മാരാരിക്കുളത്ത് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സിപിഎം അക്രമം

Monday 22 February 2016 9:15 pm IST

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മുകാരനായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ബിജെപി നേതാവിനെ അക്രമിച്ചു. പഞ്ചായത്ത് വക വാഹനത്തിലെത്തിയാണ് സിപിഎം സംഘം അഴിഞ്ഞാടിയത്. ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ സെക്രട്ടറി ജോസഫ് ഫ്രാന്‍സീസിനെയാണ് മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീയേഷ് കുമാര്‍, സിപിഎം ഏരിയ സെക്രട്ടറി എസ്. രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗം രമണന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സിപിഎമ്മുകാര്‍ ജോസഫ് ഫ്രാന്‍സിസിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനേഴാം വാര്‍ഡിലായിരുന്നു സംഭവം. പോലീസ് ഇതുവരെ അക്രമികളെ അറസ്റ്റു ചെയ്യാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് സിപിഎമ്മുകാര്‍ നിരന്തരം അക്രമം അഴിച്ചു വിടുകയാണ്. സിപിഎം വിട്ട് നിരവധി പ്രവര്‍ത്തകര്‍ ബിജെപിയിലും സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലും ചേരുന്നതാണ് സിപിഎമ്മിനെ പ്രകോപിപ്പിക്കുന്നത്. പഞ്ചായത്തില്‍ ആദ്യമായി രണ്ടംഗങ്ങളെ വിജയിപ്പിക്കാനും ബിജെപിക്ക് സാധിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് വാഹനം പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഎം നേതാക്കള്‍ ഉപയോഗിക്കുകയാണ്. ജോസഫ് ഫ്രാന്‍സീസിനെ അക്രമിച്ച സിപിഎം നേതാക്കള്‍ രാത്രിയിലെത്തിയതും പഞ്ചായത്തിന്റെ വാഹനത്തിലായിരുന്നു. ജനസേവനത്തിന് അനുവദിച്ചിട്ടുള്ള സര്‍ക്കാര്‍ വാഹനം സിപിഎം ഗുണ്ടാ അക്രമണത്തിന് ഉപയോഗിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ അറസ്റ്റു ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കണമെന്നും ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍. ഉണ്ണികൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി അടക്കമുള്ള അക്രമികളെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം ഗുണ്ടായിസത്തിന് പോലീസ് ഒത്താശ ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും, അല്ലാത്ത പക്ഷം നാട്ടിലെ സമാധാന അന്തരീക്ഷം തകരുമെന്നും ബിജെപി മാരാരിക്കുളം വടക്ക് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ശ്രീകുമാര്‍ മുന്നറിയിപ്പ് നല്‍കി. സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ബിജിപി പ്രവര്‍ത്തകര്‍ ഇന്നലെ പ്രദേശത്ത് പ്രകടനം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.