ഹര്‍ജി സുപ്രീംകോടതി തള്ളി

Tuesday 23 February 2016 10:17 pm IST

ന്യൂദല്‍ഹി: രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ പ്രവര്‍ത്തനം താറുമാറാക്കാന്‍ ലക്ഷ്യമിട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. കേന്ദ്രരഹസ്യാന്വേഷണ വിഭാഗം, റിസര്‍ച്ച് ആന്റ് അനലിസിസ് വിങ്(റോ), നാഷണല്‍ ടെക്‌നിക്കല്‍ റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ എന്നിവയുടെ ചെലവുകള്‍ പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്. രഹസ്യാന്വേഷണ വിഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടാനുള്ള ശ്രമം രാജ്യസുരക്ഷയ്ക്ക് വിഘാതമായി മാറുമെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പാര്‍ലമെന്റിനും സിഎജിക്കും മുന്നില്‍ ചെലവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. രാഷ്ട്രീയ നേതൃത്വം രഹസ്യാന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതായും ഹര്‍ജിക്കാരന്‍ ആരോപിച്ചു. അഡ്വ. പ്രശാന്ത് ഭൂഷണാണ് എന്‍ജിഒയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. എന്നാല്‍ ഇത്തരത്തില്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കോടതിക്ക് പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് ദീപക് മിശ്ര, ശിവകീര്‍ത്തി സിങ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളാണിതെന്നും കോടതി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.