അക്രമം വ്യാപിപ്പിക്കാന്‍ സിപിഎം ഗൂഢനീക്കം

Thursday 18 February 2016 3:21 am IST

കൊച്ചി: സംസ്ഥാനവ്യാപകമായി ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം അഴിച്ചുവിടാന്‍ സിപിഎം ഗൂഢനീക്കം. കോണ്‍ഗ്രസിന്റെയും സര്‍ക്കാരിന്റെയും രഹസ്യപിന്തുണ ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജന്റെ അറസ്റ്റാണ് ഈ നീക്കത്തിന് പിന്നില്‍. സിപിഎം അക്രമത്തിന് പിന്നില്‍ ജയരാജന്‍ മാത്രമല്ലെന്നും കണ്ണൂര്‍ ജില്ലയില്‍ മാത്രമല്ല സംഘട്ടനങ്ങള്‍ നടക്കുന്നതെന്നും വരുത്തിത്തീര്‍ക്കാനാണ് ഗൂഢനീക്കം ലക്ഷ്യംവെക്കുന്നത്. കണ്ണൂരിലെ ആര്‍എസ്എസ്, ബിജെപി കേന്ദ്രങ്ങളില്‍ വ്യാപകമായി അക്രമം അഴിച്ചുവിടാനും നീക്കം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് കഴിഞ്ഞദിവസം കണ്ണൂര്‍ പാപ്പിനിശ്ശേരി അരോളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന സംഭവം, കാസര്‍കോഡ് ജില്ലയില്‍ അരങ്ങേറിയ അക്രമസംഭവങ്ങളും. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വ്യാപകമായി അക്രമം അഴിച്ചുവിട്ട് ബിജെപിയെ തളര്‍ത്തുകയെന്നതും സിപിഎം ലക്ഷ്യംവെക്കുന്നു. ഇതിനായി കോണ്‍ഗ്രസിന്റെ രഹസ്യപിന്തുണയും നേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സോളാര്‍ തട്ടിപ്പ് കേസ്, ബാര്‍ കോഴ എന്നീ വിഷയങ്ങളില്‍ ഇനി സിപിഎം സര്‍ക്കാരിനെതിരെ സമരം ചെയ്യില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നേതാക്കന്മാരുടെ പ്രസ്താവനകള്‍ മാത്രമാണ് ഉണ്ടാവുക. കെ. ബാബുവിനെതിരെയും ഉമ്മന്‍ചാണ്ടിക്കുമെതിരെയുമുള്ള പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളുമായി സിപിഎം ധാരണയില്‍ എത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളില്‍ പോലീസ് നിഷ്‌ക്രിയത്വം പാലിക്കും. സിപിഎം കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടെന്നാണ് പോലീസിന് ആഭ്യന്തര വകുപ്പില്‍ നിന്നും ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം. കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബിജെപി സംസ്ഥാനത്ത് ഉണ്ടാക്കിയിട്ടുള്ള മുന്നേറ്റമാണ് ഇരുകൂട്ടരെയും വിറളിപിടിപ്പിക്കുന്നത്. കുമ്മനത്തിന്റെ വിമോചനയാത്രക്ക് കേരള സമൂഹത്തില്‍ നിന്നും ലഭിച്ച വന്‍സ്വീകാര്യതയും സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ആശങ്കയിലാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.