സരിതയുടെ സ്വന്തം ഭരണാധികാരികള്‍

Tuesday 16 February 2016 10:22 pm IST

കേരളത്തില്‍ പണ്ഡോരയുടെ പെട്ടകം തുറന്നത് ആദര്‍ശധീരനായ സുധീരനാണ്. അദ്ദേഹം പ്രഖ്യാപിച്ച മദ്യനിരോധനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഏറ്റെടുക്കേണ്ടിവന്നത് സ്വന്തം മുഖംരക്ഷിക്കാനാണ്. മദ്യനിരോധന പ്രഖ്യാപനം വന്നതോടെ കേരളത്തിലെ ഫൈവ് സ്റ്റാര്‍ ബാറുകളൊഴിച്ച് മറ്റു ബാറുകള്‍ പൂട്ടുകയും ചെയ്തതോടെ ബാര്‍ ഉടമകള്‍ ഉമ്മന്‍ചാണ്ടിക്കെതിരായി സംഘടിച്ചു. അതിന്റെ പ്രത്യാഘാതങ്ങള്‍ക്കും പ്രതിധ്വനികള്‍ക്കുമാണ് ഇപ്പോള്‍ കേരളം സാക്ഷ്യംവഹിക്കുന്നത്. സാധാരണക്കാരായ മലയാളികള്‍ പറയുന്നത് ബാറുകള്‍ പൂട്ടാതിരുന്നെങ്കില്‍ ഇതൊന്നും വരികയില്ലെന്നാണ്. ബാറുകള്‍ തുറന്നുകിട്ടണമെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പോകണം. മദ്യശാലയായ കേരളത്തില്‍ മദ്യനിരോധനംകൊണ്ടുവന്നാലും മദ്യപിക്കേണ്ടവര്‍ മദ്യപിക്കും എന്ന് ചാരായനിരോധനം തെളിയിച്ചതാണ്. കേരളത്തിന്റെ മദ്യനയത്തിന് സുപ്രീംകോടതി അംഗീകാരം നല്‍കിയിരിക്കുകയാണ്. ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനം എന്ന ലക്ഷ്യത്തിലേക്കാണ് കേരളം നീങ്ങേണ്ടിയിരുന്നത്. മദ്യനിരോധനത്തിന്റെ പ്രയോജനം ആഗ്രഹിക്കുന്നവരാണ് ഗാര്‍ഹികപീഡനത്തില്‍ കുഴങ്ങുന്ന വീട്ടമ്മമാര്‍. പക്ഷെ കേരളം ലഹരിമുക്തമാകുമോ? മദ്യം കിട്ടാനുള്ള ലഭ്യതയാണ് കുടിയന്മാര്‍ കൂടാന്‍ കാരണമെന്നാണ് പൊതുധാരണ. മദ്യനയത്തില്‍ പ്രകോപിതരായ ബാര്‍ ഉടമകള്‍ ബിജു രമേശിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനെ താഴെവീഴ്ത്താന്‍ കളത്തിലിറങ്ങിയതിനോടൊപ്പം സോളാര്‍ വിവാദവുമായി സരിതാ നായരും രംഗപ്രവേശം ചെയ്യുകയുണ്ടായി. ഇന്ന് പത്രങ്ങള്‍ എടുത്താലും ടിവി തുറന്നാലും കേള്‍ക്കുന്ന ശബ്ദവും കാണുന്ന ചിത്രവും സരിതാനായരുടേതാണ്. ഇത് എന്തുസന്ദേശമാണ് പുതുതലമുറയ്ക്ക് നല്‍കുന്നതെന്ന് ആരും ആശങ്കപ്പെടുന്നില്ല. ബിസിനസ്സ് സംരംഭകരെന്ന വ്യാജേന പെണ്ണുടലിന്റെ പ്രലോഭനങ്ങളുമായി സരിതയും ബിജു രാധാകൃഷ്ണനും രംഗപ്രവേശം ചെയ്തതോടെ കേരളത്തെ ഞെട്ടിക്കുന്ന സംഭവവികാസങ്ങളാണുണ്ടായത്. സരിതയുടെ ആരോപണമുനകള്‍ വളരെയധികം രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ തിരിഞ്ഞപ്പോള്‍ കേസന്വേഷിക്കാന്‍ രൂപീകൃതമായ സോളാര്‍ കമ്മീഷനില്‍നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ അപസര്‍പ്പക കഥകളേയും പൈങ്കിളിക്കഥകളേയും വെല്ലുന്നതാണ്. ഭരണകാര്യങ്ങളില്‍ വ്യാപൃതനാവേണ്ട മുഖ്യമന്ത്രി സോളാര്‍ കമ്മീഷനുമുമ്പില്‍ മൊഴിനല്‍കാന്‍ ചെലവഴിച്ചത് 14 മണിക്കൂര്‍. തനിക്ക് സരിതയെയോ ബിജുവിനെയോ പരിചയമില്ലെന്നഭിനയിക്കുന്ന മുഖ്യമന്ത്രിയെ സരിത പ്രതിരോധിച്ചത് തനിക്ക് അദ്ദേഹവുമായി വ്യക്തിപരമായ അടുപ്പവും സ്വാതന്ത്ര്യവും ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിന് പണം നല്‍കിയിട്ടുണ്ടെന്നും വെളിപ്പെടുത്തിയാണ്. വിശ്വാസ്യത നഷ്ടപ്പെട്ട മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ഈ ആരോപണം ജനങ്ങള്‍ വിശ്വസിക്കാനല്ലേ സാധ്യത? ബിജു രമേശ് പറയുന്നത് ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പൂട്ടിയ 418 ബാറുകളും തുറന്നുതരാമെന്ന് മുന്നണി നേതാക്കള്‍ ഉറപ്പുനല്‍കിയതായാണ്. തങ്ങളുടെ നയം മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് എന്നു പിണറായി വിജയന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുമുണ്ട്. ബാര്‍ കോഴക്കേസില്‍ എസ്പി സുകേശന്റെ അന്വേഷണ ഫലമായി ധനമന്ത്രി മാണി മന്ത്രിസഭയ്ക്ക് പുറത്തായി. കെ.ബാബു പുറത്തുപോയെങ്കിലും മന്ത്രിക്കസേരിയില്‍ തിരിച്ചെത്തി. ബാര്‍ കോഴ കേസിലെ സിഡി 120 പേജുള്ള റിപ്പോര്‍ട്ടാക്കി പോലീസ് ഉദ്യോഗസ്ഥനായ ശങ്കര്‍ റെഡ്ഡി സര്‍ക്കാരിന് നല്‍കിക്കഴിഞ്ഞു. സരിത-ബാര്‍ കോഴ വിഷയങ്ങള്‍ യുഡിഎഫിന്റെ തിരിച്ചുവരവിനെ വെറും സ്വപ്‌നമാക്കി മാറ്റുമെന്നാണ് ജനസംസാരം. ഉമ്മന്‍ചാണ്ടി എന്നുപറയുമ്പോള്‍ ഒപ്പം മനസ്സില്‍ ഉയരുന്നത് സരിതാ നായരുടെ ചിത്രം കൂടിയാണ്. തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമേയുള്ളൂ. സരിത വെളിപ്പെടുത്തിയതുള്‍പ്പെടെയുള്ള അഴിമതിയുടെ വിഴുപ്പ് ഭാണ്ഡവുമായി എങ്ങനെ ഉമ്മന്‍ചാണ്ടി ജനങ്ങളെ അഭിമുഖീകരിക്കും? രാഹുല്‍ ഗാന്ധി വിമാനം ചാര്‍ട്ടര്‍ ചെയ്ത് തിരുവനന്തപുരത്തെത്തിയത് കോണ്‍ഗ്രസുകാര്‍ തമ്മില്‍ കലഹിക്കരുത് എന്നുപറയാനാണ്. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനെ സാധിക്കൂ എന്നുപറയുന്ന 'പാവം പയ്യന്‍' സരിത-ബാര്‍ കോഴ വിവാദങ്ങള്‍ അറിഞ്ഞിട്ടില്ലെന്നു സാരം. മദ്യനയത്തിന് തെരഞ്ഞെടുപ്പിലുള്ള പങ്കറിയാവുന്ന രാഹുല്‍ ഇടതിന്റെ മദ്യനയത്തെപ്പറ്റി അന്വേഷിച്ചു. അത് മദ്യനിരോധനമല്ല-മദ്യവര്‍ജ്ജനമാണെന്ന് മനസ്സിലാക്കിയതിനെപ്പറ്റി സഖാവ് വിഎസ് പറഞ്ഞത് ''ഇതറിയാന്‍ വിമാനം വാടകക്കെടുത്ത് വരണമായിരുന്നോ, സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഫോണ്‍ ചെയ്താല്‍ മറുപടി കിട്ടുമായിരുന്നല്ലോ'' എന്നാണ്. ഏതായാലും ബാര്‍ പൂട്ടാനുള്ള നിര്‍ദ്ദേശം ഈ സര്‍ക്കാരിന്റെ മരണമണി മുഴക്കലായിരുന്നു. മദ്യനിരോധനം സര്‍ക്കാരിന് കോടികളാണ് വരുമാനനഷ്ടമുണ്ടാക്കിയത്. അതിനുപുറമെയാണ് ബാര്‍മുതലാളിമാര്‍ക്ക് കിട്ടിയ ഇരുട്ടടി. അടച്ച ബാറുകള്‍ തുറന്നുകിട്ടാന്‍ എക്‌സൈസ് മന്ത്രിയെയും ധനമന്ത്രിയെയും കണ്ട് കോഴകൊടുത്തുവെന്ന് തെളിവ് സഹിതം ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ് ആരോപിക്കുന്നു. മദ്യനിരോധനം വന്നില്ലായിരുന്നെങ്കില്‍ സരിതാനായര്‍ കര്‍ട്ടന് പിന്നില്‍നിന്ന് രംഗപ്രവേശം ചെയ്യുമായിരുന്നോ? മുഖ്യമന്ത്രിയെ മാത്രമല്ല, അദ്ദേഹത്തിന്റെ മകനും ഇപ്പോള്‍ അപവാദച്ചുഴിയിലാണ്. ആര്യാടന്‍ മുഹമ്മദിനെയും തമ്പാനൂര്‍ രവിയെയും ബെന്നി ബെഹനാനെയുമെല്ലാം രംഗപ്രവേശം ചെയ്യിച്ചിരിക്കുന്നത് വാഗ്വിലാസമുള്ള സരിതയാണ്. പോലീസ് അസോസിയേഷന് സംഭാവന നല്‍കിയെന്നും കെപിസിസി പ്രസിഡന്റായിരിക്കെ രമേശ് ചെന്നിത്തലക്കും സംഭാവന നല്‍കിയെന്നും സരിത ആരോപിക്കുമ്പോള്‍ കെപിസിസിക്കുള്ള സംഭാവനക്ക് രസീത് നല്‍കാറുണ്ടെന്നും രസീതെവിടെ എന്ന മറുചോദ്യമാണ് ചെന്നിത്തല ഉന്നയിക്കുന്നത്. ചെന്നിത്തലയുടെ ചോദ്യം കേട്ടാല്‍ സംഭാവനകള്‍ക്കൊക്കെ രസീതുനല്‍കുന്ന പുണ്യവാളന്മാരാണ് കോണ്‍ഗ്രസുകാരെന്ന് തോന്നും. സരിത പൊട്ടിച്ച മറ്റൊരു ബോംബ് ഇടതുകക്ഷികള്‍ യുഡിഎഫിനെ കരിവാരിത്തേക്കാന്‍ തനിക്ക് പത്തുകോടി വാഗ്ദാനം ചെയ്തുവെന്നാണ്. ഇത് അവര്‍ ഒരു മാസികയോടാണ് പറഞ്ഞത്. അത് അച്ചടിച്ചുവരികയും ചെയ്തു. ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്ത ആ പണം വാഗ്ദാനം ചെയ്ത എംഎല്‍എ ഇ.പി. ജയരാജനാണെന്നാണ്. പിന്നീട് കരണംമറിഞ്ഞ് സരിത പറഞ്ഞത് ഇങ്ങനെ പറയാന്‍ തന്നോട് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടുവെന്നാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും സരിതക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നുവെന്നാണ് കേള്‍വി. സരിത പണ്ട് യൂറോപ്പില്‍ വിലസിയിരുന്ന ചാരസുന്ദരിമാരേക്കാള്‍ സമര്‍ത്ഥയാണെന്ന് ഇതെല്ലാം തെളിയിക്കുന്നു. മറ്റൊരു വാര്‍ത്ത വരുന്നത് വിജിലന്‍സ് എസ്പി: ആര്‍.സുകേശനും ബിജുരമേശുമായുള്ള സഖ്യത്തെക്കുറിച്ചാണ്. ബാര്‍ അടപ്പിച്ചപ്പോള്‍ പുറത്തുവന്ന ഭൂതമായി ബിജു രമേശ് മാറിയതിന്റെ ഗുണ-ദോഷഫലങ്ങളാണ് ഇന്ന് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ കച്ചകെട്ടുന്ന യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ അനുഭവിക്കുന്നത്. ഏതായാലും കേരളരാഷ്ട്രീയം കലങ്ങിമറിയുന്ന അവസരത്തിലാണ് തെരഞ്ഞെടുപ്പ് വരുന്നത്. ബാര്‍കോഴ വിവാദവും സരിത അപവാദവും ജനങ്ങളുടെ മനസ്സില്‍ കത്തിനില്‍ക്കെ യുഡിഎഫിന് സീറ്റ് കുറയുമെന്ന് നിസ്സംശയം പ്രവചിക്കാം. ഈ പശ്ചാത്തലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഉണ്ടാക്കാന്‍ പോകുന്ന നേട്ടത്തെ വിലയിരുത്തേണ്ടത്. ഇടതു-വലതു മുന്നണികളുടെ പ്രതീക്ഷകളെ കടത്തിവെട്ടുന്ന പ്രകടനമായിരിക്കും ബിജെപിയുടേതെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. അഴിമതിയും ജനവഞ്ചനയും കൈമുതലാക്കി മാറിമാറി കേരളം ഭരിക്കുന്ന ഇടതു-വലതു മുന്നണികളെ ജനങ്ങള്‍ക്ക് മടുത്തുകഴിഞ്ഞു. ശരിയായ ഒരു രാഷ്ട്രീയ-ഭരണ ബദലിനുവേണ്ടി കാത്തിരുന്ന അവര്‍ക്കുമുന്നിലേക്കാണ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബിജെപി ആത്മവിശ്വാസത്തോടെ വരുന്നത്. കേവലം അക്കൗണ്ട് തുറക്കാനല്ല, അധികാരം പിടിക്കാന്‍തന്നെയാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന കുമ്മനത്തിന്റെ പ്രസ്താവന ഇടതു-വലതു മുന്നണി നേതൃത്വങ്ങളുടെ മനസ്സില്‍ ഒരേപോലെ തീകോരിയിട്ടിരിക്കുകയാണ്. ഏതായാലും ബാര്‍കോഴ വിവാദവും സരിതാ വിവാദവും മലയാളിയുടെ സല്‍പ്പേരുംകൂടി കളഞ്ഞുകുളിച്ചിരിക്കുന്നു. ഇന്ന് കേരളം അറിയപ്പെടുന്നത് സാക്ഷരകേരളമായിട്ടല്ല-പെണ്‍വാണിഭങ്ങളുടെയും ഫഌറ്റുകള്‍ ചുവന്ന തെരുവാകുന്നതിന്റെയും സ്ത്രീകളെ കടല്‍കടത്തുന്നതിന്റെയും മറ്റും പേരുകളിലാണ്. ഈ സാമൂഹ്യ അപച്യുതികള്‍ പെരുകുമ്പോഴും അതിന് കടിഞ്ഞാണിടേണ്ട രാഷ്ട്രീയനേതാക്കളെ അസാന്മാര്‍ഗിക പാതയില്‍ ചരിക്കുന്നവരായും കോഴവാങ്ങാന്‍ രണ്ടുകയ്യും നീട്ടുന്നവരായുമാണ് ജനങ്ങള്‍ കാണുന്നത്. പണ്ട് മലപ്പുറത്ത് ബാലികാവിവാഹങ്ങള്‍ നടന്നിരുന്ന സമയത്ത് അവിടേക്ക് പ്രവഹിച്ചിരുന്നത് അറബിഷേക്കുമാരും മറ്റുമായിരുന്നു. സരിതാവിവാദം കേരളത്തിലെ സ്ത്രീകളുടെ മുഖത്തു കരിവാരി തേക്കുകയല്ലേ? സാക്ഷരരും അഭ്യസ്തവിദ്യരും പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയവരുമായ കേരളസ്ത്രീകള്‍ കേരളത്തിന് അഭിമാനമാണ്. അതുപറയുമ്പോഴും ഇവിടെ സ്ത്രീപീഡനം കൂടിവരുന്നതിനാല്‍ ഇന്ന് സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ ജൂഡോയും കരാട്ടേയും മറ്റും പഠിപ്പിക്കുകയാണ്. എല്ലാതരത്തിലും കേരളം മലീമസപ്പെടുകയാണ്. സ്വഛ് ഭാരത് റാങ്കിംഗില്‍ കൊച്ചിക്ക് 51-ാമത്തെ സ്ഥാനമാണത്രെ. കഴിഞ്ഞകൊല്ലം ഭാരതത്തിലെ നാലാമത്തെ ക്ലീന്‍സിറ്റിയായിരുന്ന കൊച്ചിയാണ് ഇപ്പോള്‍ 55-ാമത്തെ സ്ഥാനത്തേക്ക് അധഃപതിച്ചിരിക്കുന്നത്. പരിസരശുചിത്വവും വൃത്തിയായ ശുചിമുറികളും മാത്രം പോരാ, സ്വഭാവവൈശിഷ്ട്യവുംകൂടി ഉണ്ടായാലേ രാജ്യം മുന്‍നിരയില്‍ എത്തുകയുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.