ബംഗാള്‍ ഘടകത്തിനെതിരെ കേരള നേതാക്കള്‍; വിഎസ് കോണ്‍ഗ്രസിനൊപ്പം

Thursday 18 February 2016 1:07 am IST

ന്യൂദല്‍ഹി: പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സഖ്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കേന്ദ്രകമ്മറ്റി യോഗത്തിനിടെ കോണ്‍ഗ്രസുമായി കൂടുന്നതില്‍ തെറ്റില്ലെന്ന കുറിപ്പ് വി.എസ്. അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് കൈമാറി. കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കുന്ന നിലപാടെടുത്ത വി.എസിന്റെ പിന്തുണ ബംഗാള്‍ ഘടകത്തിനും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ആശ്വാസമായി. കേന്ദ്രകമ്മറ്റി യോഗത്തിന് മുന്നോടിയായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിഎസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിഎസ് ബംഗാളിലെ കോണ്‍ഗ്രസ്- സിപിഎം സഖ്യത്തെ പിന്തുണച്ച് രംഗത്തെത്തിയത്. എന്നാല്‍ കോണ്‍ഗ്രസുമായുള്ള സഖ്യം കേരളത്തിലെ പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്ന് കേരളത്തില്‍ നിന്നുള്ള കേന്ദ്രകമ്മറ്റി അംഗങ്ങള്‍ വ്യക്തമാക്കി. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത് പ്രതിരോധിക്കാനുള്ള വിഎസിന്റെ നീക്കമായി പോലും ബംഗാള്‍ ഘടകത്തിനുള്ള വി.എസിന്റെ പിന്തുണയെ എതിര്‍പക്ഷം നോക്കിക്കാണുന്നുണ്ട്. കേരളത്തിന് പുറമേ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കേന്ദ്രകമ്മറ്റി അംഗങ്ങളും കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ത്തു. സഖ്യം കേരളത്തില്‍ രാഷ്ട്രീയ തിരിച്ചടിക്കു കാരണമാകുമെന്നാണ് കേന്ദ്രകമ്മറ്റിയില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള അംഗങ്ങളുടെ നിലപാട്. 91 അംഗ കേന്ദ്രകമ്മറ്റിയില്‍ നിലവില്‍ ഭൂരിപക്ഷം പേരും സഖ്യം വേണ്ട നീക്കുപോക്കു മതിയെന്ന അഭിപ്രായക്കാരാണ്. എന്നാല്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പശ്ചിമബംഗാള്‍ ഘടകവും കോണ്‍ഗ്രസ് സഖ്യത്തിന് വേണ്ടി ശക്തമായി വാദിക്കുകയാണ്. വേണ്ടിവന്നാല്‍ കേന്ദ്രകമ്മറ്റിയില്‍ വോട്ടെടുപ്പ് നടത്താന്‍ പോലും ഇവര്‍ തയ്യാറാണ്. തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിടാന്‍ കോണ്‍ഗ്രസുമായി ചേര്‍ന്നുള്ള വിശാല സഖ്യം മാത്രമേ മാര്‍ഗ്ഗമുള്ളൂവെന്ന് ബംഗാളില്‍ നിന്നുള്ള ഗൗതം ദേവ് കേന്ദ്രകമ്മറ്റിയില്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് തിരിച്ചടിയാകുമെന്ന് എ.വിജയരാഘവന്‍ നിലപാടെടുത്തു. തിങ്കളാഴ്ച ചേര്‍ന്ന 16 അംഗ പോളിറ്റ് ബ്യൂറോ യോഗത്തിലും കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച് തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. 11 പേരും സഖ്യത്തെ എതിര്‍ത്തപ്പോള്‍ ബംഗാളില്‍ നിന്നുള്ള 4 പേരും സീതാറാം യെച്ചൂരിയും മാത്രമാണ് സഖ്യത്തെ അനുകൂലിക്കുന്നത്. എന്നാല്‍ ബംഗാളില്‍ പ്രത്യക്ഷ സഖ്യത്തിന് പകരം തെരഞ്ഞെടുപ്പ് നീക്കുപോക്കിലേക്ക് പോകുന്നതില്‍ തെറ്റില്ലെന്ന നിലപാട് പ്രകാശ് കാരാട്ടിനും മറ്റുമുണ്ട്. കേന്ദ്രകമ്മറ്റി യോഗം ഇന്നും തുടരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.