കരിങ്കാളി നിറഞ്ഞാടിയകളത്തില്‍ ഇന്ന് മായയക്ഷി

Wednesday 17 February 2016 10:28 pm IST

പത്തനംതിട്ട: കൊട്ടും, പാട്ടും, കുരവയുമായി കാവുണര്‍ന്നു. കാച്ചി കൊട്ടിയ തപ്പില്‍നിന്നുയരുന്ന ശുദ്ധതാളത്തിന്റെ മേളത്തിനൊത്ത് കണിശച്ചുവടുമായി പാട്ടിന്റെ ലയഭാവത്തില്‍ ഉഗ്രരൂപിണിയായി മാറിയ കരിങ്കാളി തുള്ളിയൊഴിഞ്ഞു. മണ്ണുഭാഗത്ത് കരയില്‍നിന്നു പന്ന കൂട്ടകോലങ്ങളെ കരക്കാര്‍ എതിരേറ്റു ക്ഷേത്രത്തിലേക്ക് ആനയിച്ച് തപ്പ് കാച്ചി ജീവ കൊട്ടിയതോടെ പടേനിചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് നടന്ന തപ്പുമേളത്തിനും കളരിവന്ദനത്തിനും ശേഷം അമ്മയുടെ പ്രതിരൂപമായ സാക്ഷാല്‍ ഭൈരവി അടന്ത താളത്തില്‍ തുള്ളി ഒഴിഞ്ഞ ശേഷം കോലങ്ങള്‍ കളത്തില്‍ നിറഞ്ഞാടി. ഇന്ന് കളത്തില്‍ കൂട്ടകോലങ്ങളെ കൂടാതെ ലാസ്യമോഹനചുവടുകളുമയി മായയക്ഷി കോലങ്ങള്‍ കളത്തിലെത്തും. നെഞ്ചുമാലയും കുരുത്തോലപ്പാവാടയും, കാല്‍ചിലമ്പും മുഖത്ത് പച്ചയുമിട്ട് കണ്ണുകുറിയുമായി കളത്തിലെത്തുന്ന മായയക്ഷി മറ്റ് യക്ഷികോലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ചുവടുകള്‍ക്കും കച്ച് മയ്യ് ചലനങ്ങളും ഭാവപ്രകടനങ്ങള്‍ക്കും വ്യത്യസ്ഥതയുള്ള ഈ കോലങ്ങള്‍ നാശകാരിണിയായും അതേസമയം രക്ഷകയും മോഹം കൊള്ളിക്കുന്നവളുമായാണ് കരക്കാര്‍ വിശ്വസിക്കുന്നത്. മുറിയടന്ത താളത്തിലെത്തി ഒറ്റ, മുറുക്കം എന്നീ തലങ്ങളിലേക്ക് എത്തുന്ന ഈ കോലങ്ങള്‍ ചുരുക്കം പടേനി കാവുകളില്‍ മാത്രമേ കാണുവാന്‍ സാധിക്കു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.