വ്യാപക പ്രതിഷേധം : ജില്ലയിലെങ്ങും അക്രമം വ്യാപിപ്പിക്കാന്‍ സിപിഎം നീക്കം : ബിജെപി ജില്ലാ കമ്മറ്റി ഓഫീസിനു നേരെ കരിഓയില്‍ പ്രയോഗവും കല്ലേറും മണലില്‍ മാരാര്‍ജി മന്ദിരത്തിനു നേരേയും അക്രമം

Monday 22 February 2016 10:46 pm IST

കണ്ണൂര്‍: ജില്ലയിലെങ്ങും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരേയും സ്ഥാപനങ്ങള്‍ക്ക് നേരെയും അക്രമം വ്യാപിപ്പിക്കാന്‍ സിപിഎം നീക്കം. കണ്ണൂര്‍ എസ്എന്‍പാര്‍ക്കിന് സമീപം പ്രവര്‍ത്തിക്കുന്ന ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസിനു നേരെ സിപിഎം സംഘം കരിഓയില്‍ പ്രയോഗവും കല്ലേറും നടത്തി. മണലില്‍ മാരാര്‍ജി മന്ദിരത്തിനു നേരേയും സിപിഎമ്മുകാര്‍ അക്രമം നടത്തി. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് രണ്ടിടത്തും അക്രമം നടന്നത്. ബൈക്കിലെത്തിയ സംഘം ബിജെപി ഓഫീസിനു നേരെ കല്ലെറിയുകയും ഗെയ്‌ററ് ബലം പ്രയോഗിച്ച് തുറന്ന് അകത്തുകടന്ന് ഓഫീസിന്റെ നെയിംബോര്‍ഡിലും ചുമരിലും കരിയോയില്‍ ഒഴിക്കുകയും ചെയ്തു. അക്രമികള്‍ കരിഓയില്‍ കൊണ്ടു വന്ന പാത്രം കൈയില്‍ നിന്നും വീണു പൊട്ടിയ നിലയില്‍ ഓഫീസ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ശബ്ദം കേട്ട് ഓഫീസിനകത്ത് താമസിച്ചിരുന്നവര്‍ പുറത്തിറങ്ങുമ്പോഴേക്കും അക്രമികള്‍ ഓടിമറഞ്ഞിരുന്നു. മണലില്‍ ബിജെപി നിയന്ത്രണത്തിലുളള മാരാര്‍ജി സ്മൃതിമണ്ഡപത്തിനു നേരെ കുപ്പികളും കല്ലുകളും എറിയുകയായിരുന്നു. അക്രമത്തില്‍ കെട്ടിടത്തിന്റെ ജനല്‍ച്ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി അഴീക്കോട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധപ്രകടനം നടന്നു. ഇരു സംഭവങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നീര്‍ക്കടവിലെ വേദവ്യാസ കേന്ദ്രം, കണ്ണൂര്‍ തളാപ്പില്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസായി പ്രവര്‍ത്തിച്ച വീട് എന്നിവക്ക് നേരെയും ഇന്നലെ അക്രമം നടന്നു. പ്രതിഷേധ പ്രകടനത്തിന് ബിജെപി മണ്ഡലം പ്രസിഡന്റ് പി.വിനീഷ് ബാബു, ജില്ലാ കമ്മിറ്റിയംഗം എം.കെ.വിനോദ്, പള്ളിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍, ബൈജു മണലില്‍ എന്നിവര്‍ നേതൃത്വം നല്‍കി. അക്രമം നടന്ന മണലിലെ മാരാര്‍ജി മന്ദിരവും ബിജെപി ജില്ലാ കമ്മിറ്റി ഓഫീസും ബിജെപി ദേശീയസമിതിയംഗം പി.കെ.വേലായുധന്‍, സംസ്ഥാന സമിതിയംഗം കെ.രഞ്ചിത്ത്, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍, വിഭാഗ് കാര്യകാരി സദസ്യന്‍ വി.വി.പ്രദീപന്‍, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ.പ്രമോദ്, ജില്ലാ കാര്യകാരി അംഗം കെ.ബി.പ്രജില്‍, ബിജെപി ജില്ലാ ട്രഷറര്‍ എ.ഒ.രാമചന്ദ്രന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെങ്ങും ബിജെപിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. കണ്ണൂരില്‍ നടന്ന പ്രകടനത്തിന് ദേശീയ സമിതിയംഗം പി.കെ.വേലായുധന്‍, സംസ്ഥാന സമിതിയംഗം കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ ,ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍, ട്രഷറര്‍ എ.ഒ.രാമചന്ദ്രന്‍, വിനീഷ് ബാബു, എം.കെ.വിനോദ്, കെ.രതീഷ്, ആര്‍.കെ.ഗിരിധരന്‍, ഭാഗ്യശീലന്‍ ചാലാട്, കെ.പി.അരുണ്‍ കുമാര്‍ തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്‍കി. നഗരംചുറ്റി പഴയ ബസ്സ് സ്റ്റാന്റില്‍ പ്രതിഷേധ യോഗവും നടന്നു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, സംസ്ഥാന സമിതിയംഗം കെ.രഞ്ചിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ മനോജ് വധക്കേസില്‍ കോടതി റിമാന്റ് ചെയ്തതു മുതല്‍ ഇതിലുളള ജാള്യത മറയ്ക്കാന്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ ദിനം പ്രതി അക്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ നടന്ന അക്രമവും എന്നാണ് സൂചന. രാജ്യഭരണം കയ്യാളുന്ന പാര്‍ട്ടിയുടെ ഓഫീസ് കൈയ്യേറിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.