ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ശരിവെച്ച വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി. ബാറുകള്‍ പൂട്ടിക്കൊണ്ടുള്ള മദ്യനയം ശരിവെച്ച വിധി പുനപരിശോധിക്കണമെന്ന ബാര്‍ ഉടമയുടെ ഹര്‍ജിയാണ് ഉന്നത നീതിപീഠം തള്ളിയത്. ജസ്റ്റിസ് ഖെഹാര്‍, ജസ്റ്റിസ് ശിവകീര്ത്തിസെന് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ബാര്‍ ഉടമയായ പോളക്കുളം കൃഷ്ണദാസ് എന്നയാളാണ് സുപ്രീംകോടതി വിധിയിന്മേല് പുനപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്. വസ്തുതകള്‍ പരിശോധിക്കാതെയാണ് കോടതി കേസില്‍ തീരുമാനമെടുത്തതെന്നും വിധി പുനപരിശോധിച്ച് നീതി നല്‍കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. കേസ് നേരത്തെ പരിഗണിച്ച ജസ്റ്റിസ് വിക്രംജിത് സെന്‍ വിരമിച്ചതിനാല്‍ പുതിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹര്‍ജിക്കാരന്റെ ആവശ്യം തള്ളിയ കോടതി വിധി പുനപരിശോധിക്കില്ലെന്ന് വ്യക്തമാക്കി.
ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കിയത് ചോദ്യം ചെയ്ത് ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ നല്കിയ മറ്റൊരു പുനപരിശോധനാ ഹര്‍ജികൂടി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: