പൊങ്കാലയുടെ പുണ്യം: ആറ്റുകാല്‍ പൊങ്കാല നാളെ

Monday 22 February 2016 5:27 pm IST

അനന്തപുരി മഹാക്ഷേത്രങ്ങളുടെ നഗരമാണ്. കരമനയാറിന്റെയും കിള്ളിയാറിന്റെയും സംഗമമദ്ധ്യത്തില്‍ പുണ്യഭൂമിയായി ആറ്റുകാല്‍ അനന്തപുരിക്ക് ദിവ്യചൈതന്യംഏകി നിലകൊള്ളുന്നു. ദക്ഷിണ ഭാരതത്തിലെ ചിരപുരാതനമായ ആറ്റുകാല്‍ ക്ഷേത്രം സ്ത്രീകളുടെ ശബരിമല എന്നാണ് അറിയപ്പെടുന്നത്. ഇവിടെ സുഹാസിനിയായ ജഗദംബിക ആശ്രയിപ്പോര്‍ക്കഭയമരുളുന്ന സര്‍വാഭീഷ്ടദായിനിയായി കുടികൊള്ളുന്നു. ഒരു ദിവസം ആറ്റുകാല്‍ പ്രദേശത്തെ മുഖ്യ തറവാടായ മുല്ലുവീട്ടിലെ കാരണവര്‍ സായാഹ്നത്തില്‍ കിള്ളിയാറില്‍ കുളിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ ഒരു ബാലിക കാരണവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട് നദി കടത്തുവാന്‍ ആവശ്യപ്പെട്ടു. ആറു കടത്തി സ്വന്തം വീട്ടിലേക്ക് കുട്ടിയെ കൊണ്ടുപോയി. സല്‍ക്കാരങ്ങളുടെ തിരക്കില്‍ കുട്ടി അപ്രത്യക്ഷമായി. കാരണവര്‍ക്ക് അന്ന് രാത്രി സ്വപ്‌നത്തില്‍ അടുത്തുള്ള കാവില്‍ 'മൂന്ന് വരകള്‍' കാണുന്നിടത്ത് തന്നെ കുടിയിരുത്തുവാന്‍ പറഞ്ഞ് കുട്ടി അന്തര്‍ധാനം ചെയ്തു. പിറ്റേ ദിവസം കാരണവര്‍ തന്റെ സ്വപ്‌നദര്‍ശനം സത്യമാണെന്ന് തിരിച്ചറിഞ്ഞ് അവിടെ ചെറിയ ഒരു ക്ഷേത്രം പണികഴിപ്പിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടുകാരാണ് ശൂലം, ഫലകം, അസി, കങ്കാളം എന്നിവ ധരിച്ച ചതുര്‍ബാഹുവായ ദേവീവിഗ്രഹം ബദരീനാഥിലെ മുഖ്യപുരോഹിതന്റെ കാര്‍മികത്വത്തില്‍ പ്രതിഷ്ഠാകര്‍മം ചെയ്തത്. പാതിവൃത്യത്തിന്റെ പ്രതീകമായ കണ്ണകിയുടെ അവതാരമാണ് ആറ്റുകാല്‍ ഭഗവതിയെന്നും മധുരാനഗരദഹനത്തിന് ശേഷം കന്യാകുമാരിയിലൂടെ കേരളക്കരയില്‍ പ്രവേശിച്ച കണ്ണകി കൊടുങ്ങല്ലൂരിലേയ്ക്കുള്ള യാത്രാമദ്ധ്യേ ആറ്റുകാലില്‍ തങ്ങിയെന്നും ഒരു ഐതിഹ്യമുണ്ട്. ക്ഷേത്രത്തില്‍ ഉത്സവകാലങ്ങളില്‍ പാടിവരുന്ന തോറ്റംപാട്ട് കണ്ണകി ചരിത്രത്തെ ആസ്പദമാക്കിയിട്ടുള്ളതാണ്. ക്ഷേത്രഗോപുരങ്ങളില്‍ കൊത്തിയിട്ടുള്ള ശില്‍പങ്ങളില്‍ കണ്ണകീ ചരിത്രത്തിലെ ദൃശ്യങ്ങളും ഉള്‍പ്പെടുന്നു. ആദിശങ്കരന് ശേഷം കേരളം കണ്ട യതിവര്യന്മാരില്‍ അഗ്രഗണ്യനായ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍, തന്റെ വിഹാരരംഗമായി ഈ ക്ഷേത്രവും പരിസരവും ഉപയോഗിച്ചതായി ചരിത്രം പറയുന്നു. ഇവിടത്തെ ശില്‍പസൗന്ദര്യം മലയാളത്തിന്റെയും തമിഴകത്തിന്റെയും ശില്‍പസൗകുമാര്യത്തിന്റെ സമഞ്ജസ സമ്മേളനമാണ്. ഗോപുരമുഖപ്പില്‍ പ്രതിഷ്ഠിതമായ മഹിഷാസുരമര്‍ദ്ദിനി, മുഖമണ്ഡപത്തില്‍ കാണുന്ന വേതാളാരുഢയായ ദേവി, രാജഗോപുരത്തിന്റെ അകത്തെ ചുമരുകളില്‍ കാളീരൂപങ്ങള്‍, ദക്ഷിണ ഗോപുരത്തിന് അകത്ത് വീരഭദ്രരൂപങ്ങള്‍, അന്നപ്രാശനത്തിലും തുലാഭാരത്തിനും ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ക്ക് മുകളിലായി കാണപ്പെടുന്ന രാജരാജേശ്വരി, ശ്രീ പാര്‍വതീസമേതനായി പരമശിവന്‍, തെക്കേ ഗോപുരത്തിന് മുകളില്‍ കൊത്തിയിട്ടുള്ള മഹേശ്വരി മുതലായ ശില്‍പങ്ങള്‍ ശ്രദ്ധേയമാണ്. ശ്രീകോവിലില്‍ പ്രധാന ദേവി സൗമ്യഭാവത്തില്‍ വടക്കോട്ട് ദര്‍ശനമേകുന്നു. ഭഗവതിയുടെ രണ്ട് വിഗ്രഹങ്ങളുണ്ട്, മൂലവിഗ്രഹവും അഭിഷേക വിഗ്രഹവും. പുരാതനമായ മൂലവിഗ്രഹം രത്‌നങ്ങള്‍ പതിച്ച സ്വര്‍ണഅങ്കികൊണ്ട് ആവരണം ചെയ്തിരിക്കുന്നു. മൂലവിഗ്രഹത്തിന് ചുവട്ടിലായി അഭിഷേകവിഗ്രഹവും ഭക്തജനങ്ങള്‍ക്ക് ദര്‍ശിക്കാന്‍ കഴിയും. ചുറ്റമ്പലത്തിന് അകത്തായി വടക്ക് കിഴക്ക് പരമശിവനേയും തെക്ക് പടിഞ്ഞാറ് ഗണപതിയും, മാടന്‍ തമ്പുരാന്‍, നാഗര്‍ എന്നി ഉപദേവന്മാരും ഉണ്ട്.ഇവിടുത്തെ അതിപ്രധാനമായ ഉത്സവമാണ് പൊങ്കാല മഹോത്സവം. കാര്‍ത്തിക നാളില്‍ ആരംഭിച്ച് പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളില്‍ പ്രധാനം കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്. ചില സ്ത്രീകള്‍ പൊങ്കാലവ്രതം ആചരിക്കുന്നുമുണ്ട്. പൊങ്കാല ദിവസം നടക്കുന്ന വഴിപാടുകളാണ് ബാലന്മാരുടെ കുത്തിയോട്ടവും ബാലികമാരുടെ താലപ്പൊലിയും. മഹിഷാസുരനുമായുള്ള ദേവിയുടെ യുദ്ധത്തില്‍ മുറിവേറ്റ ഭടന്മാരെയാണ് കുത്തിയോട്ട ബാലന്മാരായി സങ്കല്‍പിക്കുന്നത്. മൂന്നാം ഉത്സവനാള്‍ മുതല്‍ ബാലന്മാര്‍ കുത്തിയോട്ടവ്രതം ആരംഭിക്കുന്നു. അന്നുരാവിലെ പള്ളിപ്പലകയില്‍ ഏഴ് ഒറ്റ രൂപയുടെ നാണയത്തുട്ടുകള്‍ വച്ച് പ്രാര്‍ത്ഥിച്ച് മേല്‍ശാന്തിയില്‍നിന്നും പ്രസാദം വാങ്ങി വ്രതം തുടങ്ങും. ഏഴുനാള്‍ നീണ്ടുനില്‍ക്കുന്ന ഈ വ്രതത്തില്‍ ദേവിയുടെ തിരുനടയില്‍ ആയിരത്തെട്ട് നമസ്‌കാരങ്ങളും നടത്തണം. ഈ സമയത്ത് അവരുടെ താമസം ക്ഷേത്രത്തിലായിരിക്കും. ദേവി എഴുന്നള്ളിക്കുമ്പോള്‍ അകമ്പടി സേവിക്കുന്നതും കുത്തിയോട്ടക്കാരാണ്. പൊങ്കാല കഴിയുന്നതോടെ കുത്തിയോട്ട ബാലന്മാര്‍ ചൂരല്‍കുത്തിയെഴുന്നള്ളിപ്പിന് ഒരുങ്ങുന്നു. കമനീയമായ ആഭരണങ്ങളും ആടകളും അണിഞ്ഞ് രാജകുമാരനെപ്പോലെ കിരീടവും അണിഞ്ഞ് ഭഗവതിയെ അകമ്പടി സേവിക്കുന്നു. ചെറിയ ചൂരല്‍ കൊളുത്തുകള്‍ ബാലന്മാരുടെ നെഞ്ചിന്റെ ഇരുവശങ്ങളിലുമായി കോര്‍ക്കുന്നു. എഴുന്നള്ളത്ത് തിരികെ ക്ഷേത്രത്തില്‍ എത്തി ചൂരല്‍ അഴിക്കുമ്പോഴേ വ്രതം അവസാനിക്കൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.