ചോറ്റാനിക്കര ദേവി ക്ഷേത്രത്തില്‍ ദര്‍ശന പുണ്യമായി മകം തൊഴല്‍

Tuesday 23 February 2016 10:48 pm IST

കൊച്ചി: പ്രസിദ്ധമായ മകം തൊഴാന്‍ ചോറ്റാനിക്കര ദേവിക്ഷേത്രത്തില്‍ വന്‍ ഭക്തജനതിരക്ക്. രാവിലെ മുതല്‍ പതിനായിരങ്ങളാണ് ദേവിയെ ദര്‍ശിക്കാന്‍ പ്രത്യേക നിരയില്‍ സ്ഥാനം പിടിച്ചത്. ദേവസ്വം ബോര്‍ഡും സന്നദ്ധസംഘടനകളും ദര്‍ശനത്തിന് എത്തിയവര്‍ക്ക് പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. വില്ല്വമംഗലം സ്വാമികള്‍ക്ക് ഉത്സവകാലത്ത് മകം നാളില്‍ ഉച്ചക്ക് 2ന് മിഥുനം ലഗ്നത്തില്‍ സര്‍വ്വാഭരണഭൂഷിതയായി ദേവിദര്‍ശനം നല്‍കിയതിനെ അനുസ്മരിച്ചാണ് മകം തൊഴല്‍. കന്യകമാര്‍ക്ക് ഇഷ്ടമാംഗല്യവും, സുമംഗലികള്‍ക്ക് നെടുമാംഗല്യവും, ഐശ്വര്യവും പ്രധാനം ചെയ്യുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ സ്ത്രീജനങ്ങളാണ് മകം തൊഴാന്‍ കൂടുതലായി എത്തിച്ചേരുന്നത്. രാവിലെ ഓണക്കുറ്റിചിറയില്‍ ദേവി ശാസ്താ സമേതനായി ആറാട്ട് നടത്തി വടക്കേ പൂരപറമ്പില്‍ ഏഴ് ഗജവീരന്മാരുടെ അകമ്പടിയോടെ വാദ്യമേളങ്ങളോടുകൂടി ക്ഷേത്രത്തില്‍ തിരിച്ച് എഴുന്നുള്ളിയ ശേഷമാണ് അലങ്കാരത്തിനായി നടയടച്ചത്. പ്രത്യേക തങ്കഗോളകചാര്‍ത്തി രത്‌നകിരീടം അരപ്പട്ട കൈപ്പട്ട അഞ്ചുതാലി, രുദ്രക്ഷമാല, സഹസ്രനാമമാല തുടങ്ങി ആഭരണങ്ങളും കേശാദിപാദം ചെത്തി, താമര, തുളസി പുഷ്പഹാരങ്ങളും പട്ടുടയാടയും ചാര്‍ത്തിയ ശേഷം മേല്‍ശാന്തി വെങ്കിട്ടന്‍ എമ്പ്രാന്തിരി ഉച്ചക്ക് 2ന് മകം തൊഴാന്‍ ശ്രീകോവില്‍ നട തുറന്നു. ഇതോടെ അന്തരീക്ഷം അമ്മേനാരായണ ദേവിനാരായണ വിളികളാല്‍ മുഖരിതമായി. രാത്രി 9 വരെ ദര്‍ശനം നീണ്ടു. മകംതൊഴാന്‍ ദേവസ്വം അധികൃതര്‍ വിപുലമായ സജ്ജികരണങ്ങളാണ് ഒരുക്കിയിരുന്നത്. തിരക്ക്‌നിയന്ത്രിക്കുന്നതിന് 800 പുരുഷ പോലീസുകാരും 200 വനിതാ പോലീസുകാരും ഉണ്ടായിരുന്നു. കൂടാതെ സേവാഭാരതി ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ സേവന നിരതരായി രംഗത്തുണ്ടായിരുന്നു. ക്യൂവില്‍ നിന്ന ഭക്തജനങ്ങള്‍ക്ക് സേവാഭാരതിയുടെ നേത്വത്തില്‍ ലഘുഭക്ഷണവും, കുടിവെള്ളവും വിതരണം ചെയ്തു. കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഭാസ്‌ക്കരന്‍നായര്‍, മെമ്പര്‍മാരായ ഇ.എന്‍.രാജന്‍, കെ.ഡി.ബാഹുലേയന്‍ സ്‌പെഷ്യല്‍ ദേവസ്വം കമ്മീഷണര്‍ കെ.ആര്‍.ഹരിദാസ് സെക്രട്ടറി പി.രാജലക്ഷ്മി, രാജേന്ദ്രപ്രസാദ്, അസി.കമ്മീഷണര്‍ കെ.ആര്‍.മനോജ്, കെ.ബിനുകുമാര്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഇന്ന് രാവിലെ 5.30ന് കച്ചേരിപറ കീഴക്കേചിറയ്ക്കല്‍ ആറാട്ട് എന്നിവക്ക് ശേഷം വലിയകിഴക്കാവില്‍ ഇറക്കിപൂജനടക്കും. രാത്രി വിവിധ ക്ഷേത്ര സാങ്കേതങ്ങളില്‍ നിന്ന് ഏഴുദേവീദേവന്മാര്‍ കുട്ടിഎഴുന്നുള്ളിക്കുന്നു. പൂരം പുറപ്പാട് നടക്കും. 25ന് രാവിലെ കൊടിയിറക്കിയതിനുശേഷം മുരിയമംഗലം നരസിംഹസ്വാമിക്ഷേത്രത്തില്‍ തിരിച്ചു വരും. വൈകീട്ട് 6ന് ദേവിശാസ്താസമേതയായി വലിയകീഴുക്കാവിലേക്കു എഴുന്നുള്ളത്തോടെ ക്ഷേത്രനട അടയ്ക്കും. പിറ്റേദിവസം രാവിലെ 6ന് മാത്രമേ നടതുറക്കു. അത്തം ദിവസം രാത്രി അത്തം ഗുരുതിയോടെ ഉത്സവം സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.