സംസ്ഥാന പഞ്ചായത്ത് ദിനാഘോഷം ധൂര്‍ത്തടിച്ചത് ലക്ഷങ്ങള്‍

Saturday 20 February 2016 8:55 pm IST

ഇടുക്കി: സര്‍ക്കാര്‍ സാമ്പത്തിക ബാധ്യതയില്‍ നട്ടംതിരിയുമ്പോഴും സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കുന്നതിന് ഒരു നിയന്ത്രണവുമില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണലില്‍ നടന്ന പഞ്ചായത്ത് ദിനാഘോഷമാണ് പണം ധൂര്‍ത്തടിക്കാനുള്ള വേദിയായത്. ഇതിനായി എറണാകുളം ജില്ലയിലെ പഞ്ചായത്തുകളില്‍നിന്ന് ഇരുപതിനായിരം രൂപയും സംസ്ഥാനത്തെ മറ്റ് പഞ്ചായത്തുകളില്‍നിന്ന്് പതിനായിരം രൂപയും വീതമാണ് സംസ്ഥാന തദ്ദേശ സ്വയംഭരണവകുപ്പ് പിരിച്ചത്. ഈ പിരിവിനൊപ്പം ഒരോ പഞ്ചായത്തിനും പഞ്ചായത്ത് ദിനാഘോഷത്തില്‍ നടക്കുന്ന എക്‌സിബിഷനായി നാല്‍പ്പതിനായിരം രൂപ വരെ ചെലവഴിക്കാമെന്നും തദ്ദേശ സ്വയം ഭരണവകുപ്പ് കഴിഞ്ഞ മാസം അവസാനം ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നു. ദിനാഘോഷത്തിന് 25 ലക്ഷം രൂപയില്‍ താഴെ മാത്രം ചെലവ് വരുമെന്നിരിക്കെ ഒരു കോടിയിലേറെയാണ്് ഇതിനായി പഞ്ചായത്തുകളില്‍നിന്നും തദ്ദേശ സ്വയംഭരണ വകുപ്പ് പിരിച്ചെടുത്തത്. രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ കേരളത്തില്‍നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മാത്രമാണ് പങ്കെടുത്തത്. പഞ്ചായത്തിനും ജനങ്ങള്‍ക്കും കാര്യമായ പ്രയോജനമൊന്നുമില്ലാത്ത പരിപാടി സംഘാടകര്‍ക്ക് മാത്രമാണ് ഗുണകരമായതെന്ന ആക്ഷേപം ശക്തമാണ്. സംസ്ഥാനത്ത് 941 പഞ്ചായത്തുകളാണുള്ളത്. ഒരുകോടി രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപയാണ് ദിനാഘോഷത്തിനായി തദ്ദേശ സ്വയം ഭരണവകുപ്പിന്റെ പക്കില്‍ എത്തിയത്. ചടങ്ങില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ക്ക് താമസിക്കുന്നതിനായുള്ള മുറിവാടകയും യാത്രാ ചെലവും പഞ്ചായത്ത് ഫണ്ടില്‍നിന്നും ചെലവ് ചെയ്യുന്നതിനും തദ്ദേശ സ്വയംഭരണവകുപ്പ് അനുമതി നല്‍കിയിരുന്നു. സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.