കനയ്യയുടെ ജാമ്യഹര്‍ജി പരിഗണിയ്ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു

Friday 19 February 2016 12:18 pm IST

ന്യൂദൽഹി: രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസില്‍ അറസ്റ്റിലായ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ജാമ്യത്തിന് ഹൈക്കോടതിയെ സമീപിയ്ക്കാൻ സുപ്രീംകോടതി നിര്‍ദേശിച്ചു. ജാമ്യത്തിനായി കനയ്യ കുമാര്‍ എന്തുകൊണ്ട് ഇതുവരെ കീഴ്ക്കോടതിയെ സമീപിച്ചില്ലെന്നും സുപ്രീംകോടതി ആരാഞ്ഞു. ജാമ്യത്തിനായി നേരിട്ട് സുപ്രീംകോടതിയെ സമീപിയ്ക്കുന്നത് നല്ല കീഴ്‌വഴക്കമല്ലെന്ന് അഭിപ്രായപ്പെട്ട സുപ്രീംകോടതി രാജ്യത്തെ എല്ലാ കോടതികളും സുരക്ഷിതമല്ലെന്ന കനയ്യയുടെ വാദം തള്ളുകയും ചെയ്തു. കനയ്യയുടെ അഭിഭാഷക വൃന്ദ ഗ്രോവാറാണ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കണമെന്ന് ആ‍വശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ആര്‍ട്ടിക്കിള്‍ 226 പ്രകാരം കനയ്യയുടെ അഭിഭാഷകര്‍ക്ക് ദല്‍ഹി ഹൈക്കോടതിയെ സമീപിക്കാമെന്നിരിക്കെ നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചതില്‍ ചില ക്രമപ്രശ്നങ്ങള്‍ നിയമവിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ, കനയ്യ കുമാറിനെതിരെ തെളിവുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ട് ദല്‍ഹി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കനയ്യകുമാറിന് കോടതിയില്‍വെച്ച്‌ മര്‍ദ്ദനമേറ്റെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഇടതുകാലിനും മൂക്കിന്റെ മുകള്‍ ഭാഗത്തും മര്‍ദ്ദനമേറ്റതിന്റെ മുറിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.