മൂലമറ്റത്തെ പുതിയ ലോഫ്‌ളോര്‍ ബസ് ഒരുമാസമായി ഷെഡ്ഡില്‍; നഷ്ടം നാലരലക്ഷം

Wednesday 17 February 2016 10:20 pm IST

തൊടുപുഴ: മൂലമറ്റം കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് ഒരു മാസം മുന്‍പ് അനുവദിച്ച ജന്റം ലോ ഫ്‌ളോര്‍ ബസ് ഇപ്പോഴും ഡിപ്പോയുടെ ഒരു കോണില്‍ പൊടിപിടിച്ച് നശിക്കുന്നു.  ഒരു മാസക്കാലമായി ഈ ബസ് സര്‍വ്വീസ് നടത്തിയിട്ടില്ല. ശബരിമല സീസണ്‍ കഴിഞ്ഞ് ജനുവരി 16ാം തീയതി മൂലമറ്റത്തേക്ക് അനുവദിച്ചതാണ് ഈ ജന്റം ബസ്.  ആദ്യ ദിവസങ്ങളില്‍ ബസിന്റെ ഡിസ്‌പ്ലേ ബോര്‍ഡ് (ഡെസ്റ്റിനേഷന്‍ ബോര്‍ഡ്) പ്രവര്‍ത്തനക്ഷമമല്ലെന്നും, അത്  ശരിയാക്കുന്നനായി പത്തനംതിട്ടയില്‍ നിന്നും ടെക്‌നീഷന്‍ വരണമെന്നുമായിരുന്നു  മൂലമറ്റം യൂണിറ്റ് ഓഫീസില്‍ നിന്നും അറിയാന്‍ സാധിച്ചത്.എന്നാല്‍ ഈ ബസിനൊപ്പം തൊടുപുഴ ഡിപ്പോക്ക് അനുവദിച്ച  രണ്ട് ജന്റം ബസുകള്‍ ആഴ്ചകള്‍ക്ക് മുന്‍പേ  ഓടാന്‍ തുടങ്ങിയിട്ടും മൂലമറ്റത്തിന്റെ ബസ് മാത്രം ഗാരേജിന്റെ കോണില്‍ പൊടിപിടിച്ച് നശിക്കുകയാണ്. എന്നാല്‍ തൊടുപുഴയിലെ ബസുകള്‍ക്കൊപ്പം ഡിസ്‌പ്ലേ ബോര്‍ഡ് ശരിയാക്കിയിട്ടും എന്തെ ഓടാത്തത് എന്ന ചോദ്യത്തിന് മൂലമറ്റത്തെ ഓഫിസറുടെ മറുപടി  ' ഇതുവരെ ഈ ബസിന്റെ പെര്‍മിറ്റ് ശരിയായിട്ടില്ല' എന്നായിരുന്നു. നോട്ടിഫൈഡ് റൂട്ടുകളില്‍ കെഎസ്ആര്‍ടിസിക്ക് എപ്പോള്‍ വേണമെങ്കിലും ബസുകള്‍ ഓടിക്കാമെന്നിരിക്കെ അതിന് തയ്യാറാകാത്ത യൂണിറ്റ് ഓഫിസറുടെ നടപടി സംശയാസ്പദമാണ്. സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്ന റൂട്ടിലാണ് ഈ ബസ് ഓടുവാന്‍ പോകുന്നത് എന്നാണ് ആദ്യം അറിയാന്‍ കഴിഞ്ഞത്, എന്നാല്‍ സ്വകാര്യ ബസ് മുതലാളിമാരുടെ സമ്മര്‍ദ്ധത്തിന്റെ ഫലമായാണോ  ലക്ഷങ്ങള്‍ വിലയുള്ള ഈ ബസ് ഇപ്പോളും ഡിപ്പോയില്‍ തന്നെ വിശ്രമിക്കുന്നത് എന്ന്  നാട്ടുകാരും, ജീവനക്കാരും സംശയിക്കുന്നു. എറണാകുളം, കോട്ടയം, തൃശ്ശൂര്‍ എന്നിവിടങ്ങളിലേയ്ക്ക് സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തിയാല്‍  15000  രൂപാ പ്രതിദിനം കളക്ഷന്‍ ലഭിക്കുന്നതാണ്. കഴിഞ്ഞ ഒരു മാസം കൊണ്ട് നാലരലക്ഷം രൂപയാണ് ഈ ബസിന് ലഭിക്കേണ്ടിയിരുന്ന കളക്ഷന്‍. കെഎസ്ആര്‍ടിസിക്ക് എപ്പോള്‍ വേണമെങ്കിലും സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ ഓപ്പറേറ്റ് ചെയ്യാമെന്നിരിക്കെ അതിനും തയ്യറാവാത്ത അധികൃതരുടെ അനാസ്ഥ മൂലം ലക്ഷങ്ങളാണ് കോര്‍പ്പറേഷന് നഷ്ടം വന്നിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.