നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങള്‍ ഒരുങ്ങുന്നു

Tuesday 23 February 2016 8:57 pm IST

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങള്‍ തയ്യാറാക്കലിന്റെ പുരോഗതി ജില്ലാകളക്ടര്‍ ആര്‍. ഗിരിജ വിലയിരുത്തി. ജില്ലയിലെ 1469 ബൂത്തുകളില്‍ വോട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന 2650 ബാലറ്റ് യൂണിറ്റുകളുടെയും 1925 കണ്‍ട്രോള്‍ യൂണിറ്റുകളുടെയും പരിശോധനയാണ് കളക്ടറേറ്റില്‍ നടന്നുവരുന്നത്. ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം ആലപ്പുഴയിലെത്തിച്ച വോട്ടിങ് യന്ത്രങ്ങളാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധിച്ചത്. യന്ത്രത്തിലുള്ള ബാലറ്റ് പേപ്പറുകളും ബാറ്ററികളും മാറ്റുന്ന ജോലികളാണ് പുരോഗമിക്കുന്നത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മള്‍ട്ടി പോസ്റ്റ് യന്ത്രമാണ് ഉപയോഗിച്ചതെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിംഗിള്‍പോസ്റ്റ് യന്ത്രമാണ് ഉപയോഗിക്കുന്നത്. ജില്ലയിലെ തിരഞ്ഞെടുത്ത 153 ബൂത്തുകളില്‍ ഇത്തവണ പ്രിന്റര്‍ ഘടിപ്പിച്ച വോട്ടിങ് യന്ത്രങ്ങളും ഉപയോഗിക്കുന്നുണ്ട്. വോട്ട് ചെയ്തുകഴിഞ്ഞാല്‍ വോട്ട് ആര്‍ക്ക് രേഖപ്പെടുത്തിയെന്ന് വോട്ടുചെയ്യുന്നയാള്‍ക്ക് കാണാന്‍ സാധിക്കുന്ന തരത്തില്‍ പ്രിന്റ് വരുകയും അത് പിന്നീട് മറ്റാര്‍ക്കും കാണാന്‍ കഴിയാത്ത തരത്തില്‍ പ്രത്യേക ബോക്‌സിലേക്ക് വീഴുകയും ചെയ്യുന്ന സംവിധാനമാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച ടെക്‌നീഷ്യന്‍മാരുടെ മേല്‍നോട്ടത്തിലാണ് ജോലികള്‍ പുരോഗമിക്കുന്നത്. ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ എ. ഗോപകുമാറിന്റെയും ജൂനിയര്‍ സൂപ്രണ്ട് കെ.ഡി. സലിലകുമാറിന്റെയും നേതൃത്വത്തിലുള്ള ജീവനക്കാരാണ് ഇവിടെ ജോലിനോക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.