൃഷ്ട്യാ ജയരാജനെതിരെ തെളിവുണ്ടെന്ന് കണ്ടെത്തിയ നിഗമനങ്ങളെ സിപിഎം അംഗീകരിച്ച സ്ഥിതിക്ക് പ്രതിക്കെതിരെ തെളിവില്ലെന്നും ആര്‍എസ്എസ്സുകാര്‍ കെട്ടിചമച്ചുണ്ടാക്കിയ കേസാണെന്നും പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധവും അധാര്‍മ്മികവുമാണ്. ജയരാജന്റെ ജാമ്യഹരജി തള്ളിക്കൊണ്ട് കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സിപിഎം നേതാക്കള്‍ ഒരാവര്‍ത്തിയെങ്കിലും വായിച്ചുമനസ്സിലാക്കാന്‍ ശ്രമക്കുന്നത് നന്നായിരിക്കും. കേസിലെ തെളിവുകള്‍ പ്രതിയെ കുറ്റാരോപണവുമായി ബന്ധിപ്പിക്കുന്നതിന് മതിയായതാണെന്ന കണ്ടെത്തലാണ് കോടതി നടത്തിയിട്ടുള്ളത്. വലിയപദവികള്‍ വഹിക്കുന്ന വ്യക്തിയാണ് ജയരാജനെന്നും ജനോപകാരപ്രദമായ പ്രവൃത്തികളായ ജൈവ പച്ചക്കറി കൃഷി, യോഗയുടെ പ്രചാരണം, രോഗികളുടെ സാന്ത്വന പരിചരണം എന്നിവ നടത്തിവരുന്ന ആളാണെന്നും സിപിഎം ബോധിപ്പിച്ചു. അത് ജാമ്യം ലഭിക്കാന്‍ കാരണമാക്കേണ്ടതാണെന്നും സിപിഎം ജില്ലാ സെക്രട്ടറി കോടതിയില്‍ ഫയലാക്കിയ ഹരജിവഴി ആവശ്യപ്പെടുകയാണുണ്ടായത്. ഹീനമായ നിരവധി കൊലപാതകങ്ങളില്‍ പ്രതിയാവുകയും മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെടുകയും ചെയ്ത ഒരാള്‍ കോടതിയുടെ സഹതാപം കിട്ടാന്‍ ഇപ്രകാരമൊക്കെ വാദിക്കുന്നത് തന്നെ ജയരാജനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും എത്തിപ്പെട്ട ഗതികേടിന്റെ ആഴമാണ് വിളിച്ചോതുന്നത്. പച്ചക്കറി കൃഷിയും യോഗയുടെ പ്രചാരകനായതുമൊക്കെ നേട്ടങ്ങളായി അവകാശപ്പെട്ടുകൊണ്ട് ഒരു കമ്യൂണിസ്റ്റുകാരന് കൊലക്കേസില്‍ ദയാദാക്ഷിണ്യത്തിനായി അപേക്ഷ നടത്തേണ്ടിവരുന്നത് തികച്ചും അപഹാസ്യമാണ്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അര്‍ഹിക്കുന്ന തരത്തില്‍ ഈ വാദങ്ങളെ അവഗണിക്കുകയോ നിരാകരിക്കുകയോ ആണ് ഉണ്ടായത്. ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ഭാഗവതിനെകണ്ട് മനോജിന്റെ കുടുംബാഗങ്ങള്‍ കേസന്വേഷണം ശക്തിപ്പെടുത്താന്‍ സഹായിക്കണമെന്നഭ്യര്‍ത്ഥിച്ചത് ഒരു മഹാപാതകമായിട്ടാണ് സിപിഎം ഇപ്പോള്‍ കാണുന്നത്. സംഘ കുടുംബത്തിലെ ഗൃഹനാഥനെ കണ്ട് മനോജിന്റെ കുടുംബാംഗങ്ങള്‍ വിഷമങ്ങള്‍ പങ്കിടുന്നതിനെ ഒരു മഹാപാതകമായി കരുതുന്ന സിപിഎം നിലപാട് മറുപടി അര്‍ഹിക്കുന്നില്ല. എന്തു തെറ്റാണിതിലുള്ളത്? അവജ്ഞയോടെ സാക്ഷര കേരളം ഈ സിപിഎം നിലപാടിനെ അവഗണിച്ചിരിക്കുന്നു. സിബിഐ കേസന്വേഷണം നടത്തുമ്പോള്‍ അതില്‍ കെടുകാര്യസ്ഥതയോ കൃത്യവിലോപമോ ഉണ്ടായാല്‍ അതിനെതിരെ സര്‍ക്കാരിനോ സിബിഐ ഡയറക്ടര്‍ക്കോ കോടതിക്കോ ഭരണകക്ഷിയുടെ തലവനോ പരാതി നല്‍കാന്‍ ഏത് പൗരനും അവകാശമുണ്ട്. ഇതൊക്കെ വന്‍ പ്രശ്‌നങ്ങളായി അവതരിപ്പിക്കുന്ന രാഷ്ട്രീയ ശൈലിയും മാധ്യമ നിലപാടുകളും അത്യന്തം അപലപനീയമാണ്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ ഷുക്കൂര്‍ കേസിലും മനോജ് കേസിലും ഹൈക്കോടതിയിലെ വ്യത്യസ്തമായ ബെഞ്ചുകള്‍ നടത്തിയ കണ്ടെത്തലുകളും നിഗമനങ്ങളും ഹീനമായ ക്രിമിനല്‍ കേസുകളില്‍ ഈ രാഷ്ട്രീയ നേതാവിനുള്ള കുറ്റകരമായ പങ്കാണ് ഉയര്‍ത്തികാട്ടുന്നത്. ഇത് സിപിഎം കാപാലിക രാഷ്ട്രീയത്തിനേറ്റ തിരിച്ചടികൂടിയാണ്. കോടതി വിധിയുടെ അന്തസത്തയെ മാനിക്കുകയും നിയമം അതിന്റെ വഴിക്ക് സുഗമമായി നീങ്ങാന്‍ അനുവദിക്കുകയുമാണ് രാഷ്ട്രീയപാര്‍ട്ടികളും മാധ്യമങ്ങളും പൊതുസമൂഹവും ചെയ്യേണ്ടത്. എന്നാല്‍ കേസന്വേഷണത്തിന്റെ ഗതിപ്രവാഹത്തെ പേശീബലംകൊണ്ടും രാഷ്ട്രീയ സ്വാധീനം കൊണ്ടും മാധ്യമബലംകൊണ്ടും തടഞ്ഞുനിര്‍ത്താനോ അട്ടിമറിക്കാനോ ഉള്ള ശ്രമങ്ങള്‍ നിയമവാഴ്ചയുടെ പതനത്തിലേക്കായിരിക്കും കാര്യങ്ങളെ കൊണ്ടെത്തിക്കുക. ഷുക്കൂര്‍ വധക്കേസില്‍ കേസ് അട്ടിമറിച്ച് ജയരാജനെ രക്ഷപ്പെടുത്താന്‍ നടത്തിയ ശ്രമത്തില്‍ സിപിഎം-കോണ്‍ഗ്രസ്-പോലീസ് സംവിധാനങ്ങള്‍ കൂട്ടു പ്രതികളാണ്. കോടിയേരി ബാലകൃഷ്ണന്റെ നാട്ടില്‍ നടന്ന സിപിഎം നേതാവ് ദാസന്റെ കൊലപാതകത്തില്‍ ആര്‍എസ്എസ്സുകാരെ പ്രതികളാക്കാന്‍ കോടതിയുടെ സേഫ് കസ്റ്റഡിയില്‍ സൂക്ഷിക്കപ്പെട്ടിരുന്ന കേസ് രേഖകളില്‍പോലും കുറ്റാന്വേഷണ സംവിധാനം കൃത്രിമം കാണിച്ചതായി തലശ്ശേരി സെഷന്‍സ് കോടതി കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ച തലശ്ശേരി സെഷന്‍സ് കോടതി പ്രസ്തുത കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്മാരും കോടതിസ്റ്റാഫും മറ്റും പ്രതികള്‍ക്കെതിരെ സിപിഎം നടത്തിയ കൃത്രിമരേഖ ചമയ്ക്കല്‍ കണ്ടെത്തുകയും ഇക്കാര്യത്തില്‍ അന്വേഷണവും മേല്‍നടപടികളും ശുപാര്‍ശ ചെയ്യുകയുമുണ്ടായി. എന്നാല്‍ അതൊന്നും നടക്കാതെപോയ നാടാണ് നമ്മുടേത്. കോടതിക്കുള്ളില്‍പ്പോലും സിപിഎമ്മിന് കൃത്രിമം നടത്തി ആര്‍എസ്എസ്സുകാരെ പ്രതികളാക്കി ദ്രോഹിക്കാനാവുമെന്ന് ദാസന്‍ കേസിലെ വിധിന്യായം സാക്ഷ്യപ്പെടുത്തുന്നു. ആ കേസില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായി കേസ് നടത്തിയ അഭിഭാഷകനാണ് ഈ ലേഖകന്‍. തലശ്ശേരിയില്‍ എന്‍ഡിഎഫുകാരനായ ഫസലിനെ ചെറിയ പെരുന്നാളിന്റെ തലേദിവസം വെളുപ്പിനെ ആസൂത്രിതമായി കൊല്ലുകയും അത് ആര്‍എസ്എസ്സുകാര്‍ നടത്തിയ ന്യൂനപക്ഷ കൊലയെന്ന് പറഞ്ഞ് എന്‍ഡിഎഫുമായി ചേര്‍ന്ന് വ്യാപകമായി പ്രചരിപ്പിക്കുകയും സര്‍വ്വസന്നാഹങ്ങളുമായി വര്‍ഗ്ഗീയ കലാപത്തിന് സിപിഎം അരങ്ങൊരുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദൈവീകമായ ഒരു അദൃശ്യശക്തിയുടെ ഇടപെടല്‍ കൊണ്ടാവാം ക്രിമിനലുകളുടെ കൈപ്പത്തി അടയാളം വിരല്‍ ചൂണ്ടിയവഴിയിലൂടെ അന്വേഷണം നീങ്ങുകയും കുറ്റക്കാര്‍ സിപിഎമ്മുകാരാണെന്ന് തെളിയുകയും ചെയ്തു. ഹൈക്കോടതിയാണ് ആ കേസ് സിബിഐക്കു കൈമാറിയതും കാരായിമാര്‍ വെട്ടിലായതും. അതുകൊണ്ടാണ് തലശ്ശേരിയില്‍ നിരപരാധികളായ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ തലയുരുളേണ്ട അവസ്ഥ ഒഴിവായത്. ഇതെല്ലാം സിപിഎം അക്രമവാസന കണ്ണൂരില്‍ അരങ്ങുതകര്‍ക്കുമ്പോള്‍ സംഭവിച്ചിട്ടുള്ളതാണ്. നിക്ഷ്പക്ഷരായ പൊതുസമൂഹം അക്രമരാഷ്ട്രീയം വിലയിരുത്തുമ്പോള്‍ സാധനാപാഠമാകേണ്ട സംഭവങ്ങളായി മനോജ് കേസും ഫസല്‍ കേസുമൊക്കെ മാറിയിട്ടുണ്ട്.