നേപ്പാളില്‍ ചെറുവിമാനം തകര്‍ന്ന് 23 മരണം

Wednesday 24 February 2016 3:17 pm IST

കാഠ്മണ്ഡു: നേപ്പാളില്‍ ചെറുവിമാനം തകര്‍ന്ന് 23 പേര്‍ മരിച്ചു. ഇതില്‍ 20 പേര്‍ യാത്രക്കാരും മൂന്ന് പേര്‍ വിമാന ജോലിക്കാരുമാണ്. കാഠ്മണ്ഡുവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ പൊഖ്റയില്‍ നിന്ന് ജോംസോമിലേക്ക് പോവുകയായിരുന്ന വിമാനം മോശം കാലാവസ്ഥ മൂലം തകര്‍ന്ന് വീഴുകയായിരുന്നു. പ്രാദേശിക വിമാന കമ്പനിയായ താര എയര്‍ലൈന്‍സിന്‍റെ ട്വിന്‍ ഒട്ടെര്‍ വിമാനമാണ് തകര്‍ന്നത്. നേപ്പാള്‍ വ്യോമയാന മന്ത്രി ആനന്ദ പ്രസാദ് പൊഖ്റേല്‍ വാര്‍ത്ത സ്ഥിരീകരിച്ചു. എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന് താമസിയാതെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ട്രക്കിങിന് പ്രസിദ്ധമായ സ്ഥലമാണ് ജോംസോം. വെറും 18 മിനിറ്റ് ദൂരമാണ് വിമാനത്തിനു താണ്ടാനുണ്ടായിരുന്നത്. പറന്നുയര്‍ന്ന ചെറുയാത്രാവിമാനം കാണാതായി. രണ്ട് വിമാനത്താവളങ്ങള്‍ക്കിടയില്‍ എവിടെയും ലാന്‍ഡിങ് സ്ട്രിപ്പ് ഇല്ലാത്തതിനാല്‍ വിമാനം തകര്‍ന്നിരിക്കാനാണ് സാധ്യതയെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ മയ്ഗാഡിയുടെ പടിഞ്ഞാറന്‍ ജില്ലയില്‍ നിന്നും വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തു. ഇതിനു ചുറ്റും നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു. വിമാനത്തിന്റെ ഭാഗങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെങ്കിലും തിരിച്ചറിയാനായിട്ടില്ല. സ്ഥലത്ത് കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ അയച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.