ജൊഹാന്നസ്ബര്‍ഗ്: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്. രണ്ടാമത്തേതില്‍ ഒമ്പത് വിക്കറ്റിന് ജയം കണ്ടാണ് ദക്ഷിണാഫ്രിക്ക രണ്ടു മത്സര പരമ്പര 2-0ന് സ്വന്തമാക്കിയത്. സ്കോര്‍: ഇംഗ്ലണ്ട് – 171 (19.4/20), ദക്ഷിണാഫ്രിക്ക – 172/1 (14.4/20).
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ജോസ് ബട്ലറുടെ അര്‍ധശതകം.
28 പന്തില്‍ നാലു വീതം ഫോറും സിക്സറും സഹിതം 54 റണ്‍സെടുത്തു ബട്ലര്. നായകന് ഇയാന്‍ മോര്ഗന് (38), ജോ റൂട്ട് (34), ആദം ഹെയ്ല്‍സ് (16) എന്നിവരും രണ്ടക്കം കണ്ടു. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ കെയ്ല്‍ അബോട്ട് മൂന്നു വിക്കറ്റുമായി തിളങ്ങി. കാഗിസോ റബഡ, ക്രിസ് മോറിസ് എന്നിവര്‍ രണ്ടു വീതവും ഇമ്രാന് താഹിര്‍ ഒന്നും വിക്കറ്റെടുത്തു.
ഓപ്പണര്‍മാരായ എ.ബി. ഡിവില്ലേഴ്സും ഹാഷിം അംലയും തകര്‍പ്പന്‍ തുടക്കം നല്‍കിയതോടെ ദക്ഷിണാഫ്രിക്ക അനായാസം ജയത്തിലേക്കു നീങ്ങി.
ആദ്യ വിക്കറ്റില്‍ ഇവര്‍ 125 റണ്‍സെടുത്തു. 29 പന്തില്‍ ആറു വീതം ഫോറും സിക്സറും പറത്തി ഡിവില്ലേഴ്സ് 71 റണ്‍സെടുത്തു. 38 പന്തില്‍ എട്ട് ഫോറും മൂന്നു സിക്സറും സഹിതം 69 റണ്‍സുമായി അംല പുറത്താകാതെ നിന്നു. 21 പന്തില്‍ രണ്ടു ഫോറുള്‍പ്പെടെ പുറത്താകാതെ 22 റണ്‍സെടുത്ത നായകന് ഹാഫെ ഡ്യുപ്ലെസിസ് വിജയ റണ്‍ കുറിച്ചു. എ.ബി. ഡിവില്ലേഴ്സാണ് കളിയിലെ താരം. ഇമ്രാന് താഹിര്‍ പരമ്പരയുടെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: