ദേശസ്‌നേഹം സൈനികര്‍ക്ക് മാത്രമുള്ളതല്ല: മേജര്‍ രവി

Saturday 20 February 2016 10:37 pm IST

തിരുവനന്തപുരം:ദേശ സ്‌നേഹം സൈനികര്‍ക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും ഭാരതത്തിലെ ഓരോപൗരനും അത് ഉണ്ടാകണമെന്നും മേജര്‍ രവി. യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ദേശ രക്ഷാ സദസ്സില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മേജര്‍ രവി. ദേശീയ പതാകയെ ഓരോ പ്രാവശ്യം കാണുമ്പോഴും ദേശ സ്‌നേഹം വര്‍ദ്ധിക്കുകയേ ഉള്ളൂ. കഴിഞ്ഞ രണ്ടു വര്‍ഷവും നടത്താത്ത അഫ്‌സല്‍ഗുരുവിനെ തൂക്കിലേറ്റിയ ദിനാചരണം ഈ വര്‍ഷം നടപ്പിലാക്കിയതിനു പിന്നില്‍ പ്രത്യേക അജണ്ടയുണ്ട്. ഭാരതത്തില്‍ ദേശ സ്‌നേഹമല്ല പ്രശ്‌നം. കസേരയാണ് പ്രശ്‌നം. കസേരക്കു വേണ്ടി ദേശ വിരുദ്ധ പ്രവര്‍ത്തനത്തിനു നേതൃത്വം കൊടുക്കാനും ഇവിടെയുള്ളവര്‍ തയ്യാറാണ്. പ്രത്യേക മതവിഭാഗത്തിന്റെ വോട്ട് നേടണം. അതിനു വേണ്ടിയുള്ള നാടകങ്ങളാണ് അഫ്‌സല്‍ ഗുരുവിന്റെ പേരില്‍ നടക്കുന്നത്.  ദേശത്തിനു വേണ്ടി കാവല്‍ നിന്ന് മഞ്ഞ് മലയിലകപ്പെട്ട സൈനികര്‍ക്കു വേണ്ടി തിരച്ചില്‍ നടക്കുമ്പോഴാണ് ഇവിടെ ദേശ വിരുദ്ധ പ്രവര്‍ത്തനം നടത്തിയവന്റെ ചരമദിനാരണം ആഘോഷിക്കുന്നത്. തന്റെ ആദ്യകണ്‍മണിയെ കാണാന്‍ സാധിക്കാതെ പോയ മലയാളിയായ സൈനികന്‍, ആറു ദിവസം ജീവനോടെ മഞ്ഞ് പാളികള്‍ക്കടിയില്‍പ്പെട്ട് കിടന്ന ഹനുമന്തപ്പ, വിവാഹത്തിനു  ദിവസങ്ങള്‍ ബാക്കിനില്‍്‌ക്കെ ദേശിയപതാകയില്‍ പൊതിഞ്ഞ മൃതശരീരം കാണേണ്ടി വന്ന പ്രതിശ്രുത വധു. ഇവരുടെ കുടംബങ്ങളിലെ കണ്ണീരൊന്നും അഫ്‌സല്‍ഗുരുവിന് വേണ്ടി വാദിക്കുന്നവര്‍ കാണാതെ പോകുന്നു. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി നേതാവ് കനയ്യ ഹിന്ദുവായതിനാല്‍ ബിജെപിക്കാര്‍ രക്ഷപ്പെട്ടു. മതന്യൂനപക്ഷത്തില്‍പ്പെട്ടവരായിരുന്നു എങ്കില്‍  വര്‍ഗ്ഗീയത കൂടി ആരോപിക്കുമായിരുന്നു. ജെഎന്‍യുവില്‍  ഇതിനു മുമ്പും ദേശ വിരുദ്ധ പ്രവര്‍ത്തനം നടന്നിട്ടുണ്ട്. അപ്പോഴെല്ലാം കേസ് ഒതുക്കിതീര്‍ക്കുകയായിരുന്നു. ചങ്കൂറ്റത്തോടെ നിയമങ്ങള്‍ കര്‍ക്കശ്ശമാക്കയിപ്പോഴാണ് ചിലര്‍ക്ക് രസക്കേടായത് പാര്‍ലമെന്റ് ആക്രമണത്തില്‍ അഞ്ചുസുരക്ഷാ ജിവനക്കാരുടെ  ജീവന്‍ ബലിയാടായിരുന്നില്ലെങ്കില്‍ ഇന്ന് വാദിക്കുന്ന പലരുടെയും ജിവന്‍ നഷ്ടമാകുമായിരുന്നു. മരിച്ചവരെ  ഓര്‍ക്കാന്‍ പോലും അവര്‍ തയ്യാറാകുന്നില്ല. കൊടിയുടെ നിറം നോക്കാതെ ദേശത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളിലൊന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ദേശ സ്‌നേഹ സദസ്സ് സംഘടിപ്പിക്കാറില്ലെന്നും മേജര്‍ രവി പറഞ്ഞു.  ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. എസ് സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.സുധീര്‍,  ആര്‍.എസ്.രാജീവ്, അനുരാജ്. ചന്ദ്രകിരണ്‍, രജ്ഞിത് ചന്ദ്രന്‍, പാപ്പനംകോട് സജി തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.