പാപ്പിനിശ്ശേരിയില്‍ സിപിഎമ്മുകാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു

Tuesday 16 February 2016 10:26 pm IST

സുജിത്തിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അന്തിമോപചാരമര്‍പ്പിക്കുന്നു

കണ്ണൂര്‍: പാപ്പിനിശ്ശേരിക്ക് സമീപം അരോളിയില്‍ ആര്‍എസ്എസ് മുന്‍ മണ്ഡല്‍ കാര്യവാഹിനെ സിപിഎം സംഘം വീട്ടില്‍ കയറി വെട്ടിക്കൊന്നു. അരോളി ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിനു സമീപം ആസാദ് കോളനി നഗറിലെ പരക്കോത്ത് വളപ്പില്‍ ജനാര്‍ദ്ദനന്റെ മകന്‍ സുജിത്ത് (27)നേയാണ് തിങ്കളാഴ്ച രാത്രി 11.30 ഓടെ വീട്ടില്‍ നിന്നും വിളിച്ചിറക്കി വെട്ടിയും അടിച്ചും കൊന്നത്. സുജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 10 സിപിഎം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഉറങ്ങാന്‍ കിടന്ന സുജിത്തിനെ പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി കൊല്ലുകയായിരുന്നു. തടയാന്‍ ശ്രമിച്ച സുജിത്തിന്റെ പിതാവ് ജനാര്‍ദ്ദനന്‍, മാതാവ് സുലോചന, സഹോദരന്‍ ജയേഷ് എന്നിവരെയും വെട്ടി. മൂന്നു പേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതാവിനേയും സഹോദരനേയും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സുചിത്ര സഹോദരിയാണ്.

സുജിത്തിന്റെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തി പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. സംഘപരിവാര്‍ നേതാക്കളായ എസ്.സേതുമാധവന്‍, എസ്.സുദര്‍ശന്‍, പി.പി. സുരേഷ് ബാബു, കെ.പി. നാരായണന്‍, വി.ശശിധരന്‍, പി. സത്യപ്രകാശ് എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി വിലാപയാത്രയായി വൈകുന്നേരം 3.45 ഓടെ അരോളിയിലെ വീട്ടിലെത്തിച്ചു. അന്ത്യ പ്രണാമത്തിനു ശേഷം പൊതുശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.

തളിപ്പറമ്പ്, കീച്ചേരി എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ ആയിരക്കണക്കിന് ജനങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്.സേതുമാധവന്‍, പ്രാന്ത കാര്യവാഹക് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്തീയ സേവാ പ്രമുഖ് എ. വിനോദ്, ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, റിച്ചാര്‍ഡ് ഹേ എംപി, ബിജെപി ദേശീയ സമിതിയംഗം പി.കെ. വേലായുധന്‍, സംസ്ഥാന സമിതിയംഗങ്ങളായ എ.ദാമോദരന്‍, കെ. രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി. സത്യപ്രകാശ്, ആര്‍എസ്എസ് സഹ പ്രാന്ത സംഘചാലക് അഡ്വ. കെ.കെ.ബാലറാം, പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി,

വിഭാഗ് കാര്യവാഹ് വി.ശശിധരന്‍, സഹ കാര്യവാഹ് എം. തമ്പാന്‍, സംഭാഗ് കാര്യവാഹ് പി.പി. സുരേഷ്ബാബു, ജില്ലാ കാര്യകാരി സദസ്യന്‍ കെ.ബി. പ്രജില്‍, വിഭാഗ് കാര്യകാരി സദസ്യന്‍ ഒ. രാഗേഷ്, യു. കുഞ്ഞിരാമന്‍ പയ്യന്നൂര്‍ ജില്ലാ കാര്യവാഹ് പി.രാജേഷ് കുമാര്‍, കണ്ണൂര്‍ ജില്ലാ കാര്യവാഹക് കെ. പ്രമോദ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ. വി. രത്‌നാകരന്‍, കെ.കെ.വിനോദ് കുമാര്‍, കോഴിക്കോട് മേഖലാ പ്രസിഡണ്ട് വി.വി. രാജന്‍, ജനറല്‍ സെക്രട്ടറി പി. രഘുനാഥ്, വൈസ് പ്രസിഡന്റ് എ.പി.ഗംഗാധരന്‍, ബിഎംഎസ് ജില്ലാ പ്രസിഡന്റ് സി.വി. തമ്പാന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു തുടങ്ങി നിരവധി നേതാക്കള്‍ സുജിത്തിന്റെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.