സല്‍മാന്‍ഖാന് സുപ്രീം കോടതി നോട്ടീസ്

Friday 19 February 2016 2:54 pm IST

ന്യൂദല്‍ഹി: 2002 ലെ വാഹനാപകടക്കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് സുപ്രീം കോടതി നോട്ടീസയച്ചു. കേസില്‍ സല്‍മാന്‍ ഖാനെ കുറ്റ വിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കാതിരിയ്ക്കാൻ കാരണം ബോധിപ്പിയ്ക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടു. 2002 സെപ്റ്റംബര്‍ 28ന് മുംബൈയില്‍ സല്‍മാന്‍ ഖാന്‍ സഞ്ചരിച്ച ലാന്‍റ്​ ക്രൂയിസര്‍ കാര്‍ നിയന്ത്രണം വിട്ട് വഴിയരികില്‍ ഉറങ്ങുകയായിരുന്നവരുടെ മേല്‍ പാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. കേസില്‍ സല്‍മാന്‍ ഖാനെ വിചാരണകോടതി ശിക്ഷിച്ചെങ്കിലും ബോംബെ ഹൈക്കോടതി നിരുപാധികം വിട്ടയക്കുകയായിരുന്നു. സല്‍മാന്‍ ഖാനാണ് കാറോടിച്ചിരുന്നത് എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിരുന്നില്ല. കാറോടിച്ചത് സല്‍മാനാണ് എന്നതിന് തെളിവില്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ ഇന്ന് കോടതിയില്‍ വാദിച്ചു. സംഭവം നടക്കുന്ന സമയത്ത് സൽമാൻഖാൻ മദ്യപിച്ചിരുന്നതായി യാതൊരു തെളിവുമല്ലെന്നും എഫ്.ഐ.ആറിൽ പോലും ഇത്തരമൊരു കാര്യം ആരോപിയ്ക്കുന്നില്ലെന്നും സൽമാൻ ഖാന്റെ അഭിഭാഷകൻ വാദിച്ചു. ഒരേ​യൊരു സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സല്‍മാനെ വിചാരണ കോടതി ശിക്ഷിച്ചതെന്നും കപില്‍ സിബല്‍ പറഞ്ഞു. എന്നാല്‍, ഒരു സാക്ഷിയുടെ തെളിവ് മാത്രമല്ല, സല്‍മാനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന് അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി വാദിച്ചു. കേസില്‍ സല്‍മാനെ വിട്ടയച്ചത് നീതിയെ പരിഹാസ്യമാക്കുന്നതാണ്. ഖാന്‍റ ഡ്രൈവറാണ് കാറോടിച്ചതെന്ന ഹൈക്കോടതിയുടെ കണ്ടത്തെല്‍ യുക്തിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചു. സംഭവം നടന്ന ശേഷം പോലീസിൽ അറിയിയ്ക്കാൻ സൽമാൻ തയ്യാറായിരുന്നില്ല. ഇക്കാര്യം ഹൈക്കോടതി അവഗണിച്ചതായും ഹർജിയിൽ സംസ്ഥാന സർക്കാർ ആരോപിച്ചു. മഹാരാഷ്ട്ര സര്‍ക്കാരിനു പുറമെ അപകടത്തില്‍ പരിക്കേറ്റ വ്യക്തിയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.