സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്പന: രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍

Saturday 20 February 2016 9:07 pm IST

ചെങ്ങന്നൂര്‍: സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്പന നടത്തിയ ആളിനെയും മൊത്ത വില്പനക്കാരനെയും എക്‌സൈസ് പിടികൂടി.മാന്നാര്‍ നായര്‍ സമാജം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് പൊതികളിലാക്കി വില്‍പ്പന നടത്തിയ മാവേലിക്കര പ്രായിക്കര ദിലീപ് ഭവനത്തില്‍ സുധാകരന്‍ (56) നെയാണ് ഇന്നലെ വൈകിട്ട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.ടെനിമോന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ കണ്ണികളില്‍ പ്രധാനിയാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു. ഇയാളില്‍ നിന്ന് മുപ്പത് പൊതികളിലാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവും കണ്ടെടുത്തു.പൊതി ഒന്നിന് 100 രൂപാ പ്രകാരമാണ് ഇയാള്‍ വില്പന നടത്തിയിരുന്നത്.തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വില്പനക്കായി ഉണക്കി സൂക്ഷിച്ചിരുന്ന 125 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്ക് കഞ്ചാവ് നല്കിയിരുന്ന മുളക്കുഴ കാരയ്ക്കാട് കൊച്ചുതുണ്ടിയില്‍ വീട്ടില്‍ രാജന്‍(കുഞ്ഞുമോന്‍-55)നെ രാത്രിയോടെ അറസ്‌റ് ചെയ്തു.ഇയാള്‍ നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ്.അഞ്ച് വര്‍ഷമായി തടവും ഒരുലക്ഷം രൂപ പിഴയും അനുഭവിച്ചുവരുന്ന ഇയാള്‍ അടുത്തിടെയാണ് ഹൈക്കോടതില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങി വീണ്ടും കഞ്ചാവ് വില്പനകേസില്‍ അറസ്റ്റിലാവുന്നത്.തമിഴ് നാട്ടില്‍ നിന്നാണ് കഞ്ചാവ് വില്പനക്കായി കൊണ്ടുവരുന്നതെന്ന് പ്രതികള്‍ പറഞ്ഞു.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി. സലിലകുമാര്‍, അസി.എക്‌സൈസ് ഇന്‍സ്പക്ടര്‍ വൈ. അലക്‌സ്‌കുട്ടി,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജികുമാര്‍,ശശികുമാര്‍,അരുണ്‍,പ്രവീണ്‍,ഡ്രൈവര്‍ അശോകന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.