ബാര്‍ട്ടണ്‍ഹില്‍ കോളേജില്‍ യൂണിറ്റ് രൂപീകരണം എബിവിപി പ്രവര്‍ത്തകര്‍ക്ക് എസ്എഫ്‌ഐയുടെ ക്രൂര മര്‍ദ്ദനം

Friday 19 February 2016 10:40 pm IST

തിരുവനന്തപുരം: ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനീയറിംഗ് കോളേജില്‍ എബിവിപി യൂണിറ്റ് രൂപീകരണ സമ്മേളനത്തിലേക്ക് എസ്എഫ്‌ഐ സംഘം അതിക്രമിച്ചുകയറി അക്രമം നടത്തി. എട്ട് പേര്‍ക്ക് പരിക്കേറ്റു. ലഹരി പദാര്‍ത്ഥങ്ങളുടെ ക്യാമ്പസ് ആക്കി മാറ്റിയ ബാര്‍ട്ടണ്‍ ഹില്ലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നിരന്തര പീഡനത്തെതുടര്‍ന്നാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ എബിവിപി യൂണിറ്റ് രൂപീകരണവുമായി മുന്നോട്ട് വന്നത്. കഴിഞ്ഞ ദിവസം കോളേജ് അധികൃതരുടെ അനുമതിയോടെ വിദ്യാര്‍ത്ഥികള്‍ യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് ആലോചനയോഗം ചേര്‍ന്നിരുന്നു. അന്നും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തി. ഇന്നലെ യൂണിറ്റ് രൂപീകരണ സമ്മേളനം നടക്കുന്നതിനിടെ സംഘടിച്ചെത്തിയ എസ്എഫ്‌ഐക്കാര്‍ ബാര്‍ട്ടണ്‍ഹില്ലില്‍ എസ്എഫ്‌ഐക്കാര്‍ മാത്രം മതിയെന്ന് ആക്രോശിച്ചുകൊണ്ട് അക്രമം നടത്തുകയായിരുന്നു. പുറത്തുനിന്നുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും അക്രമത്തില്‍ പങ്കെടുത്തു. യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ദേശീയനിര്‍വാഹകസമിതി അംഗം വിനീത് മോഹന്‍, കോളേജ് വിദ്യാര്‍ത്ഥികളായ ശ്രേയസ്, അമല്‍ദേവ്, ജിഷ്ണു, സന്ദീപ്, ശരത്, അഭിജിത്, ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. എസ്എഫ്‌ഐ സംഘം സംസ്‌കൃത കോളേജിലും അക്രമം നടത്തി അവിടെ സ്ഥാപിച്ചിരുന്ന എബിവിപിയുടെ കൊടിമരം നശിപ്പിച്ചു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും എബിവിപി പ്രവര്‍ത്തകനുമായ ശബരിയെ ഭീഷണിപ്പെടുത്തി. എബിവിപിയുടെ പരാതിയെ തുടര്‍ന്ന് മ്യൂസിയം പോലീസ് കേസ്സെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.