മെഡിക്കല്‍ കോളേജിന്റെ ഭാവി വികസനത്തിനായി വികസന രൂപരേഖ

Friday 19 February 2016 11:49 pm IST

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിന്റെ സമഗ്ര ഭാവി വികസനത്തിനായി അലുമ്‌നി അസോസിയേഷന്‍ മുന്‍കൈയ്യെടുത്ത് വികസന രൂപരേഖ തയ്യാറാക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സമര്‍പ്പിച്ചു. മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്‍ 75 ലക്ഷം രൂപ ചെലവഴിച്ച് എയര്‍കണ്ടീഷന്‍ ചെയ്ത് നവീകരിച്ച സെന്‍ട്രല്‍ ലൈബ്രറിയുടേയും 25 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക സൗകര്യത്തോടെ നവീകരിച്ച അനാട്ടമി ലക്ചര്‍ ഹാളിന്റേയും ഉദ്ഘാടനചടങ്ങിലാണ് ജി. ശങ്കര്‍ തയ്യാറാക്കിയ കരട് മാസ്റ്റര്‍പ്ലാന്‍ അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. എം.ഐ. സഹദുല്ല മുഖ്യമന്ത്രിക്ക് കൈമാറിയത്. ചടങ്ങില്‍ മന്ത്രി വി.എസ്. ശിവകുമാര്‍,മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.തോമസ് മാത്യു, അലുമ്‌നി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡോ. സി. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. വിശ്വനാഥന്‍ കെ.വി., ട്രഷറര്‍ ഡോ. കെ. ദിനേഷ്, അമേരിക്കയിലെ ജെഫേര്‍സണ്‍ ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫസര്‍മാരായ കട്ടാല്‍ഡോ ഡോറിയ, എം.വേലായുധന്‍ പിള്ള, ഡോ. മുഹമ്മദ് മജീദ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഗിരിജ കുമാരി എന്നിവര്‍ പങ്കെടുത്തു.1300 വാഹനങ്ങള്‍ ഒരേസമയം പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന പാര്‍ക്കിംഗ് സംവിധാനമാണ് കരട് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 300 വാഹനങ്ങള്‍ വീതം ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ബഹുനിലയിലുള്ള രണ്ട് കാര്‍ പാര്‍ക്കിംഗ് മന്ദിരങ്ങള്‍ ഉണ്ടാവും. 700 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഓപ്പണ്‍ പാര്‍ക്കിംഗ് ഏരിയയുമുണ്ടാകും. എല്ലാ റോഡുകളോടും ചേര്‍ന്ന് നടപ്പാതയൊരുക്കും.വണ്‍വേ സംവിധാനം നടപ്പിലാക്കും.മെഡിക്കല്‍ കോളേജിലേക്ക് എത്താനായി ഒരു പ്രധാന പ്രവേശന വഴിമാത്രമാക്കും. 6 വഴികളിലൂടെ പുറത്തേയ്ക്ക് പോകാനുമാകും. രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കുമായി രണ്ട് അമിനിറ്റി സെന്ററുകള്‍ സ്ഥാപിക്കും. മെന്‍സ് ഹോസ്റ്റല്‍, ലേഡീസ് ഹോസ്റ്റല്‍, ക്വാര്‍ട്ടേസുകള്‍ എന്നിവ ഒരേ പോലെ പുനര്‍ നിര്‍മ്മിക്കും. 3 നില വീതമുള്ള റോ ഹൗസ് മാതൃകയിലാണ് ഇവ നിര്‍മ്മിക്കുക. ഒരു കെട്ടിടത്തില്‍ 6 കുടുംബത്തിന് താമസിക്കാനാവും. ഇതേപോലെ 25 കെട്ടിടങ്ങള്‍ പണിഞ്ഞ് 150 കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യമൊരുക്കും.സുഗമമായ യാത്രയ്ക്കായി മെഡിക്കല്‍ കോളേജ് ജംഗ്ഷനിലെ പഴയ റോഡ് മുതല്‍ പേ വാര്‍ഡ് വരെ നീളുന്ന സബ്‌വേ (അണ്ടര്‍ പാസേജ്) നിര്‍മ്മിക്കും. ആശുപത്രി കെട്ടിടങ്ങളെ ബന്ധിപ്പിച്ചുള്ള ആകാശ ഇടനാഴികളും സ്ഥാപിക്കുംനിലവിലുള്ള കളിസ്ഥലങ്ങള്‍ കേരള ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് പുതുക്കി പണിയും.ജൈവ വൈവിധ്യത്തിലൂന്നി 5 ഏക്കര്‍ ചുറ്റളവില്‍ പാര്‍ക്ക് നിര്‍മ്മിക്കും. ബഹു നിലയിലുള്ള ശൗചാലയങ്ങള്‍ നിര്‍മ്മിക്കും. ആ മന്ദിരത്തിന് മുകളിലായി വാഷിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുള്ള ലോണ്‍ട്രി, തുണികള്‍ വിരിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവയുണ്ടാകും.മെഡിക്കല്‍ കോളേജിന്റെ മുഖഛായ മാറ്റുന്ന തരത്തിലുള്ള പ്രവേശന കവാടം നിര്‍മ്മിക്കും. ഒപ്പം കാമ്പസിനുള്ളിലെ എല്ലാ കെട്ടിടങ്ങള്‍ക്കും ഒരേ മുഖവും നിറവും ഘടനയും നല്‍കും. പ്രവേശന കവാടത്തില്‍ മാസ്റ്റര്‍ പ്ലാന്‍ ബോര്‍ഡ് സ്ഥാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.