പത്തനംതിട്ട: ഇരുപതാമത് ദേശീയ റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് പത്തനംതിട്ട നിലയ്ക്കലില്‍ 24 മുതല്‍ 27വരെ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 24 ന് വൈകിട്ട് അഞ്ചിന് നിലയ്ക്കലില്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ് ഉദ്ഘാടനം ചെയ്യും. രാജു ഏബ്രഹാംഎംഎല്എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍, സൈക്ലിംഗ് അസോസിയേഷന് ദേശീയ, സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കും.
ആസാം, ബിഹാര്‍, ചണ്ഡിഗഢ്, ദല്‍ഹി, ഹരിയാന, ഝാര്‍ഖണ്ഡ്, ജമ്മുകശ്മീര്‍, ഗുജറാത്ത്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒറീസ, മണിപ്പൂര്‍, രാജസ്ഥാന്, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ഛത്തിസ്ഗഢ്, പശ്ചിമബംഗാള്‍, പുതുച്ചേരി എന്നീ സംസ്ഥാന ടീമുകളും റെയില്‍വേ, ബിഎസ്എന്‍എല്‍, സര്‍വീസസ് എന്നീ വകുപ്പുടീമുകളുമാണ് മത്സരരംഗത്തുള്ളത്. 23 ടീമുകള്‍ മാറ്റുരയ്ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഒഫീഷ്യലുകള്‍ ഉള്‍പ്പടെ 549 പേര് പങ്കെടുക്കും. 48 അംഗ ടീമിനെയാണ് കേരളം മത്സരത്തിനായി രംഗത്തിറക്കിയിട്ടുള്ളത്.
മെന്‍ എലൈറ്റ് (19 വയസിനു മുകളില്‍), മെന്‍ അണ്ടര്‍ 23, മെന്‍ ജൂനിയേഴ്സ് (17 മുതല്‍ 18വരെ), മെന്‍ സബ് ജുനിയേഴ്സ് (15 മുതല്‍16വരെ), യൂത്ത് (12മുതല്‍14വരെ) എന്നിങ്ങനെ പുരുഷ വിഭാഗത്തിലും എലൈറ്റ് വുമണ്‍ (19 വയസിനു മുകളില്‍), വുമണ്‍ ജൂനിയേഴ്സ് (17മുതല്‍18വരെ), സബ് ജൂനിയര്‍ (15മുതല്‍16വരെ), യൂത്ത് (12മുതല്‍14വരെ) എന്നിങ്ങനെ വനിതാ വിഭാഗത്തിലുമാണ് മത്സരം. 20, 40, 50, 60, 150 കിലോമീറ്റര്‍ മത്സരങ്ങളാണ് നടക്കുക. 10 കിലോമീറ്റര്‍ വ്യക്തിഗത ടൈം ട്രയല്‍, 15 കിലോമീറ്റര്‍ മാസ് സ്റ്റാര്‍ട്ട്, 100 കിലോമീറ്റര്‍ റോഡ് മാസ് സ്റ്റാര്‍ട്ട് എന്നീ ഇനങ്ങളിലും മത്സരമുണ്ടാവും.
സാഫ് ഗെയിംസ് മെഡല്‍ ജേതാക്കളായ ലിഡിയ മോള് എം. സണ്ണി, ഗീതുരാജ്, ബിന്ധ്യ ലക്ഷ്മിദേവി, അരവിന്ദ് പന്‍വാര്‍, മഞ്ജിത് സിംഗ്, റിത്തുജ, മനോഹര്‍ലാല്‍, ദീപക് കുമാര്‍ തുടങ്ങിയ ദേശീയ താരങ്ങള്‍ പങ്കെടുക്കും. മത്സരാര്‍ത്ഥികള്‍ക്ക് നിലയ്ക്കലിലെ ദേവസ്വംബോര്‍ഡ് കെട്ടിടങ്ങളിലാണ് താമസസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പത്രസമ്മേളനത്തില്‍ രാജുഎബ്രഹാം എംഎല്‍എ, ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍, ദേശീയ റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് ഓര്‍ഗനൈസിംഗ് സെക്രട്ടറി സുധീഷ്കുമാര്‍ എസ്.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: