ചോറ്റാനിക്കര മകം തൊഴൽ ഇന്ന്

Monday 22 February 2016 10:01 pm IST

കൊച്ചി: പ്രസിദ്ധമായ മകം തൊഴാൻ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ഇന്ന് പതിനായിരങ്ങൾ എത്തിച്ചേരും. ഉച്ചക്ക് 2 നാണ് മകം തൊഴൽ. രാത്രി 8.30 വരെ ദർശനത്തിന് സൗകര്യമുണ്ടാകും. ക്ഷേത്രത്തിൽ  ഉത്‌സവത്തിന്റെ ഏഴാം ദിവസമാണ് മകം തൊഴൽ. രാവിലെ 5.30 ന് ഓണക്കുറ്റിച്ചിറയിൽ ദേവിയെയും ശാസ്താവിനെയും ആറാട്ടിന് എഴുന്നള്ളിക്കും. ആറാട്ട് കഴിഞ്ഞ് ക്ഷേത്രത്തിൽ തിരിച്ചെഴുന്നള്ളിയ ശേഷം ഏഴ് ഗജവീരന്മാരോടൊപ്പം വാദ്യമേളങ്ങളോടുകൂടി മകം എഴുന്നള്ളിപ്പും നടക്കും. തുടർന്ന് ഉച്ചക്ക് ഒന്നിന് അലങ്കാരത്തിനായി നടയടക്കും. പ്രത്യേക തങ്കഗോളകയും ആടയാഭരണങ്ങളും പുഷ്പാലങ്കാരങ്ങളും രുദ്രാക്ഷമാല, സഹസ്രനാമമാല, അരപ്പട്ട, രത്‌നകിരീടം എന്നിവ ദേവിക്ക് ചാർത്തിയശേഷം മേൽശാന്തി വെങ്കിട്ടൻ എമ്പ്രാന്തിരി അഷ്ടലക്ഷ്മിമുദ്രാങ്കിതമായ വെള്ളിവാതിൽ തുറക്കുന്നതോടെ മകം ദർശനം ആരംഭിക്കും. മകം തൊഴൽ സ്ത്രീകൾക്ക് വിശേഷമായി കരുതുന്നതിനാൽ സ്ത്രീകളുടെ വൻതിരക്കാണ് ഈ ദിവസം അനുഭവപ്പെടാറുള്ളത്. മകം തൊഴുതാൽ കന്യകമാർക്ക് ഇഷ്ടമാംഗല്യവും സുമംഗലികൾക്ക് നെടുമാംഗല്യവും സിദ്ധിക്കുമെന്നാണ് വിശ്വാസം. വില്വമംഗലം സ്വാമിക്ക് ദേവീദർശനം നൽകിയ മകംനാളിലെ മിഥുനലഗ്‌നത്തെ അനുസ്മരിച്ചാണ് മകം തൊഴൽ ചടങ്ങ് നടക്കുന്നത്. മകം തൊഴാൻ എത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാർത്ഥം പ്രത്യേകം പന്തലും ബാരിക്കേഡുകളും ക്ഷേത്രാങ്കണത്തിലും പുറത്തും സ്ഥാപിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ വൻ പോലീസ് സന്നാഹവുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.