സിപിഎം അക്രമികളെ എംഎല്‍എ സ്റ്റേഷനില്‍ നിന്ന് ബലമായി മോചിപ്പിച്ചു

Thursday 18 February 2016 9:44 pm IST

ചേര്‍ത്തല: പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് പിടിയിലായ പ്രതികളെ എംഎല്‍എയുടെ നേതൃത്വത്തില്‍ സിപിഎം ഗുണ്ടകള്‍ സ്റ്റേഷന്‍ ഉപരോധിച്ച് മോചിപ്പിച്ചു. പള്ളിപ്പുറത്തെ സിപിഎം പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസിനെ തടഞ്ഞ കേസിലെ പ്രതികളെയാണ് അരൂര്‍ എംഎല്‍എ എ.എം.ആരിഫ് ഭീഷണിപ്പെടുത്തി ഇറക്കിക്കൊണ്ടുപോയത്. സിപിഎം ക്രിമിനലുകളും പള്ളിപ്പുറം സ്വദേശികളുമായ വൈശാഖ്, നവീന്‍, മനീഷ്, വിമല്‍ എന്നിവരെയാണ് ഇന്നലെ രാത്രി ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ നിന്നു മോചിപ്പിച്ചത്. എംഎല്‍എയുടെ നേതൃത്വത്തില്‍ അമ്പതോളം സിപിഎമ്മുകാര്‍ സ്റ്റേഷനിലെത്തി ബഹളം വെയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ചര്‍ച്ച നടത്തുകയും ലോക്കപ്പിലുണ്ടായിരുന്ന നാല് പ്രതികളെയും ഇവരോടൊപ്പം വിട്ടയക്കുകയുമായിരുന്നു. മോചിപ്പിച്ച പ്രതികളുമായി ഇവര്‍ ആഹ്ലാദ പ്രകടനം നടത്തിയാണ് മടങ്ങിയത്. ഹൃദയാഘാതം മൂലം സിപിഎം പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട് പള്ളിപ്പുറത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. മനീഷിന്റെ സഹോദരന്‍ പള്ളിപ്പുറം കറുനാട്ടില്‍ മഹേഷ്(26) മദ്യലഹരിയില്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് കൈ തണ്ടയിലെ ഞരമ്പ് ബ്ലേഡ് കൊണ്ട് മുറിക്കുകയും ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീഷണി ഉയര്‍ത്തുകയും ചെയ്തു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസം സൃഷ്ടിച്ച പ്രതികളെ കോടതിയില്‍ ഹാജരാക്കാതെ വിട്ടയച്ചത് പോലീസുദ്യോഗസ്ഥരില്‍ തന്നെ അതൃപ്തി ഉളവാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.