ജനാധിപത്യത്തിന്റെ പുതുനാമ്പുകള്‍ക്ക് വഴിയൊരുക്കി കുടുംബശ്രീ ബാലപാര്‍ലമെന്റ്

Wednesday 17 February 2016 11:03 pm IST

കണ്ണൂര്‍: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാതല ബാലപാര്‍ലമെന്റ് പുതുതലമുറയുടെ ജനാധിപത്യാവബോധത്തിന്റെ മാറ്റുരക്കുന്നതായി. ജനാധിപത്യ സംവിധാനത്തില്‍ കുട്ടികളുടെ കാഴ്ചപ്പാടുകളും വികസന സ്വപ്നങ്ങളും ഭരണാധികാരികളുടെയും പൊതുസമൂഹത്തിന്റെയും മുമ്പാകെ അവതരിപ്പിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. വ്യക്തിത്വവും സാമൂഹ്യാവബോധവും ഉളള തലമുറയെ വാര്‍ത്തെടുക്കുന്നതിന് ഉതകുന്ന രീതിയില്‍ വിദ്യാഭ്യാസ രംഗത്ത് പരിവര്‍ത്തനം ഉണ്ടാകണമെന്ന് ബാല പാര്‍ലമെന്റില്‍ കുട്ടികള്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും അര്‍ഹതയുളളവര്‍ക്ക് ലഭ്യമാവണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. സ്‌കൂളുകളില്‍ ശുചിത്വം ഉറപ്പ് വരുത്തണമെന്നും പിടിഎ യോഗങ്ങള്‍ കാര്യക്ഷമമാവണമെന്നും കുട്ടികളുടെ ക്ലബ്ബുകള്‍ പ്രവര്‍ത്തനക്ഷമമാകണമെന്നും ആവശ്യമുയര്‍ന്നു. കലാ കായിക പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവര്‍ക്കും അവസരമുണ്ടാകണമെന്നും സ്‌കോളര്‍ഷിപ്പുകള്‍ കാര്യക്ഷമമാകണമെന്നും തദ്ദേശ സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്കായി 5% ഫണ്ട് വിനിയോഗിക്കണമെന്നും ബാലപാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ബയോഗ്യാസ് പ്ലാന്റുകള്‍ വ്യാപകമാവണമെന്നും പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കണമെന്നുമുള്ള നിര്‍ദേശങ്ങളും ബാലപാര്‍ലമെന്റ് അംഗീകരിച്ചു. ബാലോത്സവങ്ങള്‍ക്ക് വേദികള്‍ ഉണ്ടാവണം. സാമൂഹ്യ ക്ഷേമ പദ്ധതികള്‍ കൃത്യമായും ജനങ്ങളില്‍ എത്തണം. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും ബോധവത്കരണ ക്ലാസുകള്‍ നല്‍കണം. വാക്‌സിനേഷനും കുത്തിവെപ്പുകളും ജനകീയമാക്കുന്നതിനുള്ള അവബോധം അനിവാര്യമാണ് എന്നിങ്ങനെയുള്ള ആവശ്യങ്ങളും ബാലപാര്‍ലമെന്റില്‍ ഉയര്‍ന്നു. കുടുംബശ്രീ ജില്ലാമിഷന്‍ ഓര്‍ഡിനേറ്റര്‍ കെ.ഒ.സ്വപ്നയുടെ അധ്യക്ഷതയില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വി.കെ.സുരേഷ് ബാബു, ടി.ടി.റംല, കെ.വി.സുമേഷ് എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ അസി. കോ ഓര്‍ഡിനേറ്റര്‍ എന്‍.രാജേഷ് സ്വാഗതവും ബാലസഭ കണ്‍സള്‍ട്ടന്റ് ശ്രീഷ്മ ശ്രീധര്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.