ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി; അനന്തപുരി യാഗശാലയായി

Tuesday 23 February 2016 11:07 am IST

  തിരുവനന്തപുരം: പണ്ടാര അടുപ്പില്‍ നിന്നും തീ പകര്‍ന്നതോടെ ഭക്തി നിര്‍ഭരമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. ക്ഷേത്ര ശ്രീ കോവിലില്‍ നിന്നും മേല്‍ശാന്തി അരുണ്‍‌കുമാര്‍ നമ്പൂതിരി പണ്ടാര അടുപ്പിലേക്കും അവിടെ നിന്നും സഹമേല്‍ശാന്തി പുറത്തുള്ള അടുപ്പിലേക്കും തീ പകര്‍ന്നതോടെയാണ് ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായത്. അനന്തപുരി യാഗശാലയാക്കി ലക്ഷക്കണക്കിന് ഭക്തരാണ് പൊങ്കാലയര്‍പ്പിക്കാനായി തലസ്ഥാനത്തെത്തിയത്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് പൊങ്കാല നിവേദിക്കുന്നത്. പ്ലാസ്റ്റിക് വിമുക്ത ആദ്യപൊങ്കാല എന്ന ഖ്യാതി ലഭിക്കാന്‍ തിരുവനന്തപുരം നഗരസഭ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നതും ഇത്തവണത്തെ വിശേഷതയാണ്. ഇന്നലെ ഉച്ച മുതല്‍ക്കു തന്നെ നഗരത്തിലെ നിരത്തുകള്‍ സ്ത്രീകളാല്‍ നിറഞ്ഞു. വിരിവച്ചും അടുപ്പുകൂട്ടാനുള്ള ചുടുകല്ലുകള്‍ നിരത്തിയും അല്‍പ്പമെങ്കിലും തണലുള്ള പ്രദേശങ്ങള്‍ മുഴുവനും അവര്‍ തങ്ങളുടെതാക്കി. ക്ഷേത്രത്തിന്റെ 10 കിലോ മീറ്റര്‍ ചുറ്റളവില്‍ പൊങ്കാല അര്‍പ്പിക്കുന്നവരെ ഇത്തവണ ഇന്‍ഷ്വറന്‍സ് പരിധിയില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. കൊല്ലം, കന്യാകുമാരി ജില്ലകളില്‍ നിന്ന് പൊങ്കാല അര്‍പ്പിക്കാനെത്തുന്നവര്‍ക്കായി സ്പെഷ്യല്‍ ട്രെയിനുകളും, കൂടുതല്‍ സ്റ്റോപ്പുകളുമടക്കമുള്ള സൗകര്യം റയില്‍വേ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വ്വീസ് നടത്തുന്നുണ്ട്. 3500 പോലീസുകാരെയാണ് പൊങ്കാല ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. മെഡിക്കല്‍ സംഘം, അഗ്നിശമന സേന എന്നീ വിഭാഗങ്ങളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. പേപ്പര്‍ പ്ലേറ്റുകളുടെയും, തെര്‍മോക്കോള്‍ പ്ലേറ്റുകളുടെയും, പ്ലാസ്റ്റിക് കപ്പുകളുടെയും ഉപയോഗം ശുചിത്വ മിഷന്‍ നിരോധിച്ചിട്ടുണ്ട്. ഉച്ചക്ക് 1.30 ന് ഉച്ചപൂജക്ക് ശേഷമാണ് നിവേദ്യം. ഇതിനായി 250 ശാന്തിക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാളെ രാത്രി കാപ്പഴിച്ച ശേഷം കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.