വെറ്ററിനറി ഡോക്ടര്‍മാരുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി

Tuesday 23 February 2016 10:17 am IST

കോഴിക്കോട്: സംസ്ഥാനത്തെ വെറ്ററിനറി ഡോക്ടര്‍മാരുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ഇന്നലെ മുതല്‍ ജില്ലാ വെറ്ററിനറി ആശുപത്രി മുതല്‍ പഞ്ചായത്ത് തല ഡിസ്‌പെന്‍സറികള്‍ വരെയുള്ള എല്ലാ ആശുപത്രികളിലും ചികിത്സമുടങ്ങി. വെറ്ററിനറി ഡോക്ടര്‍മാരോടുള്ള സര്‍ക്കാരിന്റെ നിരന്തരമായ അവഗണനയില്‍ പ്രതിഷേധിച്ചാണ് കേരള ഗവണ്‍മെന്റ് വെറ്ററിനറി ഓഫിസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കേന്ദ്രസര്‍ക്കാര്‍ സര്‍വീസിലും വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഡോക്ടര്‍മാര്‍ക്കും ഓരേ ശമ്പളം നല്‍കുമ്പോള്‍ കേരളത്തില്‍ സ്ഥിതി മറിച്ചാണ്. വെറ്ററിനറി ഡോക്ടര്‍ക്ക് 15-ാംവര്‍ഷം മാത്രം ലഭിക്കുന്ന ശമ്പളം എന്‍ട്രി കേഡറില്‍ തന്നെ ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നു. അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്കും പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കും അനുവദിച്ച ശമ്പളത്തിന്റെ എത്രയോ കുറവാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് അനുവദിച്ചിട്ടുള്ളത്. എന്‍ട്രി കേഡറില്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ക്കൊപ്പം ഒരേ ശമ്പള സ്‌കെയിലില്‍ പ്രവേശിക്കുന്ന ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍മാര്‍ക്കും പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും വര്‍ദ്ധിപ്പിച്ചതിന്റെ 30,000-40,000 രൂപകുറവാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക്. ഗീതാപോറ്റി കമ്മീഷന്‍ റിപ്പോര്‍ട്ട് പത്താംശമ്പള കമ്മീഷന്‍ പൂര്‍ണമായും അവഗണിച്ചതായും ഡോക്ടര്‍മാര്‍ പറയുന്നു. പേവിഷബാധ, പക്ഷിപ്പനി, ആന്ത്രാക്‌സ് തുടങ്ങിയ മാരകരോഗങ്ങളുമായി ഇടപെടുകയും കന്നുകാലികള്‍, നായകള്‍ തുടങ്ങിയവയുടെ ആക്രമണങ്ങള്‍ക്കും ഡോക്ടര്‍മാര്‍ ഇരകളാവുന്നു. റിസ്‌ക് അലവന്‍സും ശമ്പളപരിഷ്‌കരണത്തില്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞു. എലിഫന്റ് സ്‌ക്വാഡിലെ ഡോക്ടര്‍മാര്‍ക്ക് അനുവദിച്ചിരുന്ന എലിഫന്റ് സ്‌ക്വാഡ് അലവന്‍സും ഇപ്പോള്‍ ഇല്ല. ആശുപത്രിയില്‍ കൊണ്ടുവരുന്ന മൃഗങ്ങളെ ചികിത്സിക്കുന്നതിനു പുറമെ പക്ഷി മൃഗാദികളില്ലാതെ ആശുപത്രിയിലെത്തുന്ന ഉടമസ്ഥര്‍ക്ക് ചികിത്സാ നിര്‍ദ്ധേശങ്ങള്‍ നല്‍കുകയും ചികിത്സിക്കുകയും ചെയ്യുന്നതിനോടൊപ്പം സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പദ്ധതി നിര്‍വഹണം നടത്തുകയും ചെയ്യേണ്ടിവരുന്നു. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ക്ക് 14ഓളം ജീവനക്കാരുടെ സഹായം ലഭിക്കുമ്പോള്‍ വെറ്ററിനറി ഡോക്ടര്‍ക്ക് രണ്ട് ജീവനക്കാരുടെ സഹായം മാത്രമെ ലഭിക്കുന്നുള്ളൂവെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സേവന-വേതന വ്യവസ്ഥകളിലെ അപാകത പരിഹരിക്കുക, ചികിത്സയ്ക്കും പദ്ധതി നിര്‍വഹണത്തിനും പ്രത്യേക വിഭാഗങ്ങള്‍ രൂപീകരിച്ചുകൊണ്ട് മൃഗ സംരക്ഷണവകുപ്പ് പുനസ്സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ 15ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയെങ്കിലും യാതൊരു നടപടികളും സര്‍ക്കാര്‍ കൈകൊള്ളത്താതിനെ തുടര്‍ന്നാണ് അനിശ്ചിതകാല പണിമുടക്ക് സമരവുമായി മുന്നോട്ടുപോവുന്നതെന്ന് ഡോ. മാധവന്‍, ഡോ. കെ.കെ. ബേബി, ഡോ. ബിനീഷ്, ഡോ. സിന്ധു, ഡോ. പ്രിയകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.