തുണയായത് 'ഉമ്മന്‍ചാണ്ടി പെര്‍മിറ്റ് ' കളക്ടര്‍ പൂട്ടിയ ക്വാറിക്ക് റവന്യൂവകുപ്പ് പെര്‍മിറ്റ് നല്‍കി

Saturday 20 May 2017 3:44 am IST

തിരുവനന്തപുരം: വനഭൂമിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന  കരിങ്കല്‍ ക്വാറി തുറന്നുപ്രവര്‍ത്തിക്കാന്‍  കളക്ടറുടെ ഉത്തരവിനെ മറികടന്ന്  സര്‍ക്കാര്‍ പെര്‍മിറ്റ് അനുവദിച്ചു. മലപ്പുറം കളക്ടര്‍ പൂട്ടിയ നിക്ഷിപ്ത വനഭൂമിയിലെ കരിങ്കല്‍ ക്വാറിക്കാണ് റവന്യുവകുപ്പിന്റെ അനുമതി. 2015 നവംമ്പര്‍ 11ലെ 'ഉമ്മന്‍ചാണ്ടി പെര്‍മിറ്റെ'ന്ന് വിളിപ്പേരുള്ള വിവാദ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2015 ന് സെപ്തംബര്‍ 9ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍എ പട്ടയഭൂമിയില്‍ ക്വാറിക്ക് അനുമതി നല്‍കുന്നതിന് റവന്യുവകുപ്പിനെ ചുമതലപ്പെടുത്തി ഉത്തരവിറക്കാന്‍ തീരുമാനിച്ചു. നവംമ്പര്‍ 11ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ഇതുസംബന്ധിച്ച ഉത്തരവിറക്കി. തൊട്ടുപിന്നാലെ 20ന് കളക്ടര്‍ക്ക് എടവണ്ണയിലെ ബിസ്മി ഗ്രാനേറ്റ് ഇന്‍ഡസ്ട്രീസിന്റെ നിരോധന ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ നിയമവിരുദ്ധ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍.പ്രതാപന്‍ എംഎല്‍എ  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചിരുന്നു. എംഎല്‍എയുടെ കത്തിന് പുല്ലുവില കല്‍പ്പിക്കാതെയാണ് റവന്യൂവകുപ്പ് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിക്ക് പെര്‍മിറ്റ് നല്‍കിയത്. ജനകീയ എതിര്‍പ്പിനെതുടര്‍ന്നാണ് ക്വാറിയുടെ മറവില്‍ നടക്കുന്ന അനധികൃത ഖനനം ജില്ലാഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2015 ജനുവരി 28ന് ക്വാറി നിര്‍ത്തിവെക്കാന്‍ ജില്ലാകളക്ടര്‍ ഉത്തരവ് നല്‍കി. വനഭൂമിയിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ ഇതിനെതിരെ ക്വാറി ഉടമ ഹൈക്കോടതിയെ സമീപിച്ചു. ഭൂമി ഏതു വകുപ്പിന്റെതാണെന്ന് തിട്ടപ്പെടുത്തണമെന്നും ക്വാറി ഉടമയുടെ വാദം കേട്ടശേഷം തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് റവന്യു, വനം വകുപ്പ് സംഘം നടത്തിയ സംയുക്ത പരിശോധനയിലും സര്‍വേയിലും എടവണ്ണ റേഞ്ച് പരിധിയില്‍പ്പെട്ട ചെക്കുന്നു മലവാരത്തിലെ വിഎഫ്‌സി ഐറ്റം നമ്പര്‍ 27ല്‍ ഉള്‍പ്പെട്ട കൃഷി ചെയ്യുന്നതിനായി പതിച്ചു നല്‍കിയ നിക്ഷിപ്ത വനഭൂമിയിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. ഇതോടെ ക്വാറിക്കെതിരെ വലിയ പ്രക്ഷോഭമുണ്ടായി. നിയമപരമായി എല്ലാ വഴികളും അടഞ്ഞ് പ്രദേശവാസികളും ക്വാറിക്ക് എതിരായതോടെയാണ് ഉമ്മന്‍ചാണ്ടി പെര്‍മിറ്റിന്റെ ബലത്തില്‍ റവന്യൂവകുപ്പ് ക്വാറി തുറന്നുപ്രവര്‍ത്തിക്കാന്‍ ഉത്തരവ് നല്‍കിയത്. നിയമങ്ങളെല്ലാം കാറ്റില്‍പറത്തി ക്വാറി മാഫിയക്ക് അനുകൂല ഉത്തരവ് നല്‍കിയത് കോടികള്‍ കോഴ വാങ്ങിയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.